നേതാജിയുടെ ഹോളോഗ്രാം പ്രതിമ ഇന്ത്യാഗേറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു.

നേതാജിയുടെ ഹോളോഗ്രാം പ്രതിമ ഇന്ത്യാഗേറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു.

ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125–ാം ജന്മവാർഷികാഘോഷ സമാപനത്തിന്റെ ഭാഗമായി ഇന്ത്യാ ഗേറ്റിലെ കാനപ്പിയിൽ നേതാജിയുടെ ഹോളോഗ്രാം പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്തു. ഗ്രാനൈറ്റ് ശിലയില്‍ തീര്‍ത്ത പ്രതിമ സ്ഥാപിക്കുന്നതുവരെ നേതാജിയുടെ ഹോളോഗ്രാം പ്രതിമ ഇവിടെ തുടരും. 28 അടി ഉയരത്തിലും ആറ് അടി വീതിയിലും ഗ്രാനൈറ്റിലാണ് പ്രതിമ നിർമിക്കുന്നത്. ഇതിന്റെ നിർമാണം പൂർത്തിയാകുന്നതുവരെയാണ് അതേ സ്ഥലത്ത് ഹോളോഗ്രാം പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ തലകുനിക്കാന്‍ വിസമ്മതിച്ച ആളാണ് നേതാജി. അദ്ദേഹത്തിന്റെ പ്രതിമ ജനാധിപത്യ മൂല്യങ്ങള്‍ക്കും ഭാവി തലമുറകള്‍ക്കും പ്രചോദനമാകുമെന്ന് പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് നരേന്ദ്ര മോദി പറഞ്ഞു. ഇതൊരു ചരിത്ര സ്ഥലവും ചരിത്ര സന്ദര്‍ഭവുമാണ്. നേതാജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നമ്മള്‍ മുന്നോട്ടുപോകണമെന്നും മോദി പറഞ്ഞു.

‘സുഭാഷ് ചന്ദ്രബോസ് ആപ്ദ പ്രബന്ധൻ’ പുരസ്കാരങ്ങളും പ്രധാനമന്ത്രി ചടങ്ങിൽ സമ്മാനിച്ചു. ദുരന്ത നിവാരണ രംഗത്തു ശ്രദ്ധേയമായ ഇടപെടൽ നടത്തുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമാണു പുരസ്കാരം. ഗുജറാത്ത് ദുരന്ത നിവാരണ ഇൻസ്റ്റിറ്റ്യൂട്ട് (ജിഐഡിഎം), സിക്കിം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉപാധ്യക്ഷൻ വിനോദ് ശർമ എന്നിവർക്കാണ് ഈ വർഷത്തെ പുരസ്കാരങ്ങൾ. സ്ഥാപനങ്ങൾക്ക് 51 ലക്ഷം രൂപയും വ്യക്തികൾക്ക് 5 ലക്ഷം രൂപയുമാണു പുരസ്കാരം.