ധൂമം’ യൂട്യൂബിൽ; പുതിയ OTT റിലീസുകൾ.

ധൂമം’ യൂട്യൂബിൽ; പുതിയ OTT റിലീസുകൾ.

ഫഹദ് ഫാസിലിനെ നായകനാക്കി ഹോംബാലെ ഫിലിംസ് നിർമിച്ച പാൻ ഇന്ത്യൻ ചിത്രം ‘ധൂമം’ യൂട്യൂബിലൂടെ റിലീസ് ചെയ്തു. സിഗരറ്റ് വിപണി പശ്ചാത്തലമാക്കുന്ന ചിത്രമാണ് ധൂമം. കഴിഞ്ഞ വർഷം ജൂൺ മാസത്തിലാണ് സിനിമ തിയറ്ററുകളിലെത്തിയത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഉൾപ്പടെയുള്ള ഭാഷകളിൽ ചിത്രം റിലീസിനെത്തിയിരുന്നു. അപർണ ബാലമുരളിയാണ് നായികയായി എത്തിയത്.

വർഷങ്ങൾക്കു ശേഷം: ജൂൺ 7: സോണി ലിവ്
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ജയ് ഗണേഷ്: മേയ് 24: മനോരമ മാക്സ്.
ഉണ്ണി മുകുന്ദൻ നായകനായെത്തിയ രഞ്ജിത്ത് ശങ്കർ ചിത്രം. സസ്പെൻസ്, സർപ്രൈസ്, ട്വിസ്റ്റ് എന്നിവയോടൊപ്പം മിസ്റ്റീരിയസ് എലമെൻസുകൾ ഉൾപ്പെടുത്തി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന വിധം ഒരുക്കിയ ചിത്രം തിയറ്ററുകളിലും മികച്ച പ്രതികരണം നേടി മുന്നേറിയിരുന്നു. മഹിമ നമ്പ്യാരാണ് നായിക. ജോമോൾ, ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയൻ, ബെൻസി മാത്യൂസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ‘മാളികപ്പുറം’ത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണിത്.

ഓ. ബേബി: മേയ് 23: ആമസോൺ പ്രൈം
‘രക്ഷാധികാരി ബൈജു’വിന് ശേഷം രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത ചിത്രം. ദിലീഷ് പോത്തനും ഒരു കൂട്ടം പുതുമുഖ അഭിനേതാക്കളും അണി ചേരുന്ന ‘ഒ, ബേബി’ ത്രില്ലർ ഗണത്തിലുള്ള സിനിമയാണ്. കഴിഞ്ഞ വർഷമായിരുന്നു സിനിമയുടെ റിലീസ്.

ക്രൂ: നെറ്റ്ഫ്ലിക്സ്
കരീന കപൂർ ഖാൻ, തബു, കൃതി സനോൻ എന്നിവർ പ്രധാന കഥാപാത്രമാകുന്ന ചിത്രം. ഹീസ്റ്റ് കോമഡിയിൽ എയർ ഹോസ്റ്റസ് ആയി എത്തുന്ന മൂന്ന് പെൺസുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. ‍‍

മൈതാൻ: ജൂൺ 7: ആമസോൺ പ്രൈം
അജയ് ദേവ്ഗൺ, പ്രിയാമണി, ഗജരാജ് റാവു എന്നിവർ അഭിനയിച്ച സ്പോർട്സ് ബയോപിക്. ദേശീയ അവാർഡ് ജേതാവായ ചലച്ചിത്ര നിർമാതാവ് അമിത് ശർമയാണ് സംവിധാനം. ഇന്ത്യൻ ഫുട്ബോൾ പരിശീലകനായിരുന്ന സയ്യിദ് അബ്ദുൾ റഹീമിന്‍റെ ജീവിതകഥയാണ് സിനിമ പറയുന്നത്.

ബഡേ മിയാൻ ഛോട്ടേ മിയാൻ: ജൂൺ 7: നെറ്റ്ഫ്ലിക്സ്
അക്ഷയ് കുമാറും ടൈഗര്‍ ഷ്റോഫും മുഖ്യവേഷങ്ങളിലെത്തിയ ആക്‌ഷൻ ചിത്രം. പൃഥ്വിരാജ് സുകുമാരൻ ആണ് വില്ലൻ വേഷത്തിലെത്തുന്നത്.

ഗോഡ്സില്ല മൈനസ് വൺ: ജൂൺ 1: നെറ്റ്ഫ്ലിക്സ്
125 കോടി ബജറ്റിൽ നിർമിച്ച ജാപ്പനീസ് ചിത്രം. 70 വർഷത്തിനിടയിൽ റിലീസ് ചെയ്ത 38 ഗോഡ്സില്ല സിനിമകളുടെ ചരിത്രത്തിൽ ഓസ്‌കർ നേടുന്ന ആദ്യ ഗോഡ്‌സില്ല സിനിമയാണിത്. 15 മില്യൻ യുഎസ് ഡോളർ മുടക്കിയ ‘ഗോ‍‍‍ഡ്സില്ല മൈനസ് വൺ’ ബോക്സ് ഓഫിസിൽ നിന്നും വാരിയത് 100 മില്യൻ ഡോളറാണ്. വടക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ജാപ്പനീസ് റിലീസായി ചിത്രം മാറിയിരുന്നു. യുഎസ് ബോക്‌സ് ഓഫfസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കലക‌്ഷൻ നേടിയ അഞ്ചാമത്തെ വിദേശ ഭാഷാ ചിത്രം കൂടിയാണിത്.

ദ് ഫസ്റ്റ് ഒമെൻ: ഹോട്ട്സ്റ്റാർ: മേയ് 30
ഹൊറർ ഫ്രാഞ്ചൈസിയായ ദ് ഒമെൻ സീരിസിന്റ പ്രീക്വല്‍ ആണ് ദ് ഫസ്റ്റ് ഒമെൻ. പള്ളിയിൽ സേവനം ആരംഭിക്കാൻ റോമിലേക്ക് അയയ്ക്കുന്ന മാർഗരറ്റ് എന്ന യുവതിയിലൂടെയാണ് സിനിമയുടെ തുടക്കം.

സ്വതന്ത്ര വീർ സവർക്കർ: സീ 5: മേയ് 28
രൺദീപ് ഹൂഡ നായകനായെത്തിയ ബോളിവുഡ് ചിത്രം. മഹേഷ് മഞ്ജ്‍രേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സന്ദീപ് സിങ്ങും അമിത് ബി. വാധ്വാനിയും ചേര്‍ന്നാണ്. മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങൾ, ലണ്ടൻ, ആൻഡമാൻ ദ്വീപ് എന്നിവടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. മഹേഷ് മഞ്ജ്‍രേക്കര്‍ക്കൊപ്പം റിഷി വിര്‍മാനിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മോൺസ്റ്റർ: മേയ് 16: നെറ്റ്ഫ്ലിക്സ്
ഒരു ഒറ്റപ്പെട്ട വീട്ടിലേക്ക് തട്ടിക്കൊണ്ടുപോകുന്ന രണ്ട് കുട്ടികളുടെ കഥ. അവരിൽ ഒരാൾ മറ്റൊരാളെ എങ്ങനെ രക്ഷപ്പെടുത്തുന്നുവെന്നതാണ് പ്രമേയം. ത്രില്ലര്‍ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഗംഭീര അനുഭവമാകും സിനിമ നൽകുക.