‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന് ഗ്രാൻ പ്രി പുരസ്കാരം; ഇന്ത്യക്കും മലയാളത്തിനും അഭിമാനം.

‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന് ഗ്രാൻ പ്രി പുരസ്കാരം; ഇന്ത്യക്കും മലയാളത്തിനും അഭിമാനം.

കാൻ (ഫ്രാൻസ്)∙ പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന് കാൻ ചലച്ചിത്രമേളയിലെ ഗ്രാൻ പ്രി പുരസ്കാരം. മലയാളത്തിലും ഹിന്ദിയിലും ഒരുക്കിയ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത് മലയാളി താരങ്ങളായ ദിവ്യപ്രഭയും കനി കുസൃതിയുമാണ്. മുംബൈ സ്വദേശിയായ പായൽ കപാഡിയ എന്ന സംവിധായിക ഒരുക്കിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിനാണ് ഇത്തവണ ​മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ​ഗ്രാൻഡ് പ്രീ പുരസ്കാരം. 22 ചിത്രങ്ങളാണ് മത്സര വിഭാഗത്തിൽ ഉണ്ടായിരുന്നത്. ​ഗോൾഡൻ പാമിനായി മത്സരിച്ച ചിത്രത്തിന്റെ പ്രിമിയർ വെള്ളിയാഴ്ച ആയിരുന്നു. ഷോൺ ബേക്കർ സംവിധാനം ചെയ്ത ‘അനോറ’ യ്ക്കാണ് മേളയിലെ മികച്ച ചിത്രത്തിനുള്ള പാം ദോർ പുരസ്കാരം.

മുംബൈയിൽ ജോലി ചെയ്യുന്ന പ്രഭ, അനു എന്നീ മലയാളി നഴ്സുമാരുടെ കഥ പറയുന്ന സിനിമ ഇന്ത്യ-ഫ്രഞ്ച് സംരംഭമാണ്. ഛായ കദം, ഹൃദു ഹാറൂൺ തുടങ്ങിയവരും പ്രധാനവേഷങ്ങളിലുണ്ട്. മുപ്പതു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു ഇന്ത്യൻ ചിത്രം പാം ദോറിനു മത്സരിച്ചത്. ഇന്ത്യൻ സംവിധായികയുടെ കാൻ മത്സരവിഭാഗത്തിലെ ആദ്യചിത്രം എന്ന പ്രത്യേകതയുമുണ്ട്.