കാൻബെറ: ഓസ്‌ട്രേലിയുടെ ദേശീയദിനത്തിൽ ഇന്ത്യയ്‌ക്ക് റിപ്പബ്ലിക് ദിനാശംസ നേർന്ന് പ്രധാനമന്ത്രി സകോട്ട് മോറിസൺ. ഇന്ത്യയുമായി അടുത്ത സൗഹൃദമാണുള്ളത്. ഇന്ന് ഓസ്‌ട്രേലിയുടെ ദേശീയദിനവുമാണ്. ഈ വേളയിൽ തന്റെ നല്ല സുഹൃത്തായ നരേന്ദ്രമോദിയ്‌ക്കും എല്ലാ ഇന്ത്യക്കാർക്കും റിപ്പബ്ലിക് ദിനാശംസ നേരുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഹിന്ദിയിലും അദ്ദേഹം ആശംസ നേർന്നിട്ടുണ്ട്. ദോസ്തി ഹാഷ് ടാഗിലാണ് ആശംസ കുറിച്ചത്.
ലോകമെമ്പാടുമുള്ള ഭാരതീയർക്ക് റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് അമേരിക്ക. യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റേറ്റും, വൈറ്റ് ഹൗസും ട്വിറ്ററിലൂടെ ഇന്ത്യയ്‌ക്ക് ആശംസകൾ അറിയിച്ചത്. ‘ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ റിപ്പബ്ലിക് ദിനം ഊർജ്ജസ്വലമായി ആഘോഷിക്കുന്നു. ഇരു രാഷ്‌ട്രങ്ങളുടെയും ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചും, വാഷിംഗ്ടൺ-ന്യൂഡൽഹി തന്ത്രപരമായ പങ്കാളിത്തത്തിന്റെ ശക്തിയെക്കുറിച്ചും യുഎസ് ഈ ദിനത്തിൽ ഓർമ്മിക്കുന്നു’ യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ട്വിറ്ററിൽ കുറിച്ചു. ഇതിന് പുറമെ, ഇന്ത്യയ്‌ക്ക് റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് വൈറ്റ് ഹൗസും ട്വീറ്റ് ചെയ്തു.
‘ജനാധിപത്യ മൂലങ്ങളെ ഉയർത്തിപ്പിടിക്കാനായി ഇന്ത്യയും അമേരിക്കയും നടത്തുന്ന ശക്തിയേറിയ പ്രവർത്തനങ്ങൾ വളരെ വലുതാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം അവർണനീയമാണ്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയ്‌ക്ക് ഞങ്ങൾ എല്ലാ വിധ ആശംസകളും നേരുന്നു’ വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി ജൻ സാക്കി പറഞ്ഞു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ഭാരതത്തിന് റിപ്പബ്ലിക് ദിനാശംസകൾ നേർന്നു. ‘വിവിധതരം സംസ്‌കാരങ്ങൾക്കൊണ്ടും, പൈതൃകങ്ങൾക്കൊണ്ടും സമ്പന്നമാണ് ഇന്ത്യ. പല തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയും ബ്രിട്ടനും തമ്മിൽ ദീർഘകാലത്തെ ബന്ധമാണുള്ളത്. പല കാര്യങ്ങളിലും ഇന്ത്യയെ മറ്റ് ലോകരാജ്യങ്ങൾക്ക് മാതൃകയാക്കാം’ ബോറിസ് ജോൺസൺ പറഞ്ഞു.
റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തിന് ആദരവുമായി ഗൂഗിളും. രാജ്പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ ഘടകങ്ങൾ പ്രദർശിപ്പിക്കുന്ന പ്രത്യേക ഡൂഡിൽ നിർമ്മിച്ചാണ് ഗൂഗിൾ രാജ്യത്തിന് ആദരവർപ്പിച്ചത്. റിപ്പബ്ലിക് ദിന പരേഡിൽ ഉൾപ്പെടുത്താറുള്ള ആന, കുതിര, ശ്വാനൻ, ഒട്ടകം എന്നീ മൃഗങ്ങളും, ഭാരതത്തിന്റെ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും പ്രതീകമായി തബലയും, പരേഡ് നടക്കാറുള്ള പാതയും, പരേഡ് ബാന്റിലുള്ള സാക്‌സോഫോണും, സമാദാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവുകളും, ത്രിവർണ പതാകയും ഉൾപ്പെടുന്നതാണ് ഡൂഡിൽ.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23-ന് ആരംഭിച്ച റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഒരാഴ്ച നീണ്ടുനിൽക്കും. ഈ മാസം 29-ന് വിജയ് ചൗക്കിലെ ബീറ്റിംഗ് ദി റിട്രീറ്റോടുകൂടി ആഘോഷങ്ങൾ അവസാനിക്കും.