കുവൈത്ത് സിറ്റി/ദില്ലി: കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപ്പിടിത്തതിൽ മരിച്ച മലയാളികളില്‍ 15 പേരെ തിരിച്ചറിഞ്ഞു. ഇന്നലെ പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ 49 പേർ മരിച്ചതായാണ് റിപ്പോർട്ട്. പേരുകൾ പരിശോധിച്ചതിൽ നിന്ന് 25 പേർ മലയാളികളായിരിക്കാം എന്ന് കേരളത്തിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ്. അപകടം മലയാളി ഉടമയായ എന്‍ബിടിസിയുടെ കമ്പനിയുടെ ക്യാംപിലാണ് തീപിടിത്തമുണ്ടായത്.
മലപ്പുറം തിരൂർ കൂട്ടായി സ്വദേശി കോതപ്പറമ്പ് കുപ്പന്റെ പുരയ്ക്കൽ നൂഹ് (40), മലപ്പുറം പുലാമന്തോൾ തിരുത്ത് സ്വദേശി എം. പി. ബാഹുലേയൻ (36), ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് -ദീപ ദമ്പതികളുടെ മകൻ ശ്രീഹരി പ്രദീപ് (27), കാസർകോട് തൃക്കരിപ്പൂർ എളമ്പച്ചി സ്വദേശി കേളു പൊന്മലേരി, ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34), പാമ്പാടി സ്വദേശി സ്റ്റെഫിൻ ഏബ്രഹാം സാബു (29), പന്തളം മുടിയൂർക്കോണം സ്വദേശി ആകാശ് എസ്. നായർ, കൊല്ലം സ്വദേശി ഷമീർ ഉമറുദ്ദീൻ, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി. വി. മുരളീധരൻ (54), കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു–48), പുനലൂർ നരിക്കൽ വാഴവിള സ്വദേശി സാജൻ ജോർജ്, കോന്നി അട്ടച്ചാക്കൽ സ്വദേശി ചെന്നിശ്ശേരിയിൽ സജു വർഗീസ് (56), തിരുവല്ല മേപ്ര സ്വദേശി തോമസ് ഉമ്മൻ, കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ, കീഴ്വായ്പൂര് സ്വദേശി തേവരോട്ട് സിബിൻ ടി. ഏബ്രഹാം എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
195 പേരായിരുന്നു കെട്ടിടത്തിൽ താമസക്കാരായി ഉണ്ടായിരുന്നത്. താഴത്തെ നിലയിൽ തീ പടർന്നതോടെ മുകളിലുള്ള ഫ്‌ലാറ്റുകളിൽനിന്നു ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണ് പലർക്കും ജീവൻ നഷ്ടപ്പെട്ടത്. പരിക്കേറ്റ 50 -ലധികം പേരിൽ മൂപ്പതോളം പേർ മലയാളികളാണെന്ന് റിപ്പോർട്ടുണ്ട്. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന 35 പേരിൽ 7 പേരുടെ നില ഗുരുതരമാണ്. 5 പേർ വെന്റിലേറ്റിറലാണ്. പരിക്കേറ്റവരെ കുറിച്ചുമുള്ള വിവരങ്ങൾ ലഭിക്കുന്നതിനായി +965505246 എന്ന എമർജൻസി ഹെൽപ്പ് ലൈൻ നമ്പറുമായി ബന്ധപ്പെടണമെന്ന് എംബസി അറിയിച്ചു. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോർട്ട്. ആശുപത്രികളിൽ കഴിയുന്നവരെ ഇന്ത്യൻ സ്ഥാനപതി ആദർശ് സൈക്യ സന്ദർശിച്ചിരുന്നു. മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ടു ലക്ഷം രൂപ വീതമാണ് അനുവദിക്കുക.
കുവൈത്ത് വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചുവെന്നും അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന ഉറപ്പ് കിട്ടിയെന്നും വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. രക്ഷാപ്രവർത്തനത്തിൽ കുവൈറ്റ് സർക്കാരിൻ്റെ നടപടികളെ അഭിനന്ദിച്ചു. മൃതദേഹങ്ങൾ വേഗത്തിലെത്തിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും വിദേശകാര്യ സഹമന്ത്രി കുവൈത്തിലെത്തിയ ശേഷം സാഹചര്യം അവലോകനം ചെയ്യുമെന്നും ജയശങ്കർ അറിയിച്ചു.