ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു.

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു.

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഹെലികോപ്റ്റർ അപകടത്തിൽപെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയ്ക്കും ഉദ്യോ​ഗസ്ഥർക്കും വേണ്ടിയുള്ള മണിക്കൂറുകൾ നീണ്ട തെരച്ചിൽ വിഫലമായി. ഇന്നലെ വൈകുന്നേരം ആറുമണിയോടെ ഹെലികോപ്റ്റർ അപകടത്തിൽ പെട്ട പ്രസിഡൻ്റിന്റെയും സംഘത്തിന്റെയും മരണം ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ തിരിച്ചിറക്കിയതാണ് അപകടത്തിന് കാരണമെന്നാണ് ഇറാൻ വാർത്താ ഏജൻസി വിശദീകരിച്ചത്. ഹെലികോപ്ടറിന് സമീപത്തുനിന്നും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ചില മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണെന്നും തിരിച്ചറിയാൻ കഴിയുന്നില്ലെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. അസർബൈജാൻ അതിർത്തിക്ക് സമീപം ജോൽഫ നഗരത്തിലാണ് പ്രസിഡന്റും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണത്. പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ മന്ത്രി ഹുസൈൻ അമിര്‍, ഈസ്റ്റേണ്‍ അസര്‍ബൈജാൻ ഗവര്‍ണര്‍ മലേക് റഹ്മതി, തബ്റിസ് ഇമാം മുഹമ്മദ് അലി അലെഹസം, പൈലറ്റ്, സഹപൈലറ്റ്, ക്രൂ ചീഫ്, സുരക്ഷാ മേധാവി, ബോഡി ഗാര്‍ഡ് എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവരെല്ലാം മരിച്ചെന്നാണ് ഇറാൻ മാധ്യമങ്ങള്‍ ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

അണക്കെട്ട് ഉദ്‌ഘാടനത്തിനായി അയൽരാജ്യമായ അസർബൈജാനിലേക്ക് നടത്തിയ സന്ദര്‍ശനത്തിനിടെയാണ് സംഭവം. മൂന്ന് ഹെലികോപ്റ്ററുകളിൽ പോയ ഉന്നത സംഘം തിരിച്ചുവരുന്നതിനിടെയാണ് ദാരുണാപകടമുണ്ടായത്. യാത്രാസംഘത്തിന്റെ മൂന്നു ഹെലികോപ്റ്ററുകളിൽ രണ്ടെണ്ണവും സുരക്ഷിതമായി ഇറാനിൽ മടങ്ങിയെത്തിയെങ്കിലും പ്രസിഡന്‍റ് റെയ്‌സിയും വിദേശകാര്യ മന്ത്രിയും കയറിയ ഹെലികോപ്റ്റർ മാത്രം മൂടൽ മഞ്ഞിൽ കാണാതായി. പിന്നീട് ഹെലികോപ്റ്റര്‍ കണ്ടെത്താനായി രക്ഷാദൗത്യം ആരംഭിക്കുകയായിരുന്നു. ഏറെ ദുഷ്കരമായ ദൗത്യത്തിനൊടുവിലാണ് ഹെലികോപ്റ്റര്‍ കണ്ടെത്താനായത്. ആദ്യഘട്ടത്തില്‍ ഹെലികോപ്റ്റർ എവിടെയെന്ന് ഒരു സൂചനയും ലഭിച്ചിരുന്നില്ല.

തുർക്കിയിൽ നിന്നുള്ള ‘അകിൻസി’ ഡ്രോണുകൾ രക്ഷാപ്രവർത്തനത്തിന് എത്തിയാണ് ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഡ്രോണുകളുമായുള്ള ദൗത്യസംഘം ഹെലികോപ്റ്റർ തകർന്നുവീണ് കത്തുന്ന അസർബൈജാനിലെ തവിൽ പ്രദേശം കണ്ടെത്തുകയായിരുന്നു. ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെങ്കിലും ജീവനോടെ ആരും ഇല്ലെന്നായിരുന്നു ആദ്യ റിപ്പോർട്ട്. തുർക്കിയെ കൂടാതെ, തെരച്ചിലിന് സഹായിക്കുന്നതിനായി റഷ്യയും രം​ഗത്തെത്തി. പ്രത്യേക വിമാനങ്ങളും 50 പ്രൊഫഷണൽ മൗണ്ടെയ്ൻ രക്ഷാപ്രവർത്തകരെയും പ്രദേശത്തേക്ക് റഷ്യ അയച്ചു. അർമേനിയയിൽ നിന്ന് രണ്ട് പ്രത്യേക റഷ്യൻ ഹെലികോപ്റ്ററുകൾ സംഭവ സ്ഥലത്തേക്ക് അയയ്ക്കുമെന്ന് ഇറാനിയൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി ഐആർഎൻഎ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

പ്രസിഡന്‍റിന്റെ മരണ വാർത്ത സ്ഥിരീകരിച്ച ശേഷം ചേർന്ന മന്ത്രിസഭാ യോഗം റെയ്‌സിയുടെ ഇരിപ്പിടത്തിൽ കറുത്ത തുണി വിരിച്ചാണ് ചേർന്നത്. അൻപത് ദിവസത്തിനകം തെരഞ്ഞെടുപ്പിലൂടെ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കും.

ഗാസ യുദ്ധംമൂലം കലുഷിതമായ മധ്യപൂർവദേശ മേഖലയിൽ പ്രധാന ശക്തിയാണ് ഇറാൻ. പലസ്തീൻ വിഷയത്തിൽ ഇസ്രയേലുമായി റെയ്സി സ്ഥിരമായി കൊമ്പുകോർത്തിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ 300-ൽ അധികം ഡ്രോണുകളും മിസൈലുകളും ഇസ്രയേലിലേക്ക് അയച്ചുള്ള ആക്രമണം നടത്തിയത് റെയ്സിയുടെ അനുവാദത്തോടെയായിരുന്നു. ഇസ്രയേലിനെതിരെ പോരാടുന്ന ഗാസയിലെ ഹമാസിനും ലബനനിലെ ഹിസ്ബുല്ലയ്ക്കും ഇറാൻ ശക്തമായ പിന്തുണയാണു നൽകുന്നത്.