ഒറ്റ പ്രാവശ്യം ചാർജ് ചെയ്താൽ 1210 കിലോമീറ്റർ റേഞ്ച് തരുന്ന ബാറ്ററിയുടെ പ്രോട്ടോടൈപ്പ് പുറത്തിറക്കി ‘അവർ നെക്സ്റ്റ് എനർജി’ (ONE) എന്ന അമേരിക്കൻ കമ്പനി. റീചാർജ് ചെയ്യാതെ തന്നെ 752 മൈൽ (1210 കിലോമീറ്റർ) വൈദ്യുത വാഹനത്തിന് ഊർജം നൽകുന്ന ഒരു പ്രൂഫ്-ഓഫ് കൺസെപ്റ്റ് ബാറ്ററി ആണ് കമ്പനി പ്രദർശിപ്പിച്ചത്. ഉയർന്ന സഞ്ചാര പരിധി മാത്രമല്ല, ഉയർന്ന വേഗത്തിലുള്ള ഡ്രൈവിങ്, പ്രതികൂല കാലാവസ്ഥ, റോഡ് സാഹചര്യങ്ങള്‍ എന്നിവ മൂലമുണ്ടാകുന്ന റേഞ്ച് നഷ്ടം ഇല്ലാതാക്കുകയും ചെയ്യുമെന്ന് പറയുന്നു.
കഴിഞ്ഞ വർഷം സ്ഥാപിതമായ കമ്പനി ജെമ്നി എന്ന് പേരിട്ടിരിക്കുന്ന ബാറ്ററി ഘടിപ്പിച്ച് ടെസ്‌ല മോഡൽ എസിൽ നടത്തിയ പരീക്ഷണയോട്ടത്തിൽ ഒറ്റ ചാർജിൽ 1419 കിലോമീറ്റർ ഓടിയെന്നാണ് വൺ പറയുന്നത്. ഡിസംബറിൽ നടന്ന പരീക്ഷണയോട്ടത്തിൽ ശരാശരി 88 കിലോമീറ്റർ വേഗത്തിലാണ് വാഹനം സഞ്ചരിച്ചതെന്നും വൺ പറയുന്നു. നിലവിലെ ബാറ്ററികളെക്കാൾ ഇരട്ടി കാര്യക്ഷമതയുള്ള ജമിനിയുടെ കൂടുതൽ പരീക്ഷണങ്ങൾ നടത്തിയതിന് ശേഷം അടുത്ത വർഷം പുറത്തിറക്കുമെന്നാണ് വൺ പറയുന്നത്.