ന്യൂ ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. മൂന്നാം തവണയും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. റിപ്പബ്ലിക്, ഇന്ത്യ ന്യൂസ്, ജന്‍ കി ബാത്ത്, എന്‍ഡിടിവി, ദൈനിക് ഭാസ്‌കര്‍ എന്നിവരെല്ലാം ബിജെപിക്ക് അനുകൂലമായാണ് പ്രവചിക്കുന്നത്. 350 സീറ്റിന് മുകളില്‍ എന്‍ഡിഎ സഖ്യത്തിന് നേടാന്‍ സാധിക്കുമെന്ന് ആറ് സര്‍വേകള്‍ പ്രവചിക്കുന്നു.
എൻഡിഎ 353 മുതല്‍ 368 വരെ സീറ്റുകള്‍ നേടുമെന്നാണ് റിപ്പബ്ലിക് മാട്രിസ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യം 118 സീറ്റ് മുതല്‍ 133 സീറ്റ് വരെയും മറ്റുള്ളവ 43 മുതല്‍ 48 വരെ സീറ്റുകള്‍ നേടുമെന്നാണ് റിപ്പബ്ലിക് മാട്രിസ് പ്രവചിക്കുന്നത്. എൻഡിഎ 362 മുതല്‍ 392 വരെ സീറ്റ് നേടുമെന്നാണ് ജൻകി ബാത് പ്രവചിക്കുന്നത്. ഇന്ത്യ സഖ്യം 141 മുതല്‍ 161 സീറ്റ് വരെ നേടുമെന്നും ജൻകി ബാത് പ്രവചിക്കുന്നു. എൻഡിഎ 359 സീറ്റും ഇന്ത്യ സഖ്യം 154 സീറ്റും മറ്റുവള്ളവര്‍ 30 സീറ്റും നേടുമെന്നാണ് റിപ്പബ്ലിക് ഭാരത് പി മാർക്ക് പ്രവചിക്കുന്നത്. എന്‍ഡിഎ 371 സീറ്റും ഇന്ത്യ സഖ്യം 125 സീറ്റും മറ്റുള്ളവര്‍ 47 സീറ്റും വിജയിക്കുമെന്ന് ന്യൂസ് എക്സും പ്രവചിക്കുന്നു. എൻഡിഎ തന്നെ അധികാരത്തിലെത്തുമെന്നാണ് സിഎൻഎനും പ്രവചിക്കുന്നത്. എൻഡിഎ 355 മുതൽ 370 സീറ്റും (ബിജെപി – 305 മുതൽ 315 ) ഇന്ത്യ സഖ്യം 125 മുതൽ 140 സീറ്റും (കോൺഗ്രസ് – 62 മുതൽ 72 ) മറ്റുള്ളവർ 42 മുതൽ 52 സീറ്റ് വരെയും നേടുമെന്നാണ് സിഎൻഎന്‍റെ പ്രവചനം. എൻഡിഎ 353 മുതൽ 383 സീറ്റ് വരെ നേടുമെന്നാണ് എബിപിയുടെ സർവ്വേ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യം 152 മുതൽ 182 സീറ്റ് വരെയും മറ്റുള്ളവർ 4 മുതൽ 12 വരെ സീറ്റ് നേടുമെന്നും എബിപി പ്രവചിക്കുന്നു.
Exit Poll Results: Indian Election 2024 >>
കേരളത്തില്‍ യുഡിഎഫിന് മേധാവിത്തം ഉണ്ടാകുമെന്നാണ് എല്ലാ എക്സിറ്റ് പോളുകളും പറയുന്നത്. ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ, ടൈംസ് നൗ-ഇടിജി, എബിപി സീവോട്ടർ, ഇന്ത്യ ടിവി-സിഎൻഎക്സ് എന്നിവയുടെ സർവേകളാണ് പുറത്തുവന്നത്. കേരളത്തിൽ എൽഡിഎഫിന് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്ന് എബിപി സീ വോട്ടർ സർവേ പ്രവചിച്ചു. യുഡിഎഫിന് 17 മുതൽ 19 സീറ്റുവരെയും എൻഡിഎക്ക് ഒന്ന് മുതൽ മൂന്ന് സീറ്റുവരെയും നേടാമെന്നും എബിപി സീ വോട്ടർ പ്രവചിക്കുന്നു. ശക്തിയേറിയ പോരാട്ടം നടന്ന തൃശൂരിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി വിജയിക്കുമെന്നാണ് സർവേ പറയുന്നത്. ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവേയും എൽഡിഎഫിന് തിരിച്ചടിയാണ് പ്രവചിക്കുന്നത്. എൽഡിഎഫ് പൂജ്യം മുതൽ ഒന്ന് വരെയും യുഡിഎഫ് 17 മുതൽ 18 വരെയും എൻഡിഎ 2 മുതൽ 3 വരെയും സീറ്റ് നേടുമെന്ന് പറയുന്നു. ടൈംസ് നൗ-ഇടിജി സർവേയിൽ എൽഡിഎഫിന് നാല് സീറ്റുകളാണ് പ്രവചിക്കുന്നത്. 14-15 സീറ്റുകൾ യുഡിഎഫിനും ഒരുസീറ്റ് എൻഡിഎക്കും പ്രവചിക്കുന്നു. ഇന്ത്യാ ടിവി-സിഎൻഎക്സ് സർവേയിൽ എൽഡിഎഫ് മൂന്ന് മുതൽ അഞ്ച് വരെയും യുഡിഎഫ് 13 മുതൽ 15 വരെയും എൻഡിഎ ഒന്ന് മുതൽ മൂന്ന് സീറ്റുവരെയും പ്രവചിക്കുന്നു. സംസ്ഥാനത്ത് എൽഡിഎഫിന്റെ വോട്ടുവിഹിതം ഇടിയുമെന്നും എൻഡിഎയുടെ വോട്ടുവിഹിതം വർധിക്കുമെന്നും എക്സിറ്റ് പോളുകൾ പറയുന്നു.