
സാമൂഹ്യപരമായ മാനവിക സാംസ്കാരികബോധ്യം അതിന്റെ ഉദാത്തതയില്‍ ദര്‍ശിക്കാന്‍ കഴിയുന്നിടത്താണ് എഴുത്തുകാരന്റെ എക്കാലത്തെയും മികച്ച സാംസ്കാരിക സദസ്സ് രൂപം കൊള്ളുന്നതെന്ന് ഡി.എച്ച്. ലോറന്‍സ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ലോറന്‍സിന്റെ അഭിപ്രായത്തെ ശരിവച്ചും നിരാകരിച്ചും മുന്നേറുന്ന എഴുത്തു മാതൃകകള്‍ ഇന്ന് പാശ്ചാത്യ സാഹിത്യത്തിലും ലാറ്റിനമേരിക്കാന്‍ സാഹിത്യത്തിലും കാണാം. എന്നാല്‍ ലോറന്‍സിന്റെ അഭിപ്രായത്തെ തിരസ്ക്കരിച്ചുകൊണ്ട് തന്നെ, തന്റെ അഭിപ്രായത്തെ പുനര്‍ജ്ജീവിപ്പിക്കാനുള്ള ധൈര്യപ്പെടലാണ് ഓസ്ട്രിയന്‍ ജീവചരിത്രകാരനും കവിയും നോവലിസ്റ്റുമായ ഷ്ടെഫാന്‍റ്റ് സ്വൈക് (Stefan Zweig) രേഖപ്പെടുത്തിയിട്ടുള്ളത്. സ്വൈകിന്റെ അഭിപ്രായമനുസരിച്ച് സാമൂഹ്യപരമായ മാനവിക സാംസ്കാരിക ബോധ്യം എന്നത് തികച്ചും വ്യക്തി കേന്ദ്രീകൃതമായ ഒരവകാശസംരക്ഷണമാണ്. അതില്‍ ഏറിയും കുറഞ്ഞും ജീവിതവുമായി ബന്ധപ്പെട്ട അടിസ്ഥാന വൈകാരിക സാക്ഷ്യപ്പെടലുകളുണ്ടാകും. എന്നാല്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ സംഭവ്യമായ ഒരു കൃതിയുടെ ഉള്‍പ്പിരിവുകളിലേക്ക്, അതായത് കൃതി ആവശ്യപ്പെടുന്ന ആഴങ്ങളിലേക്ക് സാംസ്കാരികബോധ്യങ്ങള്‍ക്ക് (നിര്‍വചനങ്ങള്‍ക്ക്) കടന്നു ചെല്ലാനാവില്ല. എന്നാലിത് ഒരു പരിമിതിയായി കാണാനാവുകയുമില്ല. പലപ്പോഴും നാമൊരു നല്ല കൃതി എന്ന പേരിലാകുന്നത് ലക്ഷണമൊത്ത ഒരു ജീവിതത്തെ അടയാളപ്പെടുത്തുന്ന ഒന്നിനെയാകും. എന്നാല്‍ അതു മാത്രമായി എടുത്ത് ഒന്നിനെ മഹത്തരം എന്നു വിശേഷിപ്പിക്കാനാവില്ല. ഒരു കൃതിയെ അതിന്റെ മൂല്യബോധത്തിന്റെ അടിസ്ഥാനത്തില്‍ ദാര്‍ശനികമായ ഒരനുഭവം കൊണ്ട് വിവരിക്കുമ്പോഴാണ് ഒരു കൃതി അതിന്റെ ലക്ഷ്യവേധിയായിത്തീരുന്നത്. അങ്ങനെ വരുമ്പോള്‍ ലോറന്‍സ് അഭിപ്രായപ്പെട്ട മാനവികമായ സാംസ്കാരിക വാദത്തിന് ചില അടിസ്ഥാന നിര്‍വചനങ്ങളുടെ ആവശ്യകത കൂടി ഉണ്ടെന്ന് വരുന്നു. ഇത്തരം പര്യാലോചനാ വിവരങ്ങള്‍ക്ക് കാലികമായൊരു അനുഭവതലം കൂടിയുണ്ട്. അതിന്റെ പ്രാണഞരമ്പുകളെ നമുക്ക് ഒരേ കാലം സ്വീകരിക്കാനും നിരാകരിക്കാനും കഴിയുന്നതിന് പിന്നില്‍ ഇത്തരമൊരു കാലികമായ സ്വാതന്ത്ര്യം കൊണ്ടു കൂടിയാണ്.
മറ്റൊന്ന് സ്വൈക് പറഞ്ഞ അഭിപ്രായത്തെ നാമെങ്ങനെ സ്വീകരിക്കുന്നു എന്നുള്ളിടത്താണ്. സ്വൈക് പാരമ്പര്യനിഷ്ഠമായ എഴുത്തിന്റെ പ്രചാരകനായിരുന്നെങ്കിലും ആ എഴുത്തുകാരന്റെ കൈയില്‍ പാരമ്പര്യത്തിന്റെ മഹത്വം അന്തര്‍ധാരയായി വര്‍ത്തിച്ചിരുന്നു എന്ന് പറയാവുന്നതാണ്. എന്നാല്‍ സ്വൈക് ഒരിക്കലും അത്തരമൊരു നിഷേധ നിലപാടിനെ രേഖപ്പെടുത്തിയിട്ടില്ല. സ്വൈക് എന്നും എഴുത്തിന്റെ നീതിയുക്തമായ നിലപാടിന്റെ പതാകാവാഹകനായിരുന്നു. കൃതികളിലെ സാമൂഹികയാഥാര്‍ത്ഥ്യത്തെ ഒരു പരിധിവരെ അംഗീകരിക്കുകയും കഥാപാത്രങ്ങളുടെ വിചാരവികാരപരിണാമങ്ങളില്‍ കൃത്യതാ ബോധത്തോടെ അനുഭവപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ഇടപെടലുകളെ എഴുത്തിന്റെ മൂല്യബോധ സിദ്ധാന്തവുമായി ചേര്‍ത്തു വച്ച് വിശകലനം ചെയ്യുമ്പോഴാണ് സ്വൈക് മുന്നോട്ടു വയ്ക്കുന്ന നവീനവും കുലീനവുമായ ആശയദാര്‍ഢ്യം അതിന്റെ ഔന്ന്യത്യത്തില്‍ പ്രശോഭിക്കുന്നത് നാം കാണുന്നത്. ഒരര്‍ത്ഥത്തില്‍ മാനവികഗദ്യം എന്നതിനെ സംബന്ധിച്ച് ഇത്തരമൊരു താത്ത്വികനിലപാട് ലോറന്‍സിന്റെ എഴുത്തു ജീവിതത്തില്‍ കണ്ടെത്താനാവില്ല. ലോറന്‍സ് ആ അര്‍ത്ഥത്തില്‍ ഉയര്‍ന്ന ഒരു ഫ്ളാറ്റ്ഫോമില്‍ കയറി നിന്നുകൊണ്ട് വായനക്കാരോട് സംവദിക്കുകയാണ്. അതുകൊണ്ടാണ് ആശയപരമായ പുനരൈക്യപ്പെടല്‍ ലോറന്‍സിന്റെ കൃതികളില്‍ കണ്ടെത്താന്‍ കഴിയാതെ പോയത്. എന്നാല്‍ അദ്ദേഹത്തിനു നേരെ ഒരു കാലഘട്ടം നടത്തിയ വിചാരണ ഇതിന്റെ ഭാഗമായിരുന്നു. അതിനു പിന്നില്‍ കൃത്യമായൊരു പദ്ധതി കൂടിയുണ്ടായിരുന്നു. ലോറന്‍സ് ധൈഷണിക ജീവിതത്തിനു എതിരു നിന്നുകൊണ്ട് ശരീരത്തിന്റെ കാമനകളെക്കുറിച്ച് സന്ദേഹപ്പെട്ട എഴുത്തുകാരനായിരുന്നു. എന്നാല്‍ സ്വൈക് തന്റെ മുന്നിലെത്തുന്ന ജീവപ്രപഞ്ചത്തെ മാനസികാപഗ്രഥനത്തില്‍ ഉള്‍ച്ചേര്‍ത്തു കാണാന്‍ ആഗ്രഹിച്ച എഴുത്തുകാരനായിരുന്നു. ലോറന്‍സ് അതില്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ സ്വൈക് അതില്‍ വിശ്വസിക്കുന്നുണ്ടുതാനും. ഇങ്ങനെ ഭിന്ന സാംസ്കാരിക – സാമൂഹ്യ എഴുത്തുകളില്‍ അനുഭവിച്ചു തീര്‍ക്കുന്ന രീതി ഏറെ ആലോചനാമൃതങ്ങളാണ്. ഇതെല്ലാം പാശ്ചാത്യ സാഹിത്യ സിദ്ധാന്തത്തില്‍ ഒതുക്കിപ്പറഞ്ഞ് നമുക്ക് മറികടക്കാനാവില്ല. പ്രബലമായ ഈ സാഹിത്യധാരകള്‍ക്ക് ലോകത്തെ എല്ലാ ഭാഷാ സ്വരൂപങ്ങളോടും മുഖ്യധാരാ സാഹിത്യ നിലപാടുകളോടും ആഴത്തില്‍ വേരോട്ടമുള്ള സൗന്ദര്യബന്ധം കൂടിയുണ്ട്. പ്രത്യക്ഷത്തില്‍ വായനക്കാരന്‍ ഇതറിയുന്നില്ല എന്നേ ഉള്ളൂ.
ഇവിടെ ആമുഖമായി ഇത്രയും ദീര്‍ഘമായി ഇത് വിവരിച്ചതിന് കാരണം. ചരിത്രാതീത കാലത്തിലേക്ക് യാത്ര ചെയ്യുമ്പോള്‍ നാം സാംശീകരിച്ചെടുക്കുക – ആപത്കരമായ സത്യസന്ധതയെ എപ്രകാരമാണ് നാം സ്വീകരിക്കേണ്ടത് എന്നതിനെകുറിച്ച് ആലോചിക്കാന്‍ കൂടിയാണ്. ഇന്ന് മലയാളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കൃതികളുടെയെല്ലാം, അത് ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയെ ആയിക്കോട്ടെ, അതിലെല്ലാം ഉള്‍ച്ചേര്‍ന്ന വൈകാരികതലം വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും അസ്വസ്ഥതയുടെയുമാണ്. അതിനപ്പുറത്തേക്ക് ഒന്നുമില്ല എന്നു വരുന്നു. അതിനെ തലമുറകളുടെ അനന്തമായ വിടവ് എന്ന് പറഞ്ഞ് ഒരുക്കാവുന്ന ഒരു വാദഗതിയല്ല. എല്ലാക്കാലവും ഈ തലമുറ ഇങ്ങനെ ഇതുവഴിയേ വന്നതേയില്ല. അപ്പോഴും അപരിഹാര്യമായ ജീവിത ദുരന്തവിധികളും എല്ലാം അക്കാലത്തുമുണ്ടായിരുന്നു. എന്നാല്‍ അതില്‍ മാത്രം ശ്രദ്ധകൊടത്തുകൊണ്ട് താന്‍ ജീവിച്ചിരിക്കുന്ന കാലത്തെ ഒരു വിചാരണക്കോടതിക്ക് മുന്‍പാകെ നിര്‍ത്തി കുറ്റമാരോപിക്കാന്‍ തയ്യാറാവുക എന്നത് ആദ്യന്തം ഹീനമായ ഒരു പ്രവര്‍ത്തിയാണ്.
ഇന്ന് എഴുത്തുകാരനെ ചൂഴ്ന്നു നില്‍ക്കുന്നത് അധികാരം മാത്രമാണ്. ഒരു കാലത്ത് അരാജകത്വവും ഭയവും ദയനീയമായ മനുഷ്യാസ്ഥ്യമായിരുന്നെങ്കില്‍ ഇന്നതിന്റെ അവസ്ഥ മാറി. ഇന്ന് അധികാരത്തിനു ചുറ്റുമായിട്ടാണ് എഴുത്തുകാരന്‍ തമ്പടിച്ചിരിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ഡി.എച്ച്. ലോറന്‍സിന്റെ അഭിപ്രായലോകവും സ്വൈകിന്റെ ആശയലോകവും പുതിയ എഴുത്തുകാരില്‍ നിന്ന് ആവുന്നത്ര അകന്നു നില്‍ക്കുന്നത് കാണാം. അത് എഴുത്തില്‍ സംഭവിച്ചിരിക്കുന്ന ഒരു ദുര്യോഗമാണ്. എന്നാല്‍ ഈ ദുര്യോഗത്തെ അതിന്റെ ശക്തി സൗന്ദര്യങ്ങള്‍ക്കുകൊണ്ട് നിരന്തരം പുതുക്കിപ്പണിത എഴുത്തുകാരനാണ് കാരൂര്‍ സോമന്‍. കാരൂരിന്റെ രചനകളില്‍ നവീനമായൊരു ദര്‍ശനത്തിന്‍റെ അകംപൊരുളുണ്ട്. അത് നിരന്തരം പുതുക്കി വിളക്കിച്ചേര്‍ക്കേണ്ടതില്ല. ഈ മൂല്യവത്തായ ആന്തരികപ്രഭയാണ് ലോറന്‍സിന്റെയും സ്വൈകിന്റെയും ഇരുത്തം വന്ന ആന്തരികപ്രത്യക്ഷങ്ങളുടെ സാക്ഷാത്കാരമുദ്രകള്‍. ആ അര്‍ത്ഥത്തില്‍ കാരൂരിന്റെ കൃതികളെയും വിലയിരുത്താം എന്നു വരുന്നു. അതിനെ എഴുത്തിലെ സ്വതന്ത്രലീലകള്‍ എന്ന് വിശേഷിപ്പിക്കാവുന്നതാണ്.
എന്താണ് കാരൂരിന്റെ രചനകള്‍ മുന്നോട്ടുവയ്ക്കുന്ന ആശയലോകം എന്നത് പര്യാലോചനയ്ക്കുതകുന്ന ഒരു വിഷയമാണ്. കേവല സിദ്ധാന്ത നിര്‍വചനങ്ങള്‍ക്കപ്പുറത്തേക്ക് ഒഴുകിപ്പരക്കുന്ന ആന്തരിക പ്രഭ കാരൂരിന്റെ രചനകളിലെല്ലാമുണ്ട്. കാരൂരിന്റെ രചനകള്‍ വിവിധ സാഹിത്യമേഖലകളില്‍ ഒഴുകികിടക്കുന്ന ഒന്നാണ്. അതിനെയെല്ലാം കൂട്ടിക്കെട്ടി വിശകലനം ചെയ്യുക എന്നത് അസാദ്ധ്യമാണ്. അത്തരമൊരു വിശകലനരീതി സൗന്ദര്യശാസ്ത്ര നിര്‍വചനസിദ്ധാന്തത്തിന്റെ കെട്ടുറപ്പില്‍ വരുന്ന ഒന്നല്ല. പകരം കാരൂരിന്റെ കൃതികളില്‍ പരകായ പ്രവേശനം ചെയ്യുന്ന ആന്തരിക പ്രജ്ഞയെ, അതിന്റെ ആശയലോകത്തോട് ചേര്‍ത്തുവച്ചു കൊണ്ട് പഠനവിധേയമാക്കുക എന്നതാണ് പ്രധാനം. അതിനെ ലാവണ്യനിയമത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്താവുന്ന ഒന്നാണ്. പ്രത്യക്ഷത്തില്‍ കാരൂരിന്റെ രചനകള്‍ നമ്മുടെ ജീവിതവീക്ഷണത്തിന്റെ അടരുകളില്‍ അഭിനിവേശം കൊള്ളുന്നവയാണ്. അത് പരിപൂര്‍ണ്ണതയില്‍ അഭിനിവേശം കൊള്ളുന്ന ഒന്നല്ല. പകരം കഥയാകട്ടെ, നോവലാകട്ടെ, കാരൂര്‍ രചനാവേളയില്‍ പാലിക്കുന്നൊരു അപൂര്‍വ്വമായൊരു ശില്പഘടനാ ചാതുരിയാണ്. ഒരു പക്ഷേ അതിനെ തികച്ചും വ്യക്തിപരം എന്ന് വിശേഷിപ്പിക്കാമെങ്കിലും രചനകളുടെ സര്‍ഗ്ഗാത്മക സൗന്ദര്യാനുഭൂതി തേടുമ്പോള്‍ ഇത്തരമൊരനുഭവത്തിന്റെ വ്യതിരിക്തമായ ആന്തരികചോദന കൂടി നാം തിരിച്ചറിയേണ്ടതുണ്ട്. ആ അര്‍ത്ഥത്തില്‍ ജീവിതമെന്നത് എഴുത്തുകാരന്റെ വളര്‍ച്ചയെകൂടി ലക്ഷ്യം വയ്ക്കുന്ന ഒന്നായി മാറുന്നു. ഇത് കാരൂരിന്റെ രചനകളില്‍ ഒരു നവചലനം സൃഷ്ടിക്കുന്നു. ഇതൊരു ലക്ഷ്യവേധിയായ സ്വാതന്ത്ര്യവാഞ്ചയും ബോധവുമുണ്ട്. ആധുനിക മനുഷ്യനെ മാറിമാറി ഭരിക്കുന്ന ജീവിതവീക്ഷണത്തെ സമവായത്തിലാക്കാനും ക്രമപ്പെടുത്താനും കാരൂര്‍ നടത്തുന്ന ശ്രമങ്ങളെ അതിന്റെ ഉന്നത നിലയില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
പൊതുവില്‍ കാരൂരിന്റെ സര്‍ഗാത്മരചനകള്‍ സംഭവിക്കുന്നത് ഗ്രാമനഗരങ്ങളിലാണ്. ഈ രണ്ടു സ്ഥലരാശികളിലുമായി ഒഴുകിക്കിടക്കുന്ന ജീവിതത്തിന്റെ തന്നെ ആകസ്മികതയാണ് കാരൂര്‍ എഴുത്തിലേക്ക് കൊണ്ടു വരുന്നത്. ഈ വരവ് സ്വാതന്ത്ര്യത്തിന്റെ ആഘോഷമാക്കി തീര്‍ക്കുകയാണ് എഴുത്തുകാരനായ കാരൂര്‍. അതിനനുസൃതമായ അനുഭവ വിഷയങ്ങളാണ് കാരൂര്‍ കണ്ടെടുക്കുന്നത്. പ്രത്യക്ഷത്തില്‍ അത് നമ്മുടെ തന്നെ ജീവിതത്തിന്റെ പകര്‍ന്നാട്ടമാണ്. എന്നാലത് വ്യവസ്ഥാപിതമായ ചട്ടക്കൂട്ടുകളില്‍ അഭയം തേടുന്ന ഒരാശയോ ആശയത്തെ പിന്‍പറ്റിനില്‍ക്കുന്ന ഒരവതരണമോ അല്ല. പകരം ഉരുകിയൊലിക്കുന്ന ജീവിതത്തിന്റെ തന്നെ ഒരു മൂല്യബോധം സൃഷ്ടിച്ചെടുക്കാ നുള്ള അദമ്യമായ വാഞ്ച ഈ രചനകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ രചനകള്‍ മുന്നോട്ട് വയ്ക്കുന്ന ആശയതലത്തില്‍ രണ്ടു വ്യത്യസ്ത സരണികളുണ്ടെന്ന് വരുന്നു. അതിലാദ്യത്തേത് സ്വാതന്ത്ര്യം എന്നതാണ്. അത് പ്രത്യക്ഷത്തില്‍ മനുഷ്യനുമായി ബന്ധപ്പെട്ട ഒരടിസ്ഥാനവിഷയമായിക്കാണാമെങ്കിലും കാരൂരിന്റെ രചനകളില്‍ അതില്‍ ‘മനുഷ്യന്‍’ എന്ന ഒറ്റപദത്തിനു താഴെ ഒരുക്കിവച്ച് വിലയിരുത്താവുന്ന ഒന്നല്ല എന്നു വരുന്നു. സ്വാതന്ത്ര്യത്തെ ബഹുസ്വരതയാര്‍ന്ന അനുഭവപരമ്പരകളുമായി ചേര്‍ത്തു വിലയിരുത്തുന്ന ഒന്നാണത്. ഇത്തരം തീക്ഷ്ണവ്യക്തിത്വം പേറുന്ന ജീവിതാനുഭവത്തെ കാലഗന്ധിയായ നിലപാടുകള്‍ കൊണ്ടു പൂരിപ്പിക്കുകയുമാണ് ഈ എഴുത്തുകാരന്‍. ഇത് സത്യസന്ധമായ എഴുത്തിന്റെ കരുതല്‍ കൂടിയാണ്.
സ്വാതന്ത്ര്യം പോലെ തന്നെ കാരൂരിന്റെ രചനകളില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്ന അനുഭവരാശികളിലൊന്ന് അതിനുള്ളിലെ സമകാലികതയാണ്. അത് കേവലം പൊള്ളയായ മാനവികമൂല്യങ്ങളെ അടയാളപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഒരു മാര്‍ഗ്ഗമായിട്ടല്ല കാരൂര്‍ ഇതിനെ കാണുന്നത്. പകരം കൃതിയെ അതിന്റെ ഭാവിയിലേക്ക് തുറന്നു വിടുന്ന മാതിരി ഒരു ക്രാഫ്റ്റും ഘടനയുമാണ് അവതരണമായ് കാരൂര്‍ സൃഷ്ടിച്ചിട്ടുള്ളത്. ഇത് ‘പഴഞ്ചന്‍ പാരമ്പര്യം’ എന്നു വിളിച്ചു പരിമിതപ്പെടുത്തിയേക്കാമെങ്കിലും ഈ പഴഞ്ചനിലെ ‘പുതുമ’ ദാര്‍ശനികമായൊരു അനുഭവസീമയിലേക്ക് കൃതിയെ ഉയര്‍ത്തിക്കൊണ്ടു വരുന്നത് നാം കാണേണ്ടതായുണ്ട്. മറ്റൊന്ന് ‘പാരമ്പര്യം’ എന്നതിനെക്കുറിച്ചാണ്. കാരൂരിന്റെ സര്‍ഗ്ഗാത്മക രചനകളിലധികം കടുത്ത പാരമ്പര്യനിഷ്ഠമായ അനുഭവത്തില്‍ നിന്ന് പിറവികൊണ്ടുള്ളവയാണ്. അത് ഐന്ദ്രീയാനുഭൂതിയുടെയും അതിഭൗതികാനുഭൂതിയുടെയും സാംസ്കാരികതലം ബോധപൂര്‍വ്വം സൃഷ്ടിക്കുന്നില്ല. എങ്കില്‍ കൂടിയും ഈ രചനകള്‍ ആസുരമായ കാലത്തിന്റെ അടയാളങ്ങളായി മാറുന്നു. ഈ മാറ്റം മലയാളത്തില്‍ പുതിയ അനുഭവത്തിന്റെ ജ്വലനമാര്‍ന്ന മാതൃക കൂടിയായി വായിക്കപ്പെടേണ്ടതിന്റെ അനിവാര്യതയിലേക്കാണ് വെളിച്ചം വീഴ്ത്തുന്നത്. ഇങ്ങനെയെല്ലാം ഒരു രചന അതിന്റെ മൂല്യനിര്‍ണ്ണയ രീതിയെ നിര്‍ദ്ധാരണം ചെയ്യുകയാണ്.
എഴുതാനിരിക്കുന്ന കാരൂരിനെ ഞാന്‍ സങ്കല്പനം ചെയ്യാറുണ്ട്. ആ മനുഷ്യന്‍റെ നിമ്ന്നോന്നതകളെക്കുറിച്ച് അജ്ഞാതനായൊരു സങ്കല്പനത്തിലെ പലപ്പോഴും എത്തിച്ചേരാന്‍ കഴിഞ്ഞിട്ടുള്ളൂ. വളരെ സ്വാഭാവികമായി ജീവിതത്തെ നോക്കിക്കാണുന്ന ഒരെഴുത്തുകാരനാണ് കാരൂര്‍. ഈ സ്വഭാവികത കാരൂരിന്റെ എഴുത്തിലുമുണ്ട്. ഇത് സാഹിത്യ പഠനത്തിന്റെയോ വിലയിരുത്തലിന്റെയോ പരിധിയില്‍ വരാത്തതിനാല്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. ആരംഭത്തില്‍ സൂചിപ്പിച്ചതു പോലെ കൃതി കാലാതീതമായി നിലകൊള്ളുന്നതിന് പിന്നില്‍ സൗന്ദര്യപരമായ സംഘര്‍ഷങ്ങള്‍ ഉള്‍ക്കൊള്ളുന്നതുകൊണ്ടു കൂടിയാണ്. എല്ലാ ആന്തരിക സംഘര്‍ഷങ്ങളും സൗന്ദര്യശാസ്ത്ര നിര്‍വചനത്തിന്റെ പരിധിയില്‍ വരുന്നില്ല. അത്തരം സംഘര്‍ഷങ്ങള്‍ മാത്രമേ പാരമ്പര്യം സൃഷ്ടിക്കുകയുള്ളൂ. എന്നാല്‍ മലയാളത്തിലെ അപൂര്‍വ്വം ചില എഴുത്തുകാര്‍ അനുഭവത്തെ ആന്തരിക സംഘര്‍ഷങ്ങളായി അവതരിപ്പിക്കുന്നത് കാണാം. അക്കൂട്ടത്തില്‍ ഉള്‍പ്പെട്ട ഒരു എഴുത്തുകാരനാണ് കാരൂര്‍.
ആരംഭത്തില്‍ ചോദിച്ച ചോദ്യങ്ങളിലൊന്നിന്റെ താത്ത്വികമായ ഒരടിത്തറ തന്നെ ഇത്തരം സൗന്ദര്യപരമായ സംഘര്‍ഷങ്ങളില്‍ നിന്ന് രൂപപ്പെട്ടതാണ്. കാരൂരിലെ എഴുത്തുകാരന്റെ സംഘര്‍ഷങ്ങള്‍ ഒരിക്കലും ദിവ്യമാക്കപ്പെട്ട സംഘര്‍ഷങ്ങളല്ല. അത് എഴുത്തുകാരനും കാലവും തമ്മില്‍ നടത്തുന്ന സംഘട്ടനമാണ്. അത് കലാപമാണ്. അത് മനുഷ്യ സ്വാതന്ത്ര്യത്തെ ലക്ഷ്യം വച്ചുകൊണ്ട് നടത്തുന്ന ഉന്നതമായ പോരാട്ടമാണ്. ആത്മസംഘര്‍ഷം എന്നത് ഇവിടെ ആശയങ്ങളുടെ സ്വാതന്ത്ര്യപ്രഖ്യാപനമായി മാറുന്നു. ആ പ്രഖ്യാപനത്തിന്റെ ചലനാത്മകതയിലാണ് കാരൂരിലെ എഴുത്തുകാരന്‍ അടിയുറച്ച് വിശ്വസിക്കുന്നത്. ഇത് കാരൂരിന്റെ പ്രതിഭയെ അടിമുടി നവീകരിക്കുന്ന പരിപക്വമാര്‍ന്ന നിലപാടുകൂടിയാണ്. അതിന്റെ പരിധിയില്‍ വരാത്ത ഒന്നിനോടും ഈ എഴുത്തുകാരന്‍ കൂറ് പ്രഖ്യാപിക്കുന്നില്ല എന്നു കാണാം. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ കാരൂരിന്റെ രചനാരീതി തികച്ചും വൈയക്തികമായിരിക്കുമ്പോള്‍ തന്നെ അത് കഥാപാത്രങ്ങളുടെ സ്വഭാവഘടനയിലും ബുദ്ധിപരമായ തീരുമാനങ്ങളിലും ജീവിതത്തിന്റെ മൂല്യവത്തായ സംസ്കാരം തിരിച്ചറിയാന്‍ ശ്രമിക്കുന്നു എന്നുള്ളതാണ്. ഇതിന് കൃത്യമായൊരു സാസ്കാരിക പശ്ചാത്തലം കൂടിയുണ്ട്. ഇത്തരം അനുഭവങ്ങള്‍ പങ്കിടേണ്ടി വരുന്ന വിശാലമായ ക്യാന്‍വാസ് നോവലിന്റെതാണ്. ദസ്തയവസ്കിയെപ്പോലുള്ള വലിയ എഴുത്തുകാരില്‍ അനുഭവപ്പെടാറുള്ള ഭാവാത്മകമായ ധ്യാനത്തെ സമകാലിക ജീവിത പരിസരത്തേക്ക് കൊണ്ടുവന്ന് അതില്‍ നിന്ന് കഥാപാത്രത്തിന്റെ മനസ്സിനെയും ശരീരത്തെയും വേര്‍തിരിക്കുകയായ് കാരൂര്‍ ചെയ്യുന്നത്. ഇങ്ങനെ അനുഭവങ്ങളുടെ തടവറയില്‍പ്പെട്ട് ഇന്ദ്രിയങ്ങള്‍ നഷ്ടപ്പെട്ട് വിലപിക്കുന്ന ജീവിതസ്വത്വത്തെ കാരൂരിലെ എഴുത്തുകാരന്‍ ഒരു വ്യക്തിയിലൂടെ സംഭവമുഹൂര്‍ത്തങ്ങളിലേക്ക് പരകായ പ്രവേശനം ചെയ്യിപ്പിക്കുന്നു. അങ്ങനെ വരുമ്പോള്‍ കൃതി, ആരുടെയും ആപ്തവചനങ്ങളില്ലാതെ തന്നെ സ്വയം നവീകരിക്കുകയും, ആ നവീകരണത്തിലൂടെ വൈയക്തികമായ സ്വാതന്ത്ര്യത്തിന്റെ പരകോടിയില്‍ പ്രകാശിതമാക്കുകയും ചെയ്യും. ഇതൊരുതരം തീപ്പൊരിയാണ്. കാരൂരിന്റെ പ്രതിഭയില്‍ ഇത്തരമൊരുപാട് ജ്വാലാമുഖങ്ങളുണ്ട്. എന്നാല്‍ പ്രബുദ്ധമായ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുമ്പോഴും ഈ എഴുത്തുകാരന്‍ പാലിക്കുന്ന സുദൃഢമായൊരു ജീവിതചര്യയുണ്ട്. അത് കെട്ടകാലത്തിന്റെ സുവിശേഷമാണ്. ആ അര്‍ത്ഥത്തില്‍ അതൊരു തുറന്നു പറച്ചിലാണ്. അതുകൊണ്ടാണ് സമകാലിക സംഭവങ്ങള്‍ പലപ്പോഴും കാരൂരിന്റെ രചനകളില്‍ വളരെ പരുഷമായിത്തന്നെ ഇടംപിടിക്കുന്നത്. മറ്റൊന്ന് അത്തരം സമകാലികാനുഭവങ്ങളെ രചനകളിലേക്ക് കൂട്ടിക്കൊണ്ടു വരുമ്പോള്‍ കാരൂര്‍ ലക്ഷ്യം വയ്ക്കുന്നൊരു രീതിശാസ്ത്രമുണ്ട്. അത് എഴുത്തുകാരന്റെ കാലദര്‍ശനത്തിന്റെ തുടര്‍ച്ചയായി സംഭവിക്കുന്ന ഒരനുഭവമാണ്. ആ അനുഭവത്തെ തീഷ്ണവ്യക്തിത്വം പേറുന്ന ചിന്തകളുമായി ഇടകലര്‍ത്തി അനുഭവത്തിന്റെ തന്നെ മറ്റൊരരങ്ങ് സൃഷ്ടിക്കുകയാണ് കാരൂര്‍.
കാരൂരിന്‍റെ ‘കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍’ എന്ന നോവല്‍ ശ്രദ്ധിക്കുക. പ്രത്യക്ഷത്തില്‍ ഈ നോവലിന് രണ്ടു മനസ്സുകളുടെ ജാഗ്രതയാണുള്ളത്. ഈ മനസ്സുകള്‍ ഒരേകാലം നോവലില്‍ ഒഴുകിപ്പരക്കുന്ന ജീവിതത്തെ അകത്തും പുറത്തും നിന്ന് വിചാരണ ചെയ്യുന്നതുകാണാം. ആരംഭത്തില്‍ സൂചിപ്പിച്ചിട്ടുള്ളതുപോലെ ഈ നോവല്‍ മുന്നോട്ടുവയ്ക്കുന്ന ദാര്‍ശനികമായ തലം ആഴത്തില്‍ വരഞ്ഞിട്ട ഒരനുഭവത്തിന്റെ സാക്ഷ്യപത്രമാണ്. കാരൂരിലെ എഴുത്തുകാരന്‍ ഇവിടെ സമവായത്തിന്റെയും സമചിത്തതയുടെയും നിലപാടെടുക്കുന്നു. ഈ നിലപാട് ആത്മീയബോധ്യങ്ങളുടെ നിലപാടാണ്. വിശ്വാസമാണ് അതിന്റെ അളവുകോല്‍. വിശ്വാസത്തിന്റെ അകംപുറം നില്‍ക്കുന്ന നേരുകള്‍ കൊണ്ടാണ് കാരൂര്‍ ഈ നോവലിനെ വിളക്കിച്ചേര്‍ത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ നോവല്‍ വിശ്വാസപ്രമാണത്തിന്റെ ഉദാത്തമായൊരു രേഖയായി മാറുന്നു. യഥാര്‍ത്ഥത്തില്‍ നോവല്‍ സ്വയാര്‍ജ്ജിതമായ ഒരു പ്രകാശവിതാനമായിത്തീരുന്നത് ഇവിടെ നിന്നാണ്.
‘കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങ’ളില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയിലും അവതരണത്തിലും മേല്‍ പ്രസ്താവിച്ച വിശ്വാസ്യതയുടെ പ്രകാശവളയങ്ങളുണ്ട്. ഇത് കാരൂര്‍ ബോധപൂര്‍വ്വം തന്നെ സൃഷ്ടിച്ചെടുത്ത ഒരനുഭവതലമാണ്. അല്ലായിരുന്നെങ്കില്‍ നോവല്‍ അതിന്റെ ഗതിയെ തന്നെ അട്ടിമറിച്ചുകൊണ്ട് മറ്റൊന്നായി പരിണമിക്കുമായിരുന്നു. പക്ഷേ, ഇവിടെ അങ്ങനെയൊന്നു സംഭവിക്കുന്നില്ല എന്നു മാത്രമല്ല, വിശ്വാസത്തെ വിചാരണ ചെയ്തു കൊണ്ട് വിശ്വാസദാര്‍ഢ്യത്തെ ഉറപ്പിക്കുക കൂടിയാണ് ചെയ്യുന്നത്. ഇത്തരമൊരു സുചിന്തിതമായ ആശയലോകത്തില്‍ അടിയുറച്ച് നില്‍ക്കുന്നതുകൊണ്ടു കൂടിയാണ് ഒരു വൈദികന്റെ ആദര്‍ശ ധീരത അതിന്റെ അനുഭവതലത്തില്‍ ദൃഢബോധ്യമായിത്തീരുന്നത്. ഈ വിശുദ്ധദാര്‍ഢ്യത്തിന്റെ അടിസ്ഥാനഘടകമായി നിലകൊള്ളുന്നത് അതിന്റെ വിശ്വാസ്യതയെ സംബന്ധിച്ച ആലോചനകളാണ്. ഈ ആലോചനയുടെ തീക്ഷ്ണ സാന്നിദ്ധ്യമാണ് വൈദികന്റെ കരുത്ത്. തന്റെ സത്വത്തെ തേടുമ്പോഴും ആന്തരിക സത്വത്തെ നിരാകരിക്കുമ്പോഴും കേവലമായ അര്‍ത്ഥത്തില്‍ ജാഗരം കൊള്ളുന്ന, ഉണര്‍ന്നിരിക്കുന്ന മനസ്സ് വൈദികനുണ്ട്. ഇവിടെ വൈദികന്‍ ഒരു പ്രതീകമാണ്. എന്നാല്‍ ഭൂമിയിലെ എല്ലാ വൈദികന്മാരെപ്പോലെ അല്ല ഇദ്ദേഹം. നോവലിലെ വൈദികന്‍ അധികാരത്തിനും ആസക്തികള്‍ക്കും ബഹുയോജനമേലെയാണ്. അദ്ദേഹത്തെ ആര്‍ക്കും പ്രലോഭിപ്പിക്കാനാകുന്നില്ല. അങ്ങനെ കാലാനുക്രമത്തില്‍ വൈദികന്‍ ഒരു സഹസ്രശാഖികളുള്ള ഒരു വന്‍വൃക്ഷമായിത്തീരുന്ന അനുഭവമാണിത്.
ഇവിടെ ലൗകികമായ ജീവിതതൃഷ്ണകളെ മെരുക്കുകയും ആത്മീയമായ മുന്നേറ്റങ്ങള്‍ക്ക് വഴി തുറന്നു കൊടുക്കുകയും ചെയ്യുന്ന വഴി ഈ നോവല്‍ ആദ്ധ്യാത്മിക നേരുകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക കൂടി ചെയ്യുന്നുണ്ട്. ഇങ്ങനെ ഒരു ഭാഗത്ത് നിലയുറപ്പിച്ച വിശ്വാസത്തെയും മറുഭാഗത്ത് നിലയുറപ്പിച്ച വിശ്വാസത്തെയും അവിശ്വാസത്തെയും തൃഷ്ണാശമനത്താല്‍ സമവായത്തിലെത്തിക്കുന്ന വൈദികന്‍ എക്കാലത്തെയും പൗരോഹിത്യ സമൂഹത്തിന്റെ കാവല്‍ക്കാരന്‍ തന്നെയാണ്. പ്രത്യക്ഷത്തില്‍ ഇതിനെ ലളിതമായി ക്രിസ്തുസാക്ഷ്യം എന്നു വിശേഷിപ്പിക്കാമെങ്കിലും നോവലിന്റെ അകവിതാനങ്ങളില്‍ ഒഴുകി കിടക്കുന്ന അനുഭവരാശി ഉന്നതമായൊരു ജീവിത സംസ്കാരത്തിന്റെയും ആദ്ധ്യാത്മിക സംസ്കാരത്തിന്റെയും തുറന്ന സദസ്സു കൂടിയാണ്. ആരംഭത്തില്‍ സൂചിപ്പിട്ടുള്ള മഹത്തായ നോവലിന്റെ ദാര്‍ശനികമായ ലക്ഷണക്രമങ്ങളോരോന്നും ഈ നോവലില്‍ കണ്ടെത്താനാകും. അധികാരത്തെ പൂര്‍ണ്ണമായും തിരസ്ക്കരിക്കുകയും തിരസ്ക്കരിക്കപ്പെട്ടിടത്തേക്ക് ആദ്ധ്യാത്മികതയുടെ അനുഭൂതി ജന്യമായ നേരുകള്‍ പ്രകാശവര്‍ഷംപോലെ വിന്യസിക്കുകയുമാണ് കാരൂരിലെ എഴുത്തുകാരന്‍ ചെയ്യുന്നത്. ഇത്തരമൊരു രചനാരീതിയുടെ ഉള്ളറകളിലേക്ക് ഇനിയും കടക്കേണ്ടതുണ്ട് എന്നെനിക്കു തോന്നുന്നു. ഓര്‍ഹാന്‍ പാമുഖിനെപ്പോലുള്ള വലിയ നോവലിസ്റ്റുകള്‍ അഭിപ്രായപ്പെടുംപോലെ ഉന്നതമായ ആശയധാരയെ ജീവിതത്തിന്റെ സാധാരണത്വത്തിലേക്ക് കൊണ്ട് വരിക എന്നത് അത്യന്തം ക്ലേശകരമായൊരു അനുഭവമാണ്. എന്നാല്‍ കാരൂരിന്റെ മിതത്വം പാലിച്ചു കൊണ്ടുള്ള തുറന്നെഴുത്ത് വിശ്വാസ ജീവിതത്തെയാകെ നവീകരിക്കുന്ന ഒരനുഭവമായിത്തീരുന്നു എന്നിടത്താണ് നോവല്‍ അതിന്റെ വിജയത്തിലേക്ക് കടക്കാന്‍ ധൈര്യപ്പെടുന്നതും അതിന് ചെവികൊടുക്കുന്നതും. ഇതിന് നാട്യമല്ലാത്ത (pretension) ഒരു ജീവിത ബോദ്ധ്യമുണ്ട്. എന്നാല്‍ ചില സന്ദര്‍ഭത്തില്‍, പ്രത്യേകിച്ച് പോര്‍നിലങ്ങള്‍, അരൂപികള്‍, ഓര്‍മ്മകളുടെ വഴി എന്നീ നോവലദ്ധ്യായങ്ങളില്‍ നാടകീയമായ ചില മുഹൂര്‍ത്തങ്ങള്‍ നോവലിസ്റ്റ് സൃഷ്ടിക്കുന്നുണ്ട്. ഇതെല്ലാം സ്വാഭാവികമായി തന്നെ നമ്മുടെ ആസ്വാദന സ്വരൂപത്തെ ഉണര്‍ത്തിക്കുന്നതാണെങ്കിലും ഏറിയും കുറഞ്ഞും ഈ അദ്ധ്യായങ്ങളില്‍ രൂപം കൊണ്ടിരിക്കുന്ന വിശകലന സമീപനം. നോവലിന്റെ ഘടനയെ അല്പമാത്രമായയെങ്കിലും ഉലയ്ക്കുന്നുള്ളതുപോലെ തോന്നും. ഇത്തരം അനുഭവങ്ങള്‍ ഒരു പക്ഷേ നോവലിസ്റ്റ് ബോധപൂര്‍വ്വം തന്നെ സന്നിവേശിപ്പിച്ചതുമാകാം. എന്നാല്‍ നോവലിന്റെ ബാഹ്യലോകവും മാനസികലോകവും പരസ്പരപൂരകമായി സഞ്ചരിക്കുന്നതിനാല്‍ കൃതിയുടെ സ്വത്വസംസ്കാരത്തിന് പ്രത്യേകമായൊരു ഭംഗി കൈവരികയും ചെയ്യുന്നുണ്ട്. ഇപ്പറഞ്ഞതെല്ലാം ഒരു നല്ല നോവലിന്റെ ജനുസ്സിലേക്ക് ‘കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍’ എങ്ങനെ എത്തിപ്പെടുന്നുവെന്ന് വിശദീകരിക്കാനായിരുന്നു.
എന്നാല്‍ ഈ നോവലില്‍ കെട്ടുപിണഞ്ഞുകിടക്കുന്ന കാലബോധം ഒരു കഥാപാത്രമായി തന്നെ ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത് പുതിയൊരു പരീക്ഷണമാണ്. കൃതിയുടെ മൂല്യനിര്‍ണ്ണയത്തെ ബാഹ്യമായ ഒരു ശക്തിക്കും സ്വാധീനിക്കാനാവില്ല എന്ന പഴഞ്ചന്‍ തത്ത്വശാസ്ത്രത്തെ നിരാകരിക്കുകയാണിവിടെ. ആ അര്‍ത്ഥത്തില്‍ കൂടി ഈ നോവലിനെ ഭാവിയില്‍ വായിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്, ഇത് പൂര്‍ണ്ണമായും വിശ്വാസത്തിന്റെ പ്രമേയത്തിലൂടെ രൂപം കൊള്ളുന്ന സൃഷ്ടന്മുഖതയാണ്. വായനക്കാരന്റെ ജ്ഞാനമണ്ഡലങ്ങളില്‍ ഈ നോവല്‍ പ്രകമ്പനം സൃഷ്ടിക്കുന്നില്ല. അവന്റെ ആസ്വാദന മനസ്സിനെ അസ്വസ്ഥമാകുന്നില്ല. പകരം ഈ നോവല്‍ സ്വതന്ത്രമായൊരു ലോകത്തെ കാട്ടിത്തരുന്നു. മനുഷ്യന്റെ ഇച്ഛാശക്തിയെയും ജ്ഞാനശക്തിയെയും തിരിച്ചറിഞ്ഞുകൊണ്ട് വിശ്വാസത്തിന്റെ വേരുറപ്പിക്കാന്‍ ധൈര്യപ്പെടുന്ന വൈദികന്‍ എല്ലാ കാലത്തിന്റെയും ജീവസ്സുറ്റ ഒരു പ്രതീകമാണ്. ആ പ്രതീകത്തിലാണ് നോവലിന്റെ ഉയിര്‍പ്പുകുടികൊള്ളുന്നത്. അതുകൊണ്ട് തന്നെയാണ് ഈ നോവല്‍ മറ്റൊരു ആഖ്യായികയിലേക്കു കൂടി ഒഴുകിപ്പോകാന്‍ കഴിയുന്നൊരു നല്ല അനുഭവമായിത്തീരും എന്ന് പറയാന്‍ ആഗ്രഹിച്ചുപോകുന്നത്.
കാരൂരിന്‍റെ ‘കന്മദപ്പൂക്കളി’ലും മേല്‍പ്പറഞ്ഞ അനുഭവത്തിന്റെ ജാഗ്രത്തായ തുടര്‍ച്ചകള്‍ കണ്ടെത്താനാകും. ഈ നോവലിന്റെ പ്രമേയപരമായ പുതുമയും ഘടനാപരമായ മികവും എഴുത്തുകാരന്റെ ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണ്. എന്നാല്‍ പ്രമേയത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്നതിനോടൊപ്പം പ്രമേയവുമായി ബന്ധപ്പെട്ട ലാവണ്യബോധത്തില്‍ നോവലിനെ സ്വതന്ത്രമായ ജീവിതദര്‍ശനത്തിനോട് ചേര്‍ത്തു വയ്ക്കാനാണ് നോവലിസ്റ്റ് ഉത്സാഹപ്പെടുന്നത്. ഇത് ഹ്യൂമനിസത്തിന്റെ ഭാഗം കൂടിയാണ്. മാനവികതയിലും സര്‍വ്വോപരി മനുഷ്യത്വത്തിലും അടിയുറച്ചു വിശ്വസിക്കുന്ന കാരൂര്‍, തന്റെ സ്വതന്ത്രമായ നിലപാടുകളെയും ദാര്‍ശനികമായ നിര്‍വചനങ്ങളെയും മറുനാട്ടില്‍ ജീവിതം സമര്‍പ്പിച്ചു കഴിഞ്ഞു കൂടുന്നവരിലൂടെ അവതരിപ്പിക്കുന്നു. ഇത് ജീവിതത്തിന്റെ തന്നെ ആരും ഇതുവരെ പറഞ്ഞു തീര്‍ത്തിട്ടില്ലാത്ത ഒരു നേരനുഭവമാണ്. കാരൂരിന്റെ എഴുത്തില്‍ ഇത്തരം വൈയക്തികാനുഭവത്തിന്റെ ഇഴചേരലുണ്ട്. എന്നാല്‍ മനുഷ്യ മനസ്സിന്റെ വനസ്ഥലികള്‍ തേടി ഒരു എഴുത്തുകാരന്‍ നീങ്ങുമ്പോള്‍, ആ എഴുത്തുകാരനില്‍ പ്രഭവം കൊള്ളുന്നൊരു ലാവണ്യാനുഭൂതിയുണ്ട്. അല്പമാത്രമെങ്കിലും ആ അനുഭൂതി എഴുത്തുകാരന് അനുഭവിക്കാനും കഴിയുന്നുണ്ട്. ഈ അനുഭവം സ്വാഭാവികമായി തന്നെ കഥാപാത്രങ്ങളിലേക്കും സഞ്ചരിക്കും. അങ്ങനെ രൂപം കൊള്ളുന്ന, ഒഴുകിപ്പരക്കുന്ന ജീവിതത്തിന്റെ തന്നെ പ്രവാഹമാണ് കാരൂരിന്റെ സര്‍ഗ്ഗാത്മക രചനകള്‍. ഇവിടെ പ്രധാനമായും രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ആദ്യത്തേത് ഒരു നോവല്‍ എന്ന നിലയില്‍ കാരൂര്‍ സ്വീകരിക്കുന്ന മാനദണ്ഡത്തെക്കുറിച്ചാണ്. നോവല്‍ എന്നത് ചിന്തിച്ചുറപ്പിച്ച് തയ്യാറാക്കേണ്ടതല്ല എന്ന പാരമ്പര്യ നോവല്‍ നിര്‍വചനത്തെ ആദ്യം തന്നെ കാരൂരിലെ നോവലിസ്റ്റ് തിരസ്കരിക്കുന്നു. അങ്ങനെ തിരസ്ക്കരിക്കുന്നതിന് പിന്നില്‍ ഈ നോവലിസ്റ്റിന് കൃത്യമായൊരു ചിന്താപദ്ധതി ഇതിനു പിന്നിലുണ്ടെന്ന് വരുന്നു. കാരൂരിന്റെ ഭൂരിപക്ഷം നോവലുകളുടെയും പ്രമേയം ഒന്നെടുത്തു വിചിന്തനം ചെയ്താല്‍ ഇതു മനസ്സിലാക്കാനാകും. പ്രധാനപ്രമേയങ്ങളില്‍ പ്രവാസം, മറുനാടന്‍ ജീവിതം, നാട്ടിന്‍പുറത്തിന്റെ നന്മ, ജീവിതം, സ്നേഹം തുടങ്ങി വിവിധങ്ങളായ വിഷയങ്ങളാണ് പ്രധാന പ്രമേയങ്ങളായി കാരൂര്‍ സ്വീകരിച്ചിട്ടുള്ളത്. ഈ പ്രമേയങ്ങളെല്ലാം ഒന്നിനൊന്നു വ്യത്യസ്തമാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ മുന്‍വിധികളെ അടിസ്ഥാനമാക്കിയല്ല ഈ നോവലുകളൊന്നും തന്നെ രചിച്ചിട്ടുള്ളത് എന്നുള്ളത് തന്നെ. ശൂന്യമായൊരു സദസ്സില്‍ നിന്നു കൊണ്ടാണ് കാരൂര്‍ ജീവിതം പറയാന്‍ തുടങ്ങുന്നത്. തുടക്കത്തില്‍ തന്നെ ഓരോ കഥാപാത്രങ്ങള്‍ വന്ന് അതില്‍ അണി ചേരുകയാണ്. അവരവരുടെ ഭാഗം അഭിനയിച്ചു കഴിഞ്ഞ് അവര്‍ നമുക്കിടയില്‍ വന്ന് നില്‍ക്കുന്നു. അല്ലാതെ നോവല്‍ വായനയ്ക്കുശേഷവും അവര്‍ അരങ്ങില്‍ തന്നെ നിലയുറപ്പിക്കുന്നില്ല. അതുകൊണ്ടാണ് കാരൂരിന്റെ കഥാപാത്രങ്ങള്‍ ശൂന്യസ്ഥലികളില്‍ നിന്ന് പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളായി പരിണമിക്കുന്നവരാണെന്നു പറഞ്ഞത്. മറ്റൊന്ന് നീതിപൂര്‍വ്വകമായ കാലത്തെയും കാലം സൃഷ്ടിക്കുന്ന വികാരങ്ങളെയും സംബന്ധിച്ചാണ്.
കാരൂരിന്റെ നോവലുകളില്‍ കാലം പ്രധാനകഥാപാത്രമാണ്. അരങ്ങിലും അണിയറയിലും കാലത്തിന്റെ സാന്നിദ്ധ്യമുണ്ട്. കാലമാണ് കൃതിയെ ഒഴുക്കിക്കൊണ്ടുപോകുന്നത്. കവികള്‍ ‘സമയമാനസം’ എന്നു വിളിക്കും പോലെ കാരൂരിന്റെ കാലബോധം സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നാണ്; പ്രത്യേകിച്ച് കാലാന്തരങ്ങള്‍, കാണാപ്പുറങ്ങള്‍ എന്ന നോവലുകളില്‍ ഇതിന്റെ സമഗ്രമായ ഒഴുകിപ്പരക്കലുണ്ട്. അതൊരുതരം സാത്മീകരണ (Assimilation)മാണ്. ‘കാലാന്തരങ്ങള്‍’ എന്ന നോവലില്‍ കാലം ജീവിതത്തിന്റെ തന്നെ നിമ്ന്നോന്നതങ്ങളിലൂടെ ഒഴുകിപ്പോകുന്നതു കാണാം. കഥാപാത്രങ്ങളെ കൂട്ടിക്കെട്ടുന്നതും അയച്ചു വിടുന്നതും ഇവിടെ കാലമാകുന്നു. അതുകൊണ്ടാണ് നോവല്‍ വായനയ്ക്ക് ശേഷവും കാലാതീതമായൊരു അനുഭവത്തിലേക്ക് ജീവിതത്തെകൊണ്ടെത്തിക്കാന്‍ ഈ എഴുത്തുകാരന് കഴിയുന്നത്. ഇങ്ങനെ വ്യതിരിക്തമായ അനുഭവവീക്ഷണത്തിലൂന്നിയ സമഗ്രജീവിതദര്‍ശനമാണ് കാരൂരിന്റെ സര്‍ഗാത്മക രചനകളുടെ അകംപൊരുള്‍. അതില്‍ ക്ഷോഭമോ, പകയോ അസ്വസ്ഥതയോ അല്ല, ഉണര്‍ന്നു കിടക്കുന്നത്. ജീവിതത്തിന്റെ തന്നെ സമുദ്ര വിശാലതയാണ് കാരൂരിന്റെ എഴുത്തിന്റെ പൊരുളടക്കം.