
തിരുവനന്തപുരം: കേരളത്തിൽ അടുത്ത ദിവസങ്ങളിൽ തീവ്രമഴയ്ക്കു സാധ്യതയില്ലെന്ന് കാലാവസ്ഥാവകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം വടക്കുദിശയിൽ നീങ്ങുന്നതിനാൽ കേരളത്തിൽ സ്വാധീനമുണ്ടാകില്ല. അടുത്ത രണ്ടാഴ്ച അറബിക്കടലിലോ ബംഗാൾ ഉൾക്കടലിലോ ന്യൂനമർദങ്ങൾക്കു സാധ്യതയില്ലെന്നാണു കാലാവസ്ഥാ വിദഗ്ധരുടെ നിഗമനം. എന്നാൽ കണ്ണൂർ, മലപ്പുറം, എറണാകുളം, ആലപ്പുഴ, കാസർകോട്, വയനാട്, കോഴിക്കോട്, തൃശൂർ, ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ശക്തമായ മഴയ്ക്കു ഇന്നും സാധ്യത ഉണ്ട് .
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടിയായി ഉയർന്നു. ജലനിരപ്പ് 136 അടിയാകുമ്പോൾ തുറന്നുവിടണമെന്നാണ് കേരളത്തിൻ്റെ ആവശ്യം. ശബരിഗിരി പദ്ധതിയിൽ മഴ ശക്തമായതോടെ പമ്പാ ഡാമിൻ്റെ ആറു ഷട്ടറുകളും തുറന്നു. നേരത്തെ രണ്ടു ഷട്ടറുകൾ മാത്രമാണ് തുറന്നിരുന്നത്. വെള്ളം 985 മീറ്റർ എത്തുമ്പോൾ തുറക്കാനാണ് സെൻട്രൽ വാട്ടർ കമ്മിഷൻ നിർദേശിച്ചതെങ്കിലും 983.5 മീറ്റർ ആയപ്പോഴേക്കും വെള്ളം തുറന്നു വിടാൻ ദുരന്തനിവാരണ അതോറിറ്റി തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഞായറാഴ്ച ഉച്ചയ്ക്ക് ഡാം തുറന്നു. ആറ് ഷട്ടറുകളും രണ്ട് അടി വീതമാണ് ഉയർത്തിയത്. പമ്പാ നദിയിൽ 40 സെന്റിമീറ്റർ വെള്ളം ഉയരുമെന്നാണ് കണക്ക് കൂട്ടൽ. ആറന്മുളയിലും റാന്നിയിലും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയത്. നിലവിൽ പമ്പാ നദി കരയോടു ചേർന്നാണ് ഒഴുകുന്നത്. ഇരുകരകളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി.
ആലപ്പുഴയിൽ നദികൾ കരകവിഞ്ഞൊഴുകി. കുട്ടനാട്ടിൽ പാടശേഖരങ്ങളിൽ മടവീണ് നൂറുകണക്കിനു വീടുകൾ വെള്ളത്തിൽ. കുട്ടനാട് താലൂക്കിലെ എല്ലാ വില്ലേജുകളും ആലപ്പുഴ – ചങ്ങനാശേരി റോഡും വെള്ളത്തിലായി.
കോട്ടയത്ത് കാറിനൊപ്പം ഒഴുക്കിൽപെട്ട യുവാവ് മരിച്ചു. അങ്കമാലി മഞ്ഞപ്ര സ്വദേശി ജസ്റ്റിനാണു മരിച്ചത്. കോട്ടയം പാലമുറിയിൽ ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു അപകടം. മീനച്ചിലാർ കര കവിഞ്ഞു ഒഴുകുകയാണ്. അയ്മനം, മണർകാട്, അയർക്കുന്നം പ്രദേശങ്ങൾ വെള്ളത്തിലാണ്. തോരാതെ പെയ്യുന്ന മഴയിൽ ആലപ്പുഴയിലും കോട്ടയത്തും ജനജീവിതം നിശ്ചലമാണ്. കുട്ടനാടൻ പാടങ്ങളിൽ മടവീഴ്ച വ്യാപകമായതോടെ ഹെക്ടറ് കണക്കിന് നെൽകൃഷി നശിച്ചു.
സംസ്ഥാനത്ത് വിവിധ കാലവർഷ അപകടങ്ങളിൽ ഇന്നലെ നാല് പേരാണ് മരിച്ചത്. രണ്ട് പേരെ കാണാതായി. മലപ്പുറം കാളികാവിൽ വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു. നരിമടയ്ക്കൽ സവാദ് ആണ് മരിച്ചത്. കോട്ടയം മണർകാട് ഒലിച്ചു പോയ കാറിനുള്ളിൽ നിന്ന് ഡ്രൈവർ ജസ്റ്റിൻ്റെ മൃതദേഹം കണ്ടെത്തി. കാസർകോട് രാജപുരത്ത് പൂടംകല്ല് സ്വദേശി ശ്രീലക്ഷ്മിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ഇരിണാവ് പുഴയിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ചെറുപുഴശ്ശി രാഘവൻ ആണ് മരിച്ചത്. പത്തനംതിട്ട അച്ചൻകോവിലാറ്റിൽ പ്രമാടം സ്വദേശി രാജൻപിള്ളയെ കാണാതായി. ഭാരതപ്പുഴയിൽ ഷൊർണൂരിൽ യുവമോർച്ച മണ്ഡലം പ്രസിഡന്റ് പി ബി വിനായകിനെ കാണാതായി.
പ്രളയത്തിൻ്റെ ആശങ്കകൾക്കിടയിലും ആശ്വാസ വാർത്ത. പമ്പ ഡാമിലെ ജലനിരപ്പിൽ കുറവുണ്ടായതായി ജില്ലാ കളക്ടർ പിബി നൂഹ് പറഞ്ഞു. പമ്പ ഡാമിലെ ഷട്ടറുകൾ തുറന്നതിനു ശേഷം ജലനിരപ്പ് 55 സെ.മീറ്റർ കുറഞ്ഞിട്ടുണ്ട്. ഡാമിൻ്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ കുറവായതിനാൽ ഡാമിലേക്ക് വരുന്ന വെള്ളത്തിൻ്റെ അളവിലും കുറവു വന്നിട്ടുണ്ട്.