അമർ ജവാൻ ജ്യോതിക്ക് മാറ്റം; അമർ ജവാൻ ജ്യോതിയിലെ ജ്വാല യുദ്ധ സ്മാരകത്തിലെ ജ്വാലയുമായി ലയിപ്പിച്ചു.

അമർ ജവാൻ ജ്യോതിക്ക് മാറ്റം; അമർ ജവാൻ ജ്യോതിയിലെ ജ്വാല യുദ്ധ സ്മാരകത്തിലെ ജ്വാലയുമായി ലയിപ്പിച്ചു.

ന്യൂഡൽഹി: വീരമൃത്യു വരിച്ച സൈനികരുടെ നിത്യസ്മരണയ്ക്കായുള്ള ഇന്ത്യാഗേറ്റിലെ അണയാദീപം ‘അമർ ജവാൻ ജ്യോതി’ ഇനി കത്തുക സമീപത്തെ ദേശീയ യുദ്ധ സ്മാരകത്തിൽ. അമർ ജവാൻ ജ്യോതിയിൽ 50 വർഷമായി ജ്വലിച്ചിരുന്ന അഗ്നിനാളം ദേശീയ യുദ്ധസ്മാരകത്തിലെ ജ്വാലയിൽ ലയിച്ചു. ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് മേധാവി എയർ മാർഷൽ ബാലഭദ്ര രാധാകൃഷ്ണയാണു അമർ ജവാൻ ജ്യോതി ദേശീയ യുദ്ധസ്മാരകത്തിലെ ജ്യോതിയിൽ ലയിപ്പിച്ചത്. അമർ ജവാന് ജ്യോതി അണയ്‌ക്കുകയല്ലെന്നും ധീരജവാന്മാരുടെ സ്മരണയ്‌ക്കുള്ള അഗ്നിയുടെ ലയനമാണ് നടക്കുന്നതെന്നും കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.

ഒന്നാം ലോക യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ സ്മരണയിലാണു ബ്രിട്ടിഷുകാർ ഇന്ത്യാ ഗേറ്റ് (1931) നിർമിച്ചത്. 1971 -ലെ ബംഗ്ലദേശ് വിമോചന യുദ്ധം ജയിച്ചതിന്റെ സ്മരണയിലാണ് 1972 -ലെ റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ത്യാഗേറ്റിൽ അമർ ജവാൻ ജ്യോതി തെളിച്ചത്.

ഇന്ത്യാ ഗേറ്റ് പരിസരത്തെ പ്രിൻസസ് പാർക്കിൽ 40 ഏക്കറിൽ 2019 ഫെബ്രുവരി 25-നാണു ദേശീയ യുദ്ധസ്മാരകം സ്ഥാപിച്ചത്. മുൻപു റിപ്പബ്ലിക് ദിനം ഉൾപ്പെടെയുള്ള എല്ലാ സൈനിക ചടങ്ങുകളിലും ദീപം തെളിയിച്ചിരുന്നതു ഇന്ത്യാഗേറ്റിലെ അമർ ജവാൻ ജ്യോതിയിലായിരുന്നെങ്കിൽ യുദ്ധ സ്മാരകം വന്നതോടെ ചടങ്ങുകളെല്ലാം അവിടേക്കു മാറ്റി.