ടി10 ക്രിക്കറ്റ് ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.

ടി10 ക്രിക്കറ്റ് ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.

സിഡ്നി: ന്യൂ സൗത്ത് വെയിൽസിലെ പ്രമുഖ സ്പോർട്ടിങ്ങ് ക്ലബ് ആയ വയോങ്ങ് വാരിയേഴ്സ് സംഘടിപ്പിക്കുന്ന ടി10 ക്രിക്കറ്റ് ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ജനുവരി 23 (ഞായറാഴ്ച)- യാണ് ടൂർണമെന്റ് തുടങ്ങുക. കഴിഞ്ഞ ആറു വർഷങ്ങളായി സിഡ്നി അടുത്തുള്ള സെൻട്രൽ കോസ്റ്റ് റീജിയണിൽ സംഘടിപ്പിക്കുന്ന പ്രീമിയർ ലീഗ് വളരെ പ്രസിദ്ധമാണ്. ഇത്തവണ ഒട്ടേറെ പുതുമകളോടെ ആണു ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. സിഡ്നിയിലെ ഏറ്റവും വലിയ സ്പോർട്സ് പാർക്ക് ആയ റ്റഗ്രാ റീജിയനൽ സ്പോർട്സ് കോംപ്ലക്സിൽ നാലു ടർഫ് വിക്കറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. ഇതിൽ ഫൈനലിനായി ഫ്ളഡ് ലൈറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 16 ടീമുകൾ മാറ്റുരക്കുന്ന ക്രിക്കറ്റ് കാർണിവലിൽ ഇന്ത്യ, ഓസ്ട്രേലിയ, നേപ്പാൾ, ശ്രീലങ്ക, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ കളിക്കാർ പങ്കെടുക്കും.

ടൂർണമെന്റിലെ വിജയികൾക്ക് ചാംപ്യൻ ട്രോഫിയും 2500 ഡോളറും സമ്മാനിക്കും. രണ്ടാം സ്ഥാനക്കാർക്ക് 1000 ഡോളറും ട്രോഫിയും ലഭിക്കുന്നതാണ്. കൂടാതെ ടൂർണമെന്റിലെയും ഫൈനലിലേയും മികച്ച കളിക്കാർക്കും പുരസ്കാരങ്ങൾ ഉണ്ടായിരിക്കുന്നതാണ്.കിങ്ങ്സ് ഗ്രോവ് സ്പോർട്സും (ഓസ്ട്രേലിയയിലെ പ്രമുഖ ക്രിക്കറ്റ് ഉത്പന്നങ്ങളുടെ വിതരണക്കാർ) മോർട്ടഗേജ്ബിസും (എബിൻ ജോസഫ് മുൻനിര മോർട്ടഗേജ് ബ്രോക്കർ, ഓസ്ട്രേലിയ) ചേർന്നാണ് ഇത്തവണ ടൂർണമെന്റ് സ്പോൺസർ ചെയ്തിരിക്കുന്നത്.

വയോങ് വാരിയൻസ് ചെയർമാൻ ജിൻസ് സെബാസ്റ്റ്യൻ, ഇവന്റ് കോഓർഡിനേറ്റർ ജെയ്ബി മാണി, മറ്റ് എക്സിക്യൂട്ടീവ്സ് അനിൽ അഗസ്റ്റിൻ, വിജിത് വിജയകുമാർ, ഡെന്നിസ് സിറിയക്, മനു സെബാസ്റ്റ്യൻ, സിനോജ് എബ്രഹാം, ബോണി കുരിയൻ എന്നിവരാണു ടൂർണമെന്റിനായി പ്രവർത്തിക്കുന്നത്. സെൻട്രൽ കോസ്റ്റിലെ മുന്നൂറോളം ഫാമിലികളുടെ സപ്പോർട്ടോടു കൂടിയാണു ക്ലബ് കഴിഞ്ഞ കുറെ വർഷങ്ങളായി പ്രവർത്തിക്കുന്നത്.