കൊച്ചി: മോഡലിങ്ങിന്റെയും ഫാഷൻ ഷോകളുടെയും മറവിൽ യുവതികളെ വിദേശത്തെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയും മനുഷ്യക്കടത്ത് നടത്തുകയും ചെയ്ത കേസിൽ ഒരു യുവതി കൂടി പൊലീസിന്റെ പിടിയിലായി. പൊന്നാനി സ്വദേശിനി മഞ്ജിമയാണ് മരട് പൊലീസിന്റെ പിടിയിലായത്. ഇതോടെ അന്താരാഷ്ട്ര സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട് കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കേസിൽ ഇന്ദു, അലീന എന്നീ രണ്ട് യുവതികളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈയിൽ നിന്ന് പിടിയിലായ ഒന്നാം പ്രതി സിന്ധുവിനെ ഇന്ന് കൊച്ചിയിലെത്തിക്കും.
സോഷ്യൽ മീഡിയ വഴി പ്രമുഖ സെലിബ്രിറ്റികളെ ഉപയോഗിച്ച് പരസ്യം നൽകിയാണ് പ്രതികൾ ഇരകളെ ആകർഷിച്ചിരുന്നത്. ഉയർന്ന പ്രതിഫലം ലഭിക്കുന്ന ഫാഷൻ ഷോകളിൽ പങ്കെടുപ്പിക്കാമെന്നും വിദേശത്ത് മോഡലിങ് ജോലി നൽകാമെന്നും വാഗ്ദാനം ചെയ്താണ് യുവതികളെ സംഘം വലയിലാക്കിയത്. പരസ്യങ്ങളുടെ വിശ്വസനീയത കണ്ട് കെണിയിൽ വീണ മോഡലുകളെ പ്രതികളായ അലീനയും സിന്ധുവും ചേർന്നാണ് ദുബായിലേക്ക് കടത്തിയത്. വിമാനത്താവളത്തിൽ നിന്ന് ഇവരെ നേരെ കൊണ്ടുപോയത് ആളൊഴിഞ്ഞ ഫ്ലാറ്റുകളിലേക്കായിരുന്നു.
ദുബായിലെത്തിച്ച യുവതികൾക്ക് മദ്യത്തിലും ഭക്ഷണത്തിലും മാരകമായ മയക്കുമരുന്ന് കലർത്തി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പ്രതികരണ ശേഷി നഷ്ടപ്പെട്ട യുവതികളെ പലർക്കായി കാഴ്ചവെച്ചു. ഈ പീഡന ദൃശ്യങ്ങളും ചിത്രങ്ങളും മൊബൈൽ ഫോണുകളിൽ പകർത്തി, പിന്നീട് ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയും ക്രൂരമായി മർദ്ദിച്ചും പെൺകുട്ടികളെ റാക്കറ്റിന്റെ ഭാഗമാക്കാൻ ശ്രമിക്കുകയായിരുന്നു ഇവരുടെ രീതി.
നിലവിൽ മരട് പൊലീസിന് മുന്നിൽ മൂന്ന് പരാതികളാണ് ലഭിച്ചിട്ടുള്ളത്. കൊച്ചിയിലെ പ്രാദേശിക ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുള്ള അലീന മുൻപും സമാനമായ ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ രാജ്യാന്തര സെക്സ് റാക്കറ്റിലെ കൂടുതൽ കണ്ണികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും വിദേശത്തുള്ള പ്രതികൾ ഉൾപ്പെടെ റാക്കറ്റിലെ മറ്റ് രണ്ടുപേരെക്കൂടി പിടികൂടാനായി അന്വേഷണം ഊർജിതമാക്കിയതായും കൊച്ചി പൊലീസ് അറിയിച്ചു.

