സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽ അകപ്പെട്ടതിനെ തുടർന്നു ഒരാൾക്ക് ജീവൻ നഷ്ടമാവുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്ക് പറക്കുകയായിരുന്ന വിമാനം, അടിയന്തിര സാഹചര്യത്തെ തുടർന്ന് ബാങ്കോക്കിലെ സുവർണഭൂമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി. ചൊവ്വാഴ്ച ബാങ്കോക്കിലെ പ്രാദേശിക സമയം വൈകുന്നേരം 3.45-ഓടെയായിരുന്നു എമർജൻസി ലാൻഡിങ്.
വിമാനത്തിൽ 211 യാത്രക്കാരും 18 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ലണ്ടൻ ഹീത്രു വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം യാത്ര തുടരുന്നതിനെ ജീവനക്കാർ ഭക്ഷണം വിളമ്പിക്കൊണ്ടിരിക്കുമ്പോഴാണ് ആകാശച്ചുഴിയിൽ പെട്ടത്. തായ്ലൻഡിന് അടുത്തെത്തിയപ്പോഴാണ് വിമാനം ഏകദേശം 37,000 അടി ഉയരത്തിൽ നിന്ന് 31,000 അടിയിലേക്ക് താഴ്ന്നത്. സീറ്റ് ബെൽറ്റ് ധരിക്കാതെ ഇരുന്നവരാണ് അപകടത്തിൽപെട്ടത് എന്നാണ് വിവരം. 73 വയസുകാരനായ ബ്രിട്ടീഷ് പൗരനാണ് മരിച്ചത്. ഹൃദയാഘാതമായിരിക്കാം ഇദ്ദേഹത്തിന്റെ മരണ കാരണമെന്നാണ് അനുമാനം. ഏഴ് പേർക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. 18 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഖേദവും യാത്രക്കാരന്റെ മരണത്തിൽ അനുശോചനവും അറിയിച്ച സിംഗപ്പൂർ എയർലൈൻസ്, യാത്രക്കാർക്ക് സഹായം എത്തിക്കാനായി ഒരു സംഘത്തെ ബാങ്കോക്കിലേക്ക് അയക്കുമെന്നും അറിയിച്ചിട്ടുണ്ട്.