സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ എന്‍.ഐ.എ കോടതി തള്ളി

തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ തള്ളി. കൊച്ചിയിലെ എന്‍.ഐ.എ കോടതിയാണ് സ്വപ്നയുടെ അപേക്ഷ തള്ളിയത്. കേസില്‍ വിശദമായ വാദം കേട്ട ശേഷമാണ് കോടതി ജാമ്യം നിഷേധിച്ചത്. സ്വപ്‌നയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷനും ശക്തമായി എതിര്‍ത്തു.

സ്വപ്‌ന സ്വര്‍ണക്കടത്തില്‍ പങ്കാളിയാണെന്ന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. യു എ പി എ അനുസരിച്ചുള്ള കുറ്റമാണ്ചെയ്‌തെന്നും, ഈ സാഹചര്യത്തിൽ കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ജാമ്യേപക്ഷ തള്ളുന്നതെന്ന് കോടതി വ്യക്തമാക്കി. സ്വപ്നക്ക് ഉന്നതങ്ങളിൽ സ്വാധീനമുണ്ടെന്ന എന്‍.ഐ.എയുടെ വാദം കോടതി കണക്കിലെടുത്തിരുന്നു.അതേസമയം കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നാണ് സ്വപ്നയുടെ അഭിഭാഷകന്‍ വാദിച്ചത്. സ്വപ്‌നയുടെ ചില  മൊഴികളുമായി ബന്ധപ്പെട്ട രേഖകള്‍ മാത്രമാണ് എന്‍.ഐ.എയ്ക്കു ഹാജരാക്കാന്‍ സാധിച്ചതെന്നും മറ്റ് തെളിവുകളില്ലെന്നും വാദിച്ചിരുന്നു.