ഡോളർ കടത്തിനു പിന്നിൽ വമ്പൻ സ്രാവുകൾ’; ശിവശങ്കർ 7 ദിവസംകൂടി കസ്റ്റംസ് കസ്റ്റഡിയിൽ; കൂടുതൽ ഉന്നതർക്ക് പങ്കെന്ന് സ്വപ്ന.

കൊച്ചി: ഡോളര്‍ കടത്തിനു പിന്നില്‍ ശിവശങ്കർ ഉൾപ്പടെ വമ്പൻ സ്രാവുകളുണ്ടെന്നും ഇതിൽ അന്വേഷണം വേണമെന്നുമുള്ള അന്വേഷണ സംഘത്തിൻ്റെ ആവശ്യം പരിഗണിച്ചു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഏഴു ദിവസത്തേയ്ക്കു കൂടി കസ്റ്റംസ് കസ്റ്റഡിയിൽ വിട്ട് എറണാകുളം സിജെഎം കോടതി. സ്വർണക്കടത്ത് വിവരം ശിവശങ്കറിന് അറിയുമായിരുന്നെന്നും ഇദ്ദേഹത്തെ സംരക്ഷിക്കാനായിരുന്നു സ്വപ്ന ആദ്യം കള്ളമൊഴി നല്‍കിയതെന്നും കോടതിയെ ബോധ്യപ്പെടുത്താനായി. തിങ്കളാഴ്ച, ശിവശങ്കറിൻ്റെ കസ്റ്റഡി കാലാവധി അവസാനിച്ച പശ്ചാത്തലത്തിലായിരുന്നു കസ്റ്റംസ് വീണ്ടും കസ്റ്റഡി അപേക്ഷ സമർപ്പിച്ചത്.

അതിനിടെ ഡോളർ കടത്തുകേസിൽ കൂടുതൽ ഉന്നതരുണ്ടെന്നു സ്വപ്ന സുരേഷിൻ്റെ മൊഴി. സ്വാധീനമുള്ള ഉന്നതരാണെന്നും കോടതിയിൽ രഹസ്യമൊഴി നൽകാമെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി. ഡോളർ കടത്തിൽ ഇടപെട്ടവരിൽ പലരും ഉന്നത കേന്ദ്രങ്ങളിൽ സ്വാധീനമുള്ള വ്യക്തികളാണ്. ഡോളർ കടത്തു കേസുമായി ബന്ധപ്പെട്ട് സ്വപ്നയും, സരിതും നൽകിയ വിവരങ്ങൾ അതി ഗൗരവകരമെന്നാണ് കോടതിയുടെയും നിരീക്ഷണം. സ്വപ്ന, സരിത് എന്നിവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ എറണാകുളം എസിജെഎം കോടതിയിൽ കസ്റ്റംസ് സമർപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനിലേക്ക് ഇ ഡി ഉൾപ്പെടെയുള്ള ഏജൻസികളുടെ അന്വേഷണം നീളുമ്പോഴാണ് സ്വാധീനമുള്ള ഉന്നതരെ കുറിച്ചുള്ള വിവരങ്ങളും പുറത്തു വരുന്നത്.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിൻ്റെ മൊഴി ചോര്‍ന്നതു സംബന്ധിച്ച കേസിൻ്റെ അന്വേഷണം നിരീക്ഷണത്തിലായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. അന്വേഷണപുരോഗതി റിപ്പോര്‍ട്ട് ഓരോ മൂന്ന് മാസത്തിലും കോടതിയില്‍ സമര്‍പ്പിക്കാന്‍ കസ്റ്റംസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മൊഴി ചോര്‍ത്തിയ ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടിയെടുക്കാനും ഉത്തരവിട്ടിട്ടുണ്ട്. മൊഴി ചോര്‍ത്തിയ ഉദ്യോഗസ്ഥനെതിരെ കസ്റ്റംസ് ചീഫ് കമ്മിഷ്ണര്‍ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും നടപടിയെടുത്തതിന്റെ പ്രാഥമിക റിപ്പോര്‍ട്ട് വൈകാതെ കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വിശദമായ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ പിന്നീട് നല്‍കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.