
കാൻബറ: 2025 ഏപ്രിൽ–മേയിൽ നടക്കുന്ന ഓസ്ട്രേലിയൻ സെനറ്റ് (ഇന്ത്യയിലെ രാജ്യസഭയ്ക്കു തുല്യം) തിരഞ്ഞെടുപ്പിൽ കൊല്ലം പട്ടത്താനം വടക്കേടത്ത് വീട്ടിൽ പരേതരായ വി.സി.ചാക്കോ തരകൻ–രാജമ്മ ദമ്പതികളുടെ ഇളയമകൻ ജേക്കബ് തരകൻ വടക്കേടത്ത് (52) ലിബറൽ പാർട്ടിയുടെ സ്ഥാനാർഥിയാകും. ഓസ്ട്രേലിയയിലെ മുഖ്യ പാർട്ടികളിൽ സെനറ്റ് അംഗമായി മത്സരിക്കാൻ അവസരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ജേക്കബ്.
തലസ്ഥാനമായ കാൻബറ ഉൾപ്പെടുന്ന ഓസ്ട്രേലിയൻ ക്യാപ്പിറ്റൽ ടെറിട്ടറി (എസിടി) എന്ന ദ്വയാംഗ മണ്ഡലത്തിലാണ് ജേക്കബ് സ്ഥാനാർഥിയാകുന്നത്. പാർട്ടി തലത്തിൽ നടന്ന വോട്ടെടുപ്പിൽ ജേക്കബിന്റെ സ്ഥാനാർഥിത്വം സ്ഥിരീകരിച്ചത് ഏപ്രിൽ അവസാനമാണ്. ജേക്കബ് ഉൾപ്പെടെ 4 പേരാണ് ലിബറൽ പാർട്ടി സ്ഥാനാർഥിത്വത്തിനു വേണ്ടി മത്സരിച്ചത്. തിരഞ്ഞെടുപ്പിന് ഒരു വർഷം മുൻപു തന്നെ സ്ഥാനാർഥിയെ നിശ്ചയിച്ചാണ് ഇവിടെ മത്സരം. ഏകദേശം 3 ലക്ഷം വോട്ടർമാരാണ് ഈ മണ്ഡലത്തിലുള്ളത്. മുൻഗണന വോട്ടിങ് (പ്രിഫറൻഷ്യൽ വോട്ടിങ്) രീതിയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ 33 ശതമാനത്തിൽ അധികം വോട്ടു നേടുന്ന രണ്ടു പേരാണ് സെനറ്റിൽ എസിടിയെ പ്രതിനിധീകരിക്കുന്നത്. 3 വർഷമാണ് സെനറ്റിന്റെ കാലാവധി. 2022-ൽ ആയിരുന്നു മുൻപ് തിരഞ്ഞെടുപ്പ് നടന്നത്. അന്ന് എസിടിയിൽ നിന്നു ജയിച്ചത് ഒരു ലേബർ പാർട്ടി സ്ഥാനാർഥിയും മറ്റൊരു സ്വതന്ത്രനുമാണ്. അതിനു മുൻപ് എല്ലാ തിരഞ്ഞെടുപ്പിലും ലിബറൽ പാർട്ടി സ്ഥാനാർഥി ജയിച്ച മണ്ഡലമാണ് എസിടിയെന്ന് ജേക്കബ് പറഞ്ഞു. ഇവിടെ ലിബറൽ പാർട്ടിയുടെ ഏക സ്ഥാനാർഥിയാണ്.
വിജയ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2022 വരെ മൂന്നു തവണ തുടർച്ചയായി ഓസ്ട്രേലിയ ഭരിച്ചിരുന്നത് ലിബറൽ പാർട്ടിയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ചയെ തുടർന്നാണ് അവർക്കു ഭരണം നഷ്ടമായതും ലേബർ പാർട്ടി അധികാരത്തിൽ എത്തിയതും. എംബിഎ പഠനത്തിനായാണ് 1998-ൽ ജേക്കബ് ഓസ്ട്രേലിയയിലേക്ക് പോയത്. പഠനത്തിനു ശേഷം 2019 വരെ ഫിനാൻസ് ഡിപ്പാർട്മെന്റിൽ ജോലി ചെയ്തു. പിന്നീട് കെപിഎംജി എന്ന ബഹുരാഷ്ട്ര കമ്പനിയിലും. കുടുംബമായി അവിടെ താമസിക്കുന്ന ജേക്കബ് നിലവിൽ പ്രതിരോധ വകുപ്പിൽ കൺസൽറ്റന്റാണ്. ഭാര്യ ബീനു ജേക്കബ് സർക്കാർ ഉദ്യോഗസ്ഥയാണ്. ജോഹാൻ ജേക്കബ്, കാരൾ ജേക്കബ് എന്നിവരാണ് മക്കൾ.