ഇന്ന് സെപ്റ്റംബർ 6 വെള്ളിയാഴ്ച അത്തം. ഇനി പത്ത് ദിനം കഴിയുമ്പോൾ തിരുവോണമിങ്ങെത്തും. ‘അത്തം പത്തിന് പൊന്നോണം’ എന്ന പാടിപ്പതിഞ്ഞ ചൊല്ലിൽ ഇത്തവണ ചിലർക്കെങ്കിലും ആശയക്കുഴപ്പമുണ്ടായി. ഓണത്തിന്റെ ആദ്യദിനമായ അത്തം നക്ഷത്രം, സഞ്ചാരദൈർഘ്യംകൂടി മറ്റൊരു ദിവസത്തേക്ക് വ്യാപിച്ചതാണ് ചിലരിലെങ്കിലും ആശയക്കുഴപ്പമുണ്ടാക്കിയത്. തൃക്കാക്കര വാമനക്ഷേത്രത്തിലും ഗുരുവായൂർ ക്ഷേത്രത്തിലും ഉൾപ്പെടെ പ്രധാനയിടങ്ങളിലെല്ലാം ഓണത്തിന്റെ ഭാഗമായുള്ള പൂവിടൽ ആരംഭിക്കുന്നത് വെള്ളിയാഴ്ചമുതലാണ്. അതുകൊണ്ടുതന്നെ, അത്തം പത്തിനോ പതിനൊന്നിനോ തിരുവോണം എന്ന സംശയത്തിനു സ്ഥാനമില്ല, പത്തിനുതന്നെയാണ്. സെപ്തംബര്‍ 15 ന് ആണ് തിരുവോണം.
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പത്ത് നാളുകള്‍ക്കാണ് അത്തം മുതല്‍ തുടക്കമാവുന്നത്. ഓണത്തിനു പത്തു നാൾ മുൻപ് അത്തം തൊട്ട് മുറ്റത്തു പൂക്കളമൊരുക്കി ആഘോഷം തുടങ്ങും. തിരുവോണം വരെയുള്ള പത്ത് ദിവസങ്ങളിലും അതിന്റെതായ പ്രത്യേക ആചാരങ്ങളും രീതികളും അനുഷ്ഠിക്കേണ്ടതായിട്ടുണ്ട്. ഓണാഘോഷത്തിന്റെ തുടക്കം കുറിക്കുന്ന ഈ ദിവസം ആളുകള്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത് പതിവാണ്. മാവേലിയെ ഭൂമിയില്‍ നിന്ന് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതായി കരുതപ്പെടുന്ന കേരളത്തിലെ കൊച്ചിക്ക് സമീപമുള്ള തൃപ്പൂണിത്തുറയില്‍ അത്ത ചമയ ഘോഷയാത്ര ഈ ദിവസമാണ് നടക്കുന്നത്. മഹാബലി ചക്രവര്‍ത്തി നാടുകാണാനെത്തുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന തിരുവോണദിനത്തിന്റെ മുന്നോടിയായുള്ള ഒരുക്കങ്ങളുടെ തുടക്കം എന്ന നിലയ്ക്കും ഈ ദിവസം അടയാളപ്പെടുത്തുന്നു. ചുരുക്കി പറഞ്ഞാൽ ഓണം ഇങ്ങെത്തിയെന്ന് സാരം. മലയാളിക്ക് ഓണം വെറുമൊരു ആഘോഷം മാത്രമല്ല, മറിച്ച് അതൊരു വികാരമാണ്. ഏതു ഭൂഖണ്ഡമോ രാജ്യമോ നാടോ ആയിക്കൊള്ളട്ടെ, അവിടെ മലയാളികളുണ്ടോ അവർക്ക് ഓണവുമുണ്ടാകും.