പാപ്പുവ ന്യൂ ഗിനിയയിൽ മരണസംഖ്യ 2000 കടന്നു; ഒരു ഗ്രാമം മുഴുവൻ മണ്ണിനടിയിലായി.

പാപ്പുവ ന്യൂ ഗിനിയയിൽ മരണസംഖ്യ 2000 കടന്നു; ഒരു ഗ്രാമം മുഴുവൻ മണ്ണിനടിയിലായി.

പോർട്ട് മൊറെസ്ബി: പാപ്പുവ ന്യൂ ​ഗിനിയയിലുണ്ടായ മണ്ണിടിച്ചിലിൽ മരണസംഖ്യ ഉയരുന്നു. ഏകദേശം 2,000-ത്തിലധികം പേർ മണ്ണിനടിയിൽ കുടുങ്ങിയതായി യുഎൻ റിപ്പോർട്ട്. വെള്ളിയാഴ്ചയാണ് പാപുവ ന്യൂ ഗിനിയയിൽ രൂക്ഷമായ മണ്ണിടിച്ചിലുണ്ടായത്. നിരവധി കെട്ടിടങ്ങളും മേഖലയിൽ തകർന്നു. കാർഷിക മേഖലയെ മണ്ണിടിച്ചിൽ തകർത്തതായാണ് ദേശീയ ദുരന്ത നിവാരണ വക്താവ് യുഎന്നിനോട് വിശദമാക്കിയിരിക്കുന്നത്. തലസ്ഥാനമായ പോർട്ട് മൊറെസ്ബിയിൽ നിന്ന് 600 കിലോമീറ്റർ വടക്കുപടിഞ്ഞറായി എങ്കാ പ്രവിശ്യയിലെ മംഗലോ പർവതത്തിന്റെ സിംഹഭാ​ഗമാണ് ഇടിഞ്ഞുവീണത്. ഉറക്കത്തിനിടയിൽ ആയതുകൊണ്ട് തന്നെ ഭൂരിഭാ​ഗം പേർക്കും രക്ഷപ്പെടാൻ പോലും സാധിച്ചില്ല. ഇത് മരണസംഖ്യ ഉ‌യരാൻ കാരണമായി.

1250-ഓളം പേർക്ക് കിടപ്പാടം നഷ്ടമായതായും അധികൃതർ വിശദമാക്കുന്നു. മണ്ണിടിച്ചിൽ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം മന്ദഗതിയിലാണെന്നും നിലവിലെ അസ്ഥിരമായ അവസ്ഥയിലെ രക്ഷാ പ്രവർത്തനം രക്ഷാപ്രവർത്തകരുടെ ജീവനും ആപത്ത് സൃഷ്ടിക്കുന്നതാണെന്നും പാപുവ ന്യൂ ഗിനിയ യുഎന്നിന് നൽകിയ റിപ്പോർട്ടിൽ വിശദമാക്കി. മണ്ണിടിച്ചിൽ സാരമായി ബാധിച്ച മേഖലയിൽ നാലായിരത്തോളം ആളുകളാണ് താമസിച്ചിരുന്നതെന്നാണ് കണക്കുകൾ വിശദമാക്കുന്നത്. മേഖലയിലെ ആദിവാസി വിഭാഗങ്ങൾക്കിടയിലെ ആഭ്യന്തര സംഘർഷങ്ങൾ മേഖലയിലേക്ക് രക്ഷാ പ്രവർത്തകരെ എത്തിക്കുന്നതിനും തടസമാവുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട് വിശദമാക്കുന്നത്. പ്രവിശ്യയിൽ ​ഗതാ​ഗതവും വൈദ്യുതിയും പൂർണമായി നിലച്ചു. സൈന്യവും ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളും പ്രാദേശിക സംഘടനകളുമാണ് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നത്.