പാക് അധീന കശ്മീർ താത്കാലികമായി നഷ്ടമായത് ചിലരുടെ കഴിവില്ലായ്മയും പിഴവും കാരണം: എസ്‌ ജയശങ്കർ.

നാസിക്: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റുവിനെയും കോൺഗ്രസിനെയും പരോക്ഷമായി വിമർശിച്ച് വിദേശകാര്യമന്ത്രി എസ്‌ ജയശങ്കർ. ഇന്ത്യക്ക് പാക് അധീന കശ്‍മീരിലുള്ള അധികാരം താത്കാലികമായി നഷ്ടപ്പെട്ടത് ചിലരുടെ കഴിവില്ലായ്മയും പിഴവും കൊണ്ടാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ‘വിശ്വബന്ധു ഭാരത്’ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി കടന്നുപോകുന്നത് പാക് അധീന ജിൽജിത്ത് ബാൾട്ടിസ്താനിലൂടെയാണ്. പാക് അധീന കശ്മീർ തിരികെ യോജിപ്പിക്കാൻ ഇന്ത്യ ലക്ഷ്മണ രേഖ കടക്കുകയാണെങ്കിൽ ചൈന എങ്ങനെ പ്രതികരിക്കുമെന്ന ചോദ്യത്തിനായിരുന്നു ജയശങ്കറിന്റെ മറുപടി. “അവിടെ ലക്ഷ്മണരേഖ എന്നൊന്ന് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ചൈനയുടെ പാക് അധീന കശ്‌മീരിലെ കടന്നുകയറ്റത്തെ വിമർശിച്ച അദ്ദേഹം ചൈനയും പാക്കിസ്ഥാനും കാലങ്ങളായി ഒരുമിച്ച് ചേർന്ന് ഇത്തരം പ്രവർത്തങ്ങളിൽ ഏർപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. എന്നാൽ ചൈനക്കോ പാക്കിസ്ഥാനോ പാക് അധീന കശ്മീരിൽ പരമാധികാരം അവകാശപ്പെടാൻ ആവില്ലെന്നും അത് ഇന്ത്യയുടേത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 1963 -ൽ പാക്കിസ്ഥാൻ ഏകപക്ഷീയമായി ചൈനയ്‌ക്ക് പാക് അധീന കശ്മീരിന്റെ 5,000 കിലോമീറ്റർ പ്രദേശം കൈമാറിയിരുന്നു. എന്നാൽ അതിർത്തി പ്രദേശത്തിന്റെ അവകാശം പാക്കിസ്ഥാനായാലും ഇന്ത്യയ്‌ക്കായാലും അത് മാനിക്കുമെന്ന് ചൈന കരാറിൽ വ്യക്തമാക്കിയിരുന്നതായി ജയശങ്കർ പറഞ്ഞു. പത്തുവർഷം മുൻപ് ഈ വിഷയം സംസാരിക്കാനുള്ള ധൈര്യംപോലും ഇവിടെ ആർക്കും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് അത് മാറി. ഇന്നത്തെ ഇന്ത്യൻ സമൂഹം പാക് അധീന കശ്മീർ ഇന്ത്യ തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും ആ പ്രദേശം ഇന്ത്യ തിരിച്ചുപിടിക്കുക തന്നെ ചെയ്യുമെന്നും ഹൂഗ്ലി ജില്ലയിലെ ശ്രീരാംപൂറിൽ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ ആവർത്തിച്ചു പറഞ്ഞു. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 എടുത്തുകളയുന്നതിനെ എതിർത്ത കോൺഗ്രസിനെയും തൃണമൂൽ കോൺഗ്രസിനെയും അദ്ദേഹം വിമർശിച്ചു. കശ്മീർ താഴ്‌വര ചോരക്കളമാകുമെന്നാണ് അവർ പറഞ്ഞത്. മുൻപ് കശ്മീർ സംഘർഷഭരിതമായിരുന്നു. ഇന്ന് അങ്ങിനെയല്ല. അതേപോലെയാണ് പാക് അധീന കശ്മീരും. ഇന്ന് അവിടം സംഘർഷഭരിതമാണ്. സ്വാതന്ത്ര്യത്തിനായുള്ള മുറവിളി മുൻപ് ഇന്ത്യയിൽ നിന്നാണ് ഉയർന്നത്. എന്നാൽ അതിന്ന് പാക്കിസ്ഥാനിൽ പാക് അധീന കശ്മീരിൽ നിന്നാണ് ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാക് അധീന കശ്മീരിൽ രൂക്ഷമായ വിലക്കയറ്റവും ഊർജ്ജ പ്രതിസന്ധിയും മൂലം ജനം തെരുവിലിറങ്ങിയിരുന്നു. ആദ്യം പ്രതിഷേധിച്ച വ്യാപാരികളിൽ കുറേയേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ജനരോഷം അണപൊട്ടിയത്. പിന്നീട് നടന്ന സംഘർഷത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടെന്നും 90 ലേറെ പൊലീസുകാർക്ക് പരിക്കേറ്റെന്നുമാണ് വിവരം. ഈ സംഭവങ്ങളുടെ പിന്നാലെ പാക്കിസ്ഥാൻ സർക്കാർ, പാക് അധീന കാശ്മീരിന് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. പ്രദേശത്ത് സാമൂഹിക ജീവിതം സംഘർഷഭരിതമായ ഇക്കഴിഞ്ഞ ദിവസങ്ങളിലെ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അമിത് ഷാ പ്രസംഗിച്ചത്.

മെയ് 10-ന് ആരംഭിച്ച പ്രതിഷേധമാണ് പാക് അധീന കശ്മീരിൽ നിയന്ത്രണാതീതമായി മാറിയത്. പാക്കിസ്ഥാനിലെ തന്നെ ഏറ്റവും വലിയ നഗരമായ പാക്ക് അധീന കശ്മീരിന്റെ തലസ്ഥാനം കൂടിയായ മുസാഫർബാദിലാണ് പൊതുജനം പ്രതിഷേധിച്ചത്. പൊതു ഗതാഗതം തടസ്സപ്പെടുകയും വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുകയും ചെയ്തതോടെ പ്രതിഷേധം ഹർത്താലിന് സമാനമായി മാറി. പൊലീസ് പലയിടത്തും ബാരിക്കേഡുകൾ സ്ഥാപിച്ചെങ്കിലും സമരക്കാർ ഇതെല്ലാം മറികടന്നു. മിർപുറിൽ പൊലീസും ജനങ്ങളും തമ്മിൽ ഏറ്റുമുട്ടി. ഞായറാഴ്ചയായപ്പോഴേക്കും പ്രദേശത്തെ സർക്കാർ ഓഫീസുകളും നിയമസഭാ മന്ദിരവും കോടതികളും സംരക്ഷിക്കാൻ അർധ സൈനിക വിഭാഗത്തെ രംഗത്തിറക്കി. പക്ഷെ സമരക്കാർ പിന്‍മാറിയില്ലെന്ന് മാത്രമല്ല കടുത്ത സംഘർഷത്തിലേക്ക് കാര്യങ്ങൾ മാറുകയും ചെയ്തു. റാവൽകോട്ടിലെ പ്രതിഷേധക്കാർ പാക് പതാക പരസ്യമായി മാറ്റുകയും പകരം ഇന്ത്യൻ ത്രിവർണ്ണ പതാക ഉയർത്തുകയും ചെയ്തു. ഇന്ത്യയിൽ ചേരാനുള്ള ആഹ്വാനങ്ങളും താഴ്വരയിൽ ഉണ്ടായിട്ടുണ്ട്.

പാക് അധീന കാശ്മീരിൽ ജനകീയ പ്രക്ഷോഭം; സ്വാതന്ത്യം ആവശ്യപ്പെട്ടു ജനങ്ങൾ തെരുവിൽ.