
വരാനിരിക്കുന്ന തിരുവോണത്തിന്റെ മുന്നറിയിപ്പുമായി ഗതകാലസ്മൃതികളുണർത്തി എത്തുന്ന പിള്ളേരോണമാണ് ഇന്ന് (Aug 02, 2023). കുഞ്ഞോണത്തിന് പണ്ടൊക്കെ പൊന്നോണത്തിന്റെ പകിട്ടുണ്ടായിരുന്നു. കർക്കിടകത്തിലെ പിള്ളേരോണം മുതലായിരുന്നു അന്നൊക്കെ ചിങ്ങത്തിലെ ഓണാഘോഷത്തിന്റെ കേളികൊട്ട്. ചിങ്ങമാസത്തിലെ തിരുവോണം പോലെ തന്നെ മലയാളിക്ക് പ്രിയപ്പെട്ട ഒന്നാണ് കര്‍ക്കടക മാസത്തിലെ തിരുവോണവും. ചിങ്ങത്തിലെ തിരുവോണത്തിന് 27 ദിവസം മുമ്പ് കര്‍ക്കടകത്തിലെ തിരുവോണ നാളിലാണ് പിള്ളേരോണം ആഘോഷിക്കുന്നത്. തൂശനിലയിൽ പരിപ്പും പപ്പടവും തുടങ്ങി എല്ലാ വിഭവങ്ങളുമുള്ള അടിപൊളി സദ്യയോടെയാണ് പണ്ടൊക്കെ ഈ ദിനം ആഘോഷിച്ചിരുന്നത്. ഓണത്തിന്റെ ഒരുക്കം ഈ ദിനം മുതലാണ്. ചിങ്ങത്തിലെ തിരുവോണം മഹാബലിയെ വരവേൽക്കാൻ ആണെങ്കിൽ കർക്കിടകത്തിലെ പിള്ളേരോണം വാമനന്റെതാണെന്നാണ് വിശ്വാസം.
ഓണത്തിന്റെ ചിട്ടവട്ടങ്ങളോടെ പിള്ളേരോണം ആഘോഷിച്ചിരുന്നത് പ്രായംചെന്നവരുടെ മനസ്സിൽ ഇന്നും നിറംമങ്ങാതെയുണ്ട്. പിള്ളേരോണത്തിന് കുട്ടികളെ കോടി ഉടുപ്പിക്കും. മുറ്റത്തെ മാവിൻകൊമ്പിൽ ഊഞ്ഞാലിടും. തൊടിയിലെ പൂക്കളിറുത്ത് ചെറിയ പൂക്കളമെഴുതും. കൂട്ടുചേർന്നുള്ള കളികളും കുട്ടികൾക്കായി വിഭവസമൃദ്ധമായ സദ്യയുമുണ്ടാകും.
കുട്ടികളുടെ ഓണമായ കർക്കടകത്തിലെ പിള്ളേരോണം ആവണിയവിട്ടം എന്നും അറിയപ്പെടുന്നു. ഈ ദിവസം ആണ് ആചാര വിധിപ്രകാരം ബ്രാഹ്മണർ പൂണൂൽ മാറ്റുന്നത്. ബ്രാഹ്‌മണ മഠങ്ങളിലും ക്ഷേത്രങ്ങളിലും അന്നേദിവസം പൂണൂൽമാറ്റ ചടങ്ങുകളുണ്ടാവും.
ഓണത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള പിള്ളേരോണം ഗൃഹാതുരത്വമുണർത്തുന്ന ഒന്നാണ്. അതിൽ പുതു തലമുറയെയും ഭാഗമാക്കുക.