
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇന്നു തുടക്കം. 16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടർമാരാണ് ആദ്യഘട്ടത്തിൽ വോട്ടു ചെയ്യുക. ജനവിധി തേടുന്നത് 1625 സ്ഥാനാർഥികൾ. 18 ലക്ഷം പോളിങ് ബൂത്തുകളുണ്ട്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.
തമിഴ്നാട്ടിലെ 39 സീറ്റുകളിലും ഒറ്റ ഘട്ടമായി വോട്ടെടുപ്പ് ഇന്നു പൂർത്തിയാകും. ദ്രാവിഡമണ്ണില്‍ ചുവടുറപ്പിക്കാന്‍ കിണഞ്ഞുശ്രമിക്കുന്ന ബിജെപിക്ക് ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. കെ അണ്ണാമലൈയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക് തമിഴ്‌നാട്ടിലെ ദ്രാവിഡ കോട്ട ഭേദിക്കാനാകുമോ എന്നാണ് തമിഴ് രാഷ്ട്രീയം കാത്തിരിക്കുന്നത്. 2019-ലെ ഫലം സംസ്ഥാനത്ത് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഡിഎംകെ. അതേസമയം, തുടര്‍ച്ചയായി രണ്ട് തെരഞ്ഞെടുപ്പുകളില്‍ തോറ്റതിന് ശേഷമുള്ള തിരിച്ചുവരവാണ് ഈ തെരഞ്ഞെടുപ്പെന്നാണ് എഐഎഡിഎംകെയുടെ പ്രതീക്ഷ.
അരുണാചൽ പ്രദേശ് (60 മണ്ഡലം), സിക്കിം (32 മണ്ഡലം) എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും ഇന്നു നടക്കും. 102 മണ്ഡലങ്ങളിൽ 2019 -ൽ എൻഡിഎ 51 സീറ്റും ഇപ്പോഴത്തെ ഇന്ത്യാമുന്നണി കക്ഷികൾ 48 സീറ്റും നേടി.
ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 4 വരെ ഏഴ് ഘട്ടമായാണ് നടക്കുന്നത്. ഇത്തവണ നീണ്ട 44 ദിവസമാണ് തെരഞ്ഞെടുപ്പ് ദിനങ്ങള്‍. ആദ്യ ഘട്ടം ഏപ്രിൽ 19-നും, രണ്ടാം ഘട്ടം ഏപ്രിൽ 26-നും, മൂന്നാം ഘട്ടം മെയ് ഏഴിനും, നാലാം ഘട്ടം മെയ് 13-നും, അഞ്ചാം ഘട്ടം മെയ് 20-നും, ആറാം ഘട്ടം മെയ് 25-നും, ഏഴാം ഘട്ടം ജൂൺ ഒന്നിനും നടക്കും. ജൂൺ നാലിനാണ് രാജ്യമെമ്പാടും വോട്ടെണ്ണൽ. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ദൈര്‍ഘ്യം പരിഗണിച്ചാല്‍ ഏറ്റവും വലിയ രണ്ടാമത്തെ തെരഞ്ഞെടുപ്പാണിത്. നാല് മാസം നീണ്ടുനിന്ന 1951-52 പൊതു തെരഞ്ഞെടുപ്പാണ് മുന്നില്‍.