ചിങ്ങപ്പിറവിയിൽ പ്രതീക്ഷയോടെ മലയാളി.

ചിങ്ങപ്പിറവിയിൽ പ്രതീക്ഷയോടെ മലയാളി.

മലയാളികളുടെ പുതുവര്‍ഷദിനമാണ് ചിങ്ങം ഒന്ന്. ഇന്ന് ഓഗസ്റ്റ് 17 (ശനി) ആണ് ചിങ്ങം ഒന്ന്. മലയാളം കലണ്ടര്‍ പ്രകാരം കൊല്ലവര്‍ഷം 1200 പിറന്നു. പഞ്ഞ കര്‍ക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയും ഐശ്വര്യവും നിറയുന്ന ദിനങ്ങളാണ് മലയാളിക്ക്. കാര്‍ഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റെയും ഗൃഹാതുര സ്മരണകളുണർത്തിയാണ് ഓരോ ചിങ്ങമാസവും എത്തുന്നത്. കൊല്ല വർഷത്തെ ആദ്യ മാസമാണ് ചിങ്ങം. ചിങ്ങ മാസത്തെ മലയാള ഭാഷ മാസം എന്നും അറിയപ്പെടും. കേരളീയർക്ക് ചിങ്ങം ഒന്ന് കർഷക ദിനം കൂടിയാണ്. കള്ളകര്‍ക്കടകത്തിൽ മാറോട് ചേര്‍ത്ത് വെച്ച വിളകള്‍ ചിങ്ങപ്പുലരിയിൽ കൊയ്യാൻ ഒരുങ്ങുകയാണ് കര്‍ഷകർ. വിളഞ്ഞ് നിൽക്കുന്ന നെല്ല് കതിരുകൾ ഇനിയും നമ്മുടെ കണ്ണിന് കുളിർമ്മ നൽകട്ടെ.

പൊതുവേ ഇംഗ്ലിഷ് കലണ്ടർ നോക്കിയാണ് നമ്മൾ തീയതികൾ പറയാറുള്ളതെങ്കിലും കൊല്ലവർഷം അഥവാ മലയാള വർഷം കേരളീയർക്ക് പല കാര്യങ്ങളിലും പ്രധാനപ്പെട്ടതാണ്. മംഗളകർമങ്ങൾക്കു മുഹൂർത്തം തീരുമാനിക്കാനും മരണാനന്തരക്രിയകൾ നടത്താനും പിറന്നാൾ ആഘോഷിക്കാനും തുടങ്ങി നിത്യജീവിതത്തിൽ കൊല്ലവർഷത്തെ ആധാരമാക്കി മലയാളികൾ പല കാര്യങ്ങളും ചെയ്യുന്നുണ്ട്. സൂര്യനെ ആശ്രയിച്ചുള്ള കൊല്ലവര്‍ഷ കലണ്ടര്‍ ഉണ്ടായത് ക്രിസ്തുവര്‍ഷം 825 ല്‍ ആണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം എന്നിങ്ങനെ 28 മുതൽ 32 വരെ ദിവസങ്ങൾ ഉണ്ടാകാവുന്ന പന്ത്രണ്ട്‌ മാസങ്ങളായാണ്‌ കൊല്ലവർഷത്തെ തിരിച്ചിരിക്കുന്നത്‌. സൗരരാശികളുടെ പേരുകളാണിവ. ഓരോ മാസത്തിലും സൂര്യൻ അതത്‌ രാശിയിൽ പ്രവേശിച്ച്‌ സഞ്ചരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണു് ഇത്. ഗ്രിഗോറിയൻ കാലഗണനാരീതി ആണ്‌ പൊതുവേ ഇന്ന് കേരളത്തിൽ പിന്തുടരുന്നതെങ്കിലും ഹിന്ദുക്കൾ സുപ്രധാനകാര്യങ്ങൾക്കു ഇപ്പോഴും കൊല്ലവർഷത്തെ അടിസ്ഥാനമാക്കിയാണു നാളുകൾ നിശ്ചയിക്കുന്നത്.

സെപ്റ്റംബര്‍ ആറിനാണ് ഇത്തവണ ചിങ്ങ മാസത്തിലെ അത്തം നാള്‍. സെപ്റ്റംബര്‍ 15 ഞായറാഴ്ചയാണ് തിരുവോണം. ചിങ്ങം പുലരുന്നത് മുതൽ മാവേലിത്തമ്പുരാനെ വരവേൽക്കാൻ മലയാളിയും മലയാള മണ്ണും ഒരുങ്ങും. പൂക്കളത്തിന് ശോഭ പകരാൻ തുമ്പയും മുക്കുറ്റിയും പൂക്കുന്നകാലം. സെപ്റ്റംബർ 14 -ന് ഉത്രാടവും സെപ്റ്റംബർ 15 -ന് തിരുവോണവുമാണ്. സെപ്റ്റംബർ 16 -ന് മൂന്നാം ഓണവുംസെപ്റ്റംബർ 17 -ന് നാലാം ഓണവും ആഘോഷിക്കും വരെ ആ ആവേശം അങ്ങനെ നീളും.

ആഘോഷങ്ങൾക്ക് ഏറ്റവും ഉചിതമായ മാസമായും ചിങ്ങ മാസത്തെ കണക്കാക്കുന്നു. ഈ മാസമാണ് പൊതുവേ കല്യാണങ്ങൾക്കും ​​ഗൃഹപ്രവേശനത്തിനുമൊക്കെ തിരഞ്ഞെടുക്കുന്നത്. പുതിയ സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിനും ചിങ്ങം വരാൻ കാത്തിരിക്കുന്നവരുണ്ട്. മലയാളം കലണ്ടറിലെ ആദ്യ മാസമാണ് ചിങ്ങ മാസം. പ്രതീക്ഷയുടെ ചിങ്ങപ്പുലരിയിലേക്ക് മലയാളി കൺതുറക്കുമ്പോൾ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു പുതുവർഷം പുലരട്ടെ.

എല്ലാ മലയാളീപാത്രം വായനക്കാർക്കും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റേയും പുതുവത്സരാശംസകള്‍