ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘അദ്ദേഹവുമായി ഇടപെട്ട നിമിഷങ്ങൾ ഞാൻ ഓർത്തെടുക്കുന്നു, പ്രത്യേകിച്ച് ഞങ്ങൾ രണ്ടു പേരും രണ്ടു സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരായി സേവനമനുഷ്ഠിച്ച കാലത്തും പിന്നീട് ഡൽഹിയിലേക്ക് മാറിയപ്പോഴുമുള്ളത്. ഈ വിഷമഘട്ടത്തിൽ ഞാൻ അദ്ദേഹത്തിന്റെ കുടുംബത്തിനും ബന്ധുക്കൾക്കുമൊപ്പമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു’– ഉമ്മൻചാണ്ടിയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് മോദി ട്വീറ്റ് ചെയ്തു.
കേരളരാഷ്ട്രീയത്തിലെ തലമുതിർന്ന നേതാവ് ഉമ്മൻചാണ്ടിയുടെ വിടവാങ്ങലിന്റെ വേദനയിലാണ് രാഷ്ട്രീയ കേരളം. മുൻ മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി കേരളത്തിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു.
മുൻമന്ത്രി ടി.ജോണിന്റെ ബെംഗളൂരുവിലെ വസതിയിൽ പൊതുദർശനത്തിന് വച്ച ഉമ്മൻചാണ്ടിയുടെ ഭൗതികശരീരത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.
കേരളത്തിലെ ജനങ്ങൾക്കുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ മരണമെന്ന് എ കെ ആന്റണി. തന്റെ പൊതുജീവിതത്തിൽ ഏറ്റവും വലിയ നഷ്ടമാണ് ഉമ്മൻചാണ്ടിയുടെ വിയോഗം. തന്റെ കുടുംബ ജീവിതത്തിന് കാരണക്കാരനും ഉമ്മൻചാണ്ടിയാണെന്നും ആന്റണി പറഞ്ഞു. ഉമ്മൻചാണ്ടി കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവാണ്. ഊണിലും ഉറക്കത്തിലും ജനങ്ങളെ സഹായിക്കൽ ആയിരുന്നു ലക്ഷ്യം. സഹായം തേടിവരുന്നവരെ നിരാശരാക്കിയില്ല. കേരളത്തിലെ വികസനത്തിന് ഏറ്റവും കൂടുതൽ സംഭാവന ചെയ്ത ഭരണാധികാരിയാണ്. ഞങ്ങൾക്കിടയിൽ രഹസ്യങ്ങൾ ഉണ്ടായിരുന്നില്ല. ഹൃദയംകൊണ്ട് സംസാരിച്ചിരുന്ന സുഹൃത്തായിരുന്നു ഉമ്മൻചാണ്ടി. എന്റെ ഏറ്റവും വലിയ സ്വകാര്യ ദുഃഖമാണ് ഉമ്മൻചാണ്ടിയുടെ മരണമെന്നും ആന്റണി കൂട്ടിച്ചേർത്തു.
പൊതുജീവിതത്തിൽ ഒരേ കാലത്ത് സഞ്ചരിച്ച ഉമ്മൻചാണ്ടിയുടെ വിട പറയൽ അതീവ ദുഃഖകരമാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തിൽ ഇഴുകിച്ചേർന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മൻചാണ്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരേ വർഷമാണ് തങ്ങൾ ഇരുവരും നിയമസഭയിൽ എത്തിയത്. ഒരേ ഘട്ടത്തിലാണ് വിദ്യാർത്ഥി ജീവിതത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയത്. പൊതുജീവിതത്തിൽ ഒരേ കാലത്ത് സഞ്ചരിച്ച അദ്ദേഹത്തിന്റെ വിട പറയൽ അതീവ ദുഃഖകരമാണ്. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തിൽ ഇഴുകിച്ചേർന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മൻചാണ്ടിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. ഉമ്മൻചാണ്ടിയുടെ വേർപാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ്. ഉമ്മൻചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകൾ പലതും കേരള രാഷ്ട്രീയത്തിൽ കാലത്തെ അതിജീവിച്ചു നിലനിൽക്കുമെന്നും അദ്ദേഹം അനുസ്മരിച്ചു.
ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രധാന അധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അനുശോചനം രേഖപ്പെടുത്തി. ആത്മീയതയിൽ അനുഷ്ഠിതമായ പൊതുപ്രവർത്തനത്തിന്റെ ഉടമയായിരുന്നു ഉമ്മൻചാണ്ടി എന്ന് ബാവ പറഞ്ഞു. സമാനതകളില്ലാത്ത ജനനായകനായി ഉമ്മൻചാണ്ടി അറിയപ്പെടും. മലങ്കര ഓർത്തഡോക്സ് സഭ അംഗമെന്ന നിലയിൽ ഉമ്മൻ ചാണ്ടിയുടെ വേർപാട് നികത്താനാവാത്ത നഷ്ടമാണ്. ദു:ഖാർത്തരായ കുടുംബാംഗങ്ങൾക്ക് ദൈവം ആശ്വാസം നൽകട്ടെ എന്നും ബാവ പറഞ്ഞു.
ഒരു സഹോദരനെയാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു. സാധാരണക്കാർക്ക് വേണ്ടി ജീവിച്ച നേതായിരുന്നു അദ്ദേഹമെന്നും രമേശ് ചെന്നിത്തല അനുസ്മരിച്ചു.
ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസവും സാന്ത്വനവും പ്രതീക്ഷയുമായിരുന്നു ഉമ്മൻചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അനുസ്മരിച്ചു. തീഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളില്‍ അടിപതറാതെ ആ പുതുപ്പള്ളിക്കാരന്‍ ജ്വലിച്ച് നിന്നു. കീറല്‍ വീണ ഖദര്‍ ഷര്‍ട്ടിന്റെ ആര്‍ഭാടരാഹിത്യമാണ് ഉമ്മന്‍ ചാണ്ടിയെ ആള്‍ക്കൂട്ടത്തിന്റെ ആരാധനാപാത്രമാക്കിയത്. കയറിപ്പോകാനുള്ള ഏണിപ്പടികളായി ഉമ്മന്‍ ചാണ്ടി ഒരിക്കലും ജനത്തെ കണ്ടില്ല. അധികാരത്തിന്റെ ഉയരങ്ങളില്‍ ഒറ്റയ്ക്കിരിക്കാന്‍ ആഗ്രഹിച്ചതുമില്ല. അക്ഷരാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്ക് സ്വന്തമായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അനുശോചിച്ചു. മികച്ച ഭരണാധികാരിയും കോൺഗ്രസ്സിന്റെ ജനപ്രിയനേതാവുമായിരുന്നു ഉമ്മൻചാണ്ടി. എന്നും ജനങ്ങളുടെ ഇടയിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഊർജ്ജസ്വലതയോടെ ആറുപതിറ്റാണ്ടിലധികം അദ്ദേഹം പൊതുജീവിതത്തിൽ നിറഞ്ഞുനിന്നു. കേരളത്തിന്റെ വികസനത്തിന് അതുല്യ സംഭാവന നൽകിയ ഭരണാധികാരിയാണ് ഉമ്മൻചാണ്ടി. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട നേതാവായിരുന്ന അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെയും സഹപ്രവർത്തകരുടേയും ദുഖത്തിൽ പങ്കുചേരുന്നു. ഉമ്മൻചാണ്ടിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും കെ സുരേന്ദ്രന്‍ വാര്‍ത്താ കുറിപ്പില്‍ വിശദമാക്കി.
അർബുദ രോഗബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ബംഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25 ന് ആയിരുന്നു. ഭൗതിക ശരീരം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും. പ്രത്യേക വിമാനത്തിലാണ് ഭൌതിക ശരീരം തലസ്ഥാനത്തേക്ക് എത്തിക്കുക. പിന്നീട് വസതിയിലേക്ക് കൊണ്ടുപോകും. അതിന് ശേഷം ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചു. പൊതുദർശനത്തിന് ശേഷം കെപിസിസി ഓഫീസിൽ പൊതുദർശനം നടക്കും. ജഗതിയിലെ വീട്ടിലേക്ക് രാത്രി വീണ്ടും എത്തിക്കും. നാളെ രാവിലെ ഏഴിന് കോട്ടയത്തേക്ക് കൊണ്ടുപോകും. തിരുനക്കരയിൽ ആദ്യം മൈതാനത്ത് പൊതു ദർശനത്തിന് വെക്കും. പിന്നീട് വൈകുന്നേരം പുതുപ്പള്ളിയിലും നഗരം ചുറ്റി വിലാപ യാത്രയും നടക്കും. മറ്റന്നാൾ പുതുപ്പള്ളിയിലെ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തെരിയിലാണ് സംസ്കാരം.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് കോൺഗ്രസ് ഒരാഴ്ച നീണ്ടുനിൽക്കുന്ന ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ മാസം 22ന് കോഴിക്കോട് നടത്താൻ നിശ്ചയിച്ചിരുന്ന ജനസദസ്സ് ഉൾപ്പെടെയുള്ള കെപിസിസിയുടെയും കോൺഗ്രസിന്റെയും പോഷകസംഘടനകളുടെയും സെല്ലുകളുടെയും എല്ലാ പൊതുപരിപാടികളും ഒരാഴ്ചത്തേക്ക് (ജൂലൈ 24) മാറ്റിവെച്ചു. ജില്ല, ബ്ലോക്ക്, മണ്ഡലം, ബൂത്ത്, സിയുസി തലങ്ങളിൽ ഈ ഒരാഴ്ചക്കാലം ഉമ്മൻചാണ്ടിയുടെ അനുസ്മരണ പരിപാടികൾ നടത്തണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി നിർദ്ദേശിച്ചു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു; സംസ്‌കാരം വ്യാഴാഴ്ച രണ്ട് മണിക്ക്.