ന്യൂ ഡൽഹി: 292 സീറ്റുകളുമായി എൻ ഡി എ മുന്നണി കേന്ദ്രത്തിൽ വീണ്ടും അധികാരം ഉറപ്പിച്ചു. ഒറ്റക്ക് ഭൂരിപക്ഷം നേടി മൂന്നാമതും അധികാരത്തിലേറുകയും ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡിനൊപ്പമെത്തുകയും ചെയ്യുകയുമെന്ന നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും സ്വപ്നത്തിന് വിഘാതമായി ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യവും കരുത്തുതെളിയിച്ചു. അധികാരം നിലനിർത്തണമെങ്കിൽ സഖ്യകക്ഷികളുടെ സഹായം കൂടിയേ തീരുവെന്ന നിർബന്ധിതാവസ്ഥയിലാണ് ബിജെപി. ബിജെപി ഒറ്റയ്ക്ക് 240 സീറ്റുകളിലാണ് വിജയിച്ചത്. 99 സീറ്റുകൾ നേടിയ കോൺഗ്രസാണ് ഇന്ത്യാ മുന്നണിയിലെ ഏറ്റവും വലിയ ഒറ്റകക്ഷി.
Lok Sabha Election Results >>
Kerala Election Results >>
ജവഹർലാൽ നെഹ്‌റുവിന് ശേഷം തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിപദത്തിലെത്താനുള്ള തയ്യാറെടുപ്പിലാണ് മോദി. എന്നാൽ, മോദിയുടെയും എൻഡിഎയുടെയും വിജയത്തിന് തിളക്കം നന്നേകുറവാണെന്നതാണ് വസ്തുത. ഉത്തര്‍പ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലാണ് ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാകട്ടെ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനുമായില്ല. തമിഴ്‌നാട്ടിൽ പൂജ്യമാണ് കിട്ടിയത്. കർണാടകയിൽ സീറ്റും നഷ്ടപ്പെട്ടു. ആന്ധ്രാപ്രദേശിലും ബീഹാറിലും ബിജെപിയുടെ പ്രധാന പങ്കാളികളായ എൻ ചന്ദ്രബാബു നായിഡുവിൻ്റെ ടിഡിപിയും നിതീഷ് കുമാറിൻ്റെ ജെഡിയുവും മുന്നേറിയതാണ് എന്‍ഡിഎക്ക് തുണയായത്.
ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുടെ അത്ഭുതകരമായ തിരിച്ചുവരവും രാഹുൽ ഗാന്ധിയുടെ കീഴിൽ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് പാർട്ടിയുടെ ഉയിർത്തെഴുന്നേൽപ്പും ബിജെപിയെ പിന്നിലേക്ക് തള്ളി. അയോധ്യാക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തില്‍ പോലും സമാജ്‍വാദി പാര്‍ട്ടിയുടെ വിജയക്കൊടി പാറി. യുപിയിൽ എസ്പി 37 സീറ്റുകളാണ് നേടിയത്. ബിജെപി 33 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. കോണ്‍ഗ്രസ് ആറിടത്തും വിജയിച്ചു. യുപിയിലെ ബിജെപി സ്റ്റാര്‍ സ്ഥാനാര്‍ഥി സ്മൃതി ഇറാനി വമ്പന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. രാജസ്ഥാനിലും ഹരിയാനയിലും കോൺഗ്രസ് ശക്തമായി തിരിച്ചുവന്നു. 2019-ലെ 52 സീറ്റില്‍ നിന്ന് 99 സീറ്റുകളിലേക്ക് കോണ്‍ഗ്രസിന്‍റെ സീറ്റുനില മാറി. ബിജെപിയുടെ കോട്ടകളിലാണ് കോണ്‍ഗ്രസ് കടന്നുകയറിയത്. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തി. 22 ൽ നിന്ന് 29 സീറ്റുകളാക്കി തൃണമൂല്‍ നില ഉയര്‍ത്തി. ഒഡീഷയിലെ മുന്നേറ്റവും മധ്യപ്രദേശിലെ 29 സീറ്റുകളിലെ വിജയവും ഗുജറാത്തിലെ 26ൽ 25 സീറ്റുകളിലെ വിജയവും ബിജെപിക്ക് ഗുണം ചെയ്തു.
പ്രധാനമന്ത്രി മോദി തുടർച്ചയായി മൂന്നാം തവണയും വാരാണസി സീറ്റ് നിലനിർത്തിയെങ്കിലും വെറും 1.53 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മോദി ജയിച്ചു കയറിയത്. അതേസമയം രാഹുൽ ഗാന്ധി വയനാട്ടിലും റായ്ബറേലിയിലും യഥാക്രമം 3,64,422 വോട്ടുകളുടെയും 3,90,030 വോട്ടുകളുടെയും വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് ആധിപത്യം. യുഡിഎഫ് 18 മണ്ഡലങ്ങളിൽ വിജയിച്ചു. ഒരു സീറ്റ് നേടി ബിജെപി ചരിത്രം സൃഷ്ടിച്ചു. നടൻ സുരേഷ് ഗോപി തൃശൂർ മണ്ഡലത്തിൽ താമര ചിഹ്നത്തില്‍ വിജയിച്ചു. എൽഡിഎഫ് ആലത്തൂർ മണ്ഡലത്തിൽ ഒതുങ്ങി. മന്ത്രി കെ.രാധാകൃഷ്ണനാണ് എൽഡിഎഫിനായി മണ്ഡലം തിരിച്ചു പിടിച്ചത്. രാഹുൽ ഗാന്ധി മൂന്നു ലക്ഷത്തിലധികം വോട്ടിനു വയനാട്ടിൽ ജയിച്ചു.