തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനുകൾക്ക് സമാന്തരമായി കെ.എസ്.ആർ.ടി.സി വിഭാവനം ചെയ്ത പുതിയ ‘ബിസിനസ് ക്ലാസ്’ ആഡംബര ബസ് സർവീസുകൾ അടുത്തയാഴ്ച മുതൽ ആരംഭിക്കും. വിമാനയാത്രയ്ക്ക് സമാനമായ സൗകര്യങ്ങളോടെ എത്തുന്ന ഈ സർവീസ് കേരളത്തിലെ പൊതുഗതാഗത രംഗത്ത് പുതിയൊരു മാറ്റത്തിനാണ് തുടക്കമിടുന്നത്.
കേരളത്തിൽ ആദ്യമായി ബസ്സുകളിൽ യാത്രക്കാരെ സഹായിക്കാനായി ‘ബസ് ഹോസ്റ്റസു’മാരുടെ സേവനം ലഭ്യമാകും. ടിക്കറ്റ് പരിശോധനയ്ക്കും ലഘുഭക്ഷണം വിളമ്പുന്നതിനുമായിട്ടായിരിക്കും ഇവരുടെ സേവനം.ബസ്സിനുള്ളിൽ തന്നെ പാൻട്രി സംവിധാനവും ടോയ്ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. വോൾവോ ബസ്സുകളാണ് ഈ സർവീസിനായി ഉപയോഗിക്കുന്നത്.
വന്ദേഭാരത് ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടുപിന്നാലെ പുലർച്ചെ 5:15-ന് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കും തിരിച്ചും സർവീസുകൾ ഉണ്ടാകും. രാവിലെ 10 മണിക്ക് മുൻപ് ലക്ഷ്യസ്ഥാനത്ത് എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.യാത്ര സമയം കുറയ്ക്കുന്നതിനായി കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ മാത്രമായിരിക്കും സ്റ്റോപ്പുകൾ അനുവദിക്കുക. എല്ലാ യാത്രക്കാരും എറണാകുളത്തേക്കാണെങ്കിൽ ഈ സ്റ്റോപ്പുകളും ഒഴിവാക്കി നോൺ-സ്റ്റോപ്പ് സർവീസ് ആയി നടത്താനും പദ്ധതിയുണ്ട്.
ടിക്കറ്റുകൾ നേരത്തെ റിസർവ് ചെയ്യാനുള്ള സൗകര്യമുണ്ടാകും. ലഘുഭക്ഷണത്തിനുള്ള തുക ടിക്കറ്റ് നിരക്കിനൊപ്പം നൽകേണ്ടി വരും.ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നേരത്തെ പ്രഖ്യാപിച്ച ഈ പദ്ധതി, പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം-എറണാകുളം റൂട്ടിലാണ് ആദ്യം നടപ്പിലാക്കുന്നത്. ട്രെയിൻ യാത്രയെക്കാൾ കുറഞ്ഞ ചെലവിൽ ആഡംബര യാത്ര ഉറപ്പാക്കുകയാണ് കെ.എസ്.ആർ.ടി.സിയുടെ ലക്ഷ്യം.

