കോട്ടയം: കേരളത്തിൽ കനത്തമഴ തുടരുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതി തീവ്ര മഴ തുടരുന്ന കോട്ടയത്തും എറണാകുളത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. വയനാടും കാസർകോടും കണ്ണൂരുമൊഴികെയുള്ള മറ്റ് 11 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. എറണാകുളത്തും കോട്ടയത്തും ഇന്നലെ രാത്രി മുതൽ തോരാത്ത മഴയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
കൊച്ചിയിൽ ഒന്നര മണിക്കൂറിൽ പെയ്തത് 98 മില്ലീമീറ്റർ മഴ. മേഘവിസ്ഫോടനം ആകാമെന്ന് കുസാറ്റിലെ ശാസ്ത്രജ്ഞർ പറഞ്ഞു. എന്നാൽ ഇതുസംബന്ധിച്ച് കാലാവസ്ഥാ വകുപ്പിന്‍റെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. പെരുമഴയിൽ കൊച്ചിയിൽ കനത്ത വെളളക്കെട്ടുണ്ടായി. കൊച്ചി നഗരസഭാ മേഖലയിലും തൃക്കാക്കര, കളമശേരി , തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റികളിലുളളവരേയുമാണ് ഏറെ ബാധിച്ചത്. എറണാകുളം ബൈപ്പാസിലടക്കം ഗതാഗതക്കുരുക്ക് രൂക്ഷമായി. നഗരത്തോട് ചേർന്ന താഴ്ന്ന മേഖലകളിലെ വീടുകളിലും വെളളം കയറി. കളമശ്ശേരിയിൽ ഏകദേശം 400 ഓളം വീടുകളിൽ വെള്ളം കയറി. കളമശ്ശേരി മൂലേപ്പാടത്ത് മാത്രം 200 ഓളം വീടുകളിലാണ് വെള്ളം കയറി. നിലവിൽ രണ്ട് ദുരിതാശ്വാസക്യാമ്പുകൾ കളമശ്ശേരിയിൽ ആരംഭിച്ചിട്ടുണ്ട്. കളമശ്ശേരി ഗവൺമെന്റ് സ്കൂളിലും, എച്ച്എംടി സ്കൂളിലുമാണ് ക്യാമ്പ് ആരംഭിച്ചിരിക്കുന്നത്.
കോട്ടയത്ത് കനത്തമഴ വലിയ നാശം വിതയ്ക്കുന്നു. ഭരണങ്ങാനം വില്ലേജിൽ ഇടമറുക് ചൊക്കല്ല് ഭാഗത്തു ഉരുൾപൊട്ടലുണ്ടായി. പ്രദേശത്ത് വ്യാപക നാശനഷ്ടം സംഭവിച്ചു. ഇവിടുത്തെ 7 വീടുകൾ ഉരുൾപ്പൊട്ടലിൽ തകർന്നു. കോട്ടയത്ത് വിവിധ മേഖലകളിൽ വലിയ നാശനഷ്ടമാണ് ഇന്നത്തെ മഴയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തലനാട് മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഈരാറ്റുപേട്ട നടക്കലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പാലാ നഗരത്തിലടക്കം വെള്ളംകയറിയിട്ടുണ്ട്. കോട്ടയം കുറുവിലങ്ങാട് വെള്ളക്കെട്ട് രൂക്ഷമായി. പള്ളിക്കവലയും വൈക്കം റോഡും മുങ്ങി. എംസി റോഡിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി.
കനത്ത മഴയിൽ സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് പേരാണ് മരിച്ചത്. ശക്തമായ മഴയിലും കാറ്റിലും വീട്ട് മുറ്റത്ത് നിന്ന തെങ്ങ് ദേഹത്തേക്ക് വീണ് യുവാവ് മരിച്ചു. ആലപ്പുഴ കുളങ്ങര ധർമ്മപാലന്റെ മകൻ അരവിന്ദ് ആണ് മരിച്ചത്. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. എറണാകുളം വേങ്ങൂരിൽ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു. ഐക്കരക്കുടി ഷൈബിന്റെ മകൻ എൽദോസ് ആണ് മരിച്ചത്.