യുക്രെയ്‌നിലെ റഷ്യൻ അധിനിവേശം ലോകത്തെ മാറ്റിമറിക്കും: യുഎസ് പ്രസിഡന്റ്

വാഷിങ്ടൺ: റഷ്യ ഉക്രൈനിൽ അധിനിവേശം നടത്തിയാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, അത് ലോകത്തിന്റെ ഗതി തന്നെ മാറ്റിമറിക്കും. ഉക്രൈനെ ആക്രമിക്കരുതെന്ന് യു.എസ് അടക്കമുള്ള രാഷ്ട്രങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, അപ്രതീക്ഷിതമായി ഒരു അഭിനിവേശം ഉക്രൈനെ നേരിടേണ്ടി വരികയാണെങ്കിൽ, അത് നേരിടാനുള്ള എല്ലാ സജ്ജീകരണങ്ങളും എല്ലാ യൂറോപ്യൻ രാഷ്ട്രങ്ങളും ചെയ്തിട്ടുണ്ടെന്നും ബൈഡൻ ചൂണ്ടിക്കാട്ടി. ഉക്രൈന് യുദ്ധോപകരണങ്ങൾ അടക്കം ഒന്നിന്റെയും ക്ഷാമം നേരിടേണ്ടി വരില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

യുക്രെയ്ൻ വിഷയത്തില്‍ റഷ്യയ്ക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ താക്കീതു നൽകിയതിനു പിന്നാലെയാണ് ബൈഡന്റെ പ്രഖ്യാപനം. നാറ്റോയിലെ ഏതെങ്കിലും രാജ്യത്തിന് പ്രശ്നമുണ്ടായാൽ രക്ഷയ്ക്കായി നാറ്റോ എത്തുമെന്നും ആശങ്ക വേണ്ടെന്നും ബൈഡൻ കൂട്ടിച്ചേർത്തു. നിലവിൽ യുഎസ് സൈന്യത്തെ യുക്രെയ്നിൽ അയയ്ക്കാന്‍ പദ്ധതിയില്ലെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. അതേസമയം, യുക്രെയ്ൻ ആക്രമിക്കുമെന്ന വാർത്തകള്‍ റഷ്യ നിരസിച്ചു. യുഎസും പാശ്ചാത്യ രാജ്യങ്ങളുമാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നും റഷ്യ ആരോപിച്ചു. ആക്രമണ നീക്കമില്ലെന്ന് റഷ്യ ആവർത്തിക്കുമ്പോഴും യുക്രെയ്നിന്റെ അതിർത്തികളിൽ വൻ സൈനിക വിന്യാസമാണു റഷ്യ നടത്തിയിട്ടുള്ളത്. ഒരു ലക്ഷത്തോളം റഷ്യൻ സൈനികർ യുക്രെയ്നിന്റെ മൂന്ന് അതിർത്തികളിലും സജ്ജരാണ്. ടാങ്കുകളും മിസൈലുകളും യുദ്ധസാമഗ്രികളും വിന്യസിച്ചുകഴിഞ്ഞു.

1917 -ൽ സോവിയറ്റ് യൂണിയൻ രൂപീകരിച്ചപ്പോൾ അതിന്റെ ഭാഗമായ ആദ്യ റിപ്പബ്ലിക്കുകളിലൊന്ന് യുക്രെയ്ൻ ആണ്. സോവിയറ്റ് റിപ്പബ്ലിക്കുകളിൽ വലുപ്പം കൊണ്ടു മൂന്നാമതും. 1991 -ൽ സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ യുക്രെയ്ൻ സ്വതന്ത്ര രാജ്യമായി. 2014-ൽ റഷ്യ അനുകൂലിയായ പ്രസിഡന്റ് സ്ഥാനഭ്രഷ്ടനായതു മുതൽ റഷ്യയുമായി ബന്ധം വഷളായി. പിന്നാലെ യുക്രെയ്ൻ ആക്രമിച്ച്, ക്രൈമിയ പിടിച്ചെടുത്തു റഷ്യയോടു കൂടിച്ചേർക്കുകയും ചെയ്തു. 2014-ൽ അപ്രതീക്ഷിതമായാണു റഷ്യയുടെ സൈനിക നടപടിയുണ്ടായത്. സമാനമായ ഒരു കടന്നുകയറ്റം ഈ മാസം തന്നെ സംഭവിച്ചേക്കുമെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്.

റഷ്യ യുക്രെയ്നെ ആക്രമിക്കുമെന്ന ഭീതിയിൽ കിഴക്കൻ യൂറോപ്പ്; സേനയെ സജ്ജമാക്കി നാറ്റോ.