ടീം മോദി അധികാരമേറ്റു; കേരളത്തിൽനിന്ന് സുരേഷ് ഗോപി, ജോർജ് കുര്യൻ.

ടീം മോദി അധികാരമേറ്റു; കേരളത്തിൽനിന്ന് സുരേഷ് ഗോപി, ജോർജ് കുര്യൻ.

ദില്ലി: നരേന്ദ്രമോദിയുടെ മൂന്നാം മന്ത്രിസഭ ദില്ലിയില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ അധികാരമേറ്റു. ജവഹർലാല്‍ നെഹ്റുവിന് ശേഷം ഇത് ആദ്യമായി ഒരു പ്രധാനമന്ത്രി മൂന്നാമതും തുടര്‍ച്ചയായി അധികാരമേറ്റു എന്ന ചരിത്രം കുറിച്ചാണ് നരേന്ദ്രമോദി സത്യപ്രതിജ്‍ഞ ചെയ്തത്. പ്രധാനമന്ത്രിയെ കൂടാതെ 30 ക്യാബിനെറ്റ് മന്ത്രിമാർ ഉള്‍പ്പെടെ 71 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകങ്ങള്‍ ചൊല്ലിക്കൊടുത്തു.

രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ 8000ല്‍ അധികം പേരാണ് പങ്കെടുത്തത്. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ ഭരണാധികാരികള്‍ക്കും മറ്റ് അതിഥികള്‍ക്കും സിനിമാ താരങ്ങള്‍ക്കും ഒപ്പം പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ 250 പേര്‍ക്കും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, റിപ്പബ്ലിക് ഓഫ് സീഷെല്‍സ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥ് തുടങ്ങിയ പ്രമുഖര്‍ മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി.

കേരളത്തിൽ നിന്നുള്ള സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവർ സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിൽ ഇം​ഗ്ലീഷിലാണ് സുരേഷ് ​ഗോപി സത്യപ്രതിജ്ഞ ചെയ്തത്. തൃശൂരിൽ വമ്പൻ വിജയമാണ് സുരേഷ് ​ഗോപിയെ മന്ത്രി പദത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ഇം​ഗ്ലീഷിൽ ദൈവനാമത്തിലാണ് ജോർജ് കുര്യനും സത്യപ്രതിജ്ഞ ചെയ്തത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായിരുന്നു ജോർജ് കുര്യൻ. ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോർജ് കുര്യന് മന്ത്രിസഭയിൽ അംഗത്വം ലഭിച്ചത്.

മൂന്നാം മോദി സര്‍ക്കാരില്‍ ഘടക കക്ഷികള്‍ക്കും അര്‍ഹമായ പരിഗണന ലഭിച്ചു. ജെഡിയു-ടിഡിപി ഉള്‍പ്പെടെ ഘടകകക്ഷികളില്‍ നിന്ന് 12 പേര്‍ക്ക് മന്ത്രിസ്ഥാനം ലഭിച്ചു. എന്‍ഡിഎയിലെ രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ള ഘടക കക്ഷികളായ ടിഡിപി- ജെഡിയു എന്നിവയില്‍ നിന്ന് രണ്ടു മന്ത്രിമാര്‍വീതം സത്യപ്രതിജ്ഞ ചെയ്തു. കാബിനറ്റ് മന്ത്രിസ്ഥാനം നല്‍കാന്‍ ബിജെപി തയ്യാറാകാത്തതിനെ തുടര്‍ന്ന്, മന്ത്രിസഭയില്‍ ചേരാനില്ലെന്ന് എന്‍സിപി വ്യക്തമാക്കി. ക്യാബിനറ്റ് പദവി ലഭിക്കുന്നതുവരെ കാത്തിരിക്കാന്‍ തയ്യാറാണെന്ന് അജിത് പവാര്‍ വ്യക്തമാക്കി.

കാബിനറ്റ് മന്ത്രിമാർ
* രാജ്നാഥ് സിംഗ്
* അമിത് ഷാ
* നിതിൻ ഗഡ്കരി
* ജഗത് പ്രകാശ് നദ്ദ
* ശിവരാജ് സിംഗ് ചൗഹാൻ
* നിർമല സീതാരാമൻ
* എസ് ജയശങ്കർ
* മനോഹർ ലാൽ ഖട്ടർ
* എച്ച് ഡി കുമാരസ്വാമി
* പിയൂഷ് ഗോയൽ
* ധർമ്മേദ്ര പ്രധാൻ
* ജിതം റാം മാഞ്ചി
* രാജീവ് രഞ്ജൻ സിംഗ്/ലല്ലൻ സിംഗ്
* സർബാനന്ദ സോനോവാൾ
* ബീരേന്ദ്ര കുമാർ
* റാം മോഹൻ നായിഡു
* പ്രഹ്ലാദ് ജോഷി
* ജുവൽ ഓറം
* ഗിരിരാജ് സിംഗ്
* അശ്വിനി വൈഷ്ണവ്
* ജ്യോതിരാദിത്യ സിന്ധ്യ
* ഭൂപേന്ദർ യാദവ്
* ഗജേന്ദ്ര സിംഗ് ഷെഖാവത്
* അന്നപൂർണാ ദേവി
* കിരൺ റിജിജു
* ഹർദീപ് സിംഗ് പുരി
* മൻസുഖ് മാണ്ഡവ്യ
* ജി കിഷൻ റെഡ്ഡി
* ചിരാഗ് പാസ്വാൻ
* സി ആർ പാട്ടീൽ

സഹമന്ത്രി (സ്വതന്ത്ര ചുമതല)
* റാവു ഇന്ദർജിത് സിംഗ്
* ജിതേന്ദർ സിംഗ്
* അർജുൻ റാം മേഘ്‌വാൾ
* പ്രതാപറാവു ഗണപതിറാവു ജാദവ്
* ജയന്ത് ചൗധരി

സഹ മന്ത്രിമാർ
* ജിതിൻ പ്രസാദ
* ശ്രീപദ് നായിക്
* പങ്കജ് റാവു ചൗധരി
* കൃഷൻ പാൽ ഗുർജാർ
* രാംദാസ് അത്താവലെ
* രാംനാഥ് താക്കൂർ
* നിത്യാനന്ദ് റായ്
* അനുപിരിയ പട്ടേൽ
* വി സോമണ്ണ
* ചന്ദ്രശേഖർ പെമ്മസാനി
* എസ്പി സിംഗ് ബാഗേൽ
* ശോഭ കരന്ദ്‌ലാജെ
* കീർത്തി വർധൻ സിംഗ്
* ബിഎൽ വർമ
* ശന്തനു താക്കൂർ
* സുരേഷ് ഗോപി
* എൽ മുരുകൻ
* അജയ് തംത
* ബന്ദി സഞ്ജയ് കുമാർ
* കമലേഷ് പാസ്വാൻ
* ഭഗീരഥ് ചൗധരി
* സതീഷ് ചന്ദ്ര ദുബെ
* സഞ്ജയ് സേത്ത്
* രവ്നീത് സിംഗ് ബിട്ടു
* ദുർഗാദാസ് യുകെയ്
* രക്ഷ ഖഡ്സെ
* സുകാന്ത മജുംദാർ
* സാവിത്രി താക്കൂർ
* തോഖൻ സാഹു
* രഭൂഷൻ ചൗധരി
* ശ്രീനിവാസ വർമ്മ
* ഹർഷ് മൽഹോത്ര
* നിമുബെൻ ബംഭനിയ
* മുരളീധർ മൊഹോൾ
* ജോർജ് കുര്യൻ
* പബിത്ര മാർഗരിറ്റ