ഭക്തിയുടെ ദീപ പ്രഭയില്‍ ഇന്ന് വിജയദശമി ആഘോഷിക്കുന്നു.

ഭക്തിയുടെ ദീപ പ്രഭയില്‍ ഇന്ന് രാജ്യമൊട്ടാകെ വിജയ ദശമി ആഘോഷിക്കുന്നു.

ഇന്ന് വിജയ ദശമി. നവരാത്രി നാളുകളില്‍ ഏറെ പ്രാധാന്യമുള്ള ദിവസമാണ് വിജയദശമി. ഈ ദിവസം ദസ്സറയായും ആഘോഷിക്കുന്നു. കേരളത്തില്‍ ഈ ദിവസം സരസ്വതീദേവിയുമായി ബന്ധപ്പെട്ട ദിനമാണ്. കേരളത്തില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് കടക്കുന്ന ദിനമാണ് വിജയദശമി. ദശരാത്രികളില്‍ ആഘോഷിക്കുന്ന ഉത്സവമായതിനാലാണ് ഈ ദിവസത്തിന് ദസറ എന്ന പേരുവന്നത്. ക്ഷേത്രങ്ങൾ, സാംസ്‌കാരിക സ്ഥാപനങ്ങൾ, സ്വകാര്യസ്ഥലങ്ങൾ എന്നിവിടങ്ങളിൽ എഴുത്തിനിരുത്തൽ ചടങ്ങ്‌ നടക്കും. വിജയദശമിദിവസം കുട്ടികളെ ഗുരുനാഥന്‍ മടിയിലിരുത്തി ‘ഹരിഃശ്രീ ഗണപതയേ നമഃ എന്നു കൈവിരല്‍ കൊണ്ട് എഴുതിക്കുന്നതാണ് എഴുത്തിനിരുത്തലിലെ പ്രധാന ചടങ്ങ്.

വിജയദശമി അല്ലെങ്കില്‍ ദസറ, തിന്മയുടെ മേല്‍ നന്മയുടെ വിജയത്തിന്റെ ആഘോഷമാണ്. സന്തോഷകരമായ പ്രവൃത്തികളുടെ തുടക്കമായും ഈ ദിവസം പ്രാധാന്യമര്‍ഹിക്കുന്നു. ലങ്കാധിപതിയായ രാവണനെ ശ്രീരാമന്‍ തോല്‍പ്പിച്ചതുമായി ബന്ധപ്പെട്ടും മഹിഷാസുരന്‍ എന്ന രാവണനെ ദുര്‍ഗാദേവി വധിച്ചതുമായി ബന്ധപ്പെട്ടുമൊക്കെ ഈ ദിവസത്തിന് ഐതിഹ്യമുണ്ട്. കര്‍ണാടകത്തില്‍ ആഹ്‌ളാദപൂര്‍വ്വം ഭക്തര്‍ ദസറ ആഘോഷിക്കുമ്പോള്‍ കേരളത്തില്‍ ഈ ദിവസം സരസ്വതീദേവിയുമായി ബന്ധപ്പെട്ട ദിനമാണ്.

വിജയ ദശമിയുടെ ഭാഗമായുള്ള ഹരിശ്രീ കുറിക്കൽ മൂകാംബികയിൽ പുലർച്ചെ 4 മണിക്ക് ആരംഭിക്കും. പതിനായിരക്കണക്കിന് കുട്ടികളാണ് ഹരിശ്രീ കുറിക്കുന്നതിന് ദേവി സന്നിധിയിൽ എത്തി ചേരുക. ഭാരതീയരുടെ പരിപാവനമായ ചടങ്ങുകളിലൊന്നാണ് വിദ്യാരംഭം. നവരാത്രി പൂജയുടെ അവസാന ദിവസമായ ദശമി ദിനത്തിൽ വിദ്യാ ദേവതയായ സരസ്വതിയുടെ സന്നിധാനത്തിൽ ഒരു ആചാര്യന്റെ കീഴിൽ വിദ്യ പരിശീലിച്ച് തുടങ്ങുന്ന ചടങ്ങാണിത്. കൂടാതെ കർമ രംഗത്തെ ഉയർച്ചയ്‌ക്കായി ആയുധപൂജ നടത്തുന്നതും പതിവാണ്. വിദ്യയും അറിവും കഴിവും മെച്ചപ്പെടുന്നതിന് ദേവീ പ്രീതി നേടാനായി ഈ ദിവസങ്ങളിൽ പുസ്തകങ്ങളും ജോലിയ്‌ക്ക് ആവശ്യമായ ആയുധങ്ങൾ പൂജിയ്‌ക്കുന്നതുമായ രീതി വിശ്വാസികൾ അനുഷ്ടിച്ചു പോരുന്നു. കൂടാതെ മഹാനവമി ദിനത്തിൽ പൂജയ്‌ക്കായി സമർപ്പിച്ച പുസ്തകങ്ങളും ആയുധങ്ങളും വിജയദശമി ദിനത്തിലെ പൂജയ്‌ക്ക് ശേഷമാണ് തിരിച്ചെടുക്കുന്നത്. പൂജ കഴിഞ്ഞ് എടുത്ത പുസ്തകങ്ങളും ആയുധങ്ങളും അല്പ നേരമെങ്കിലും പ്രാർഥനാപൂർവ്വം ഉപയോഗിക്കണമെന്നാണ് വിശ്വാസം.