ടെൽ അവീവ്: തെക്കൻ ഗാസയിലെ റഫയിൽ വൻ സ്ഫോടനം. എട്ട് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) സ്ഥിരീകരിച്ചു. പ്രാദേശിക സമയം പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സ്ഫോടനം. ഹമാസിനെ പ്രതിരോധിക്കാനായി രാപ്പകൽ ഓപ്പറേഷൻ നടത്തിയിരുന്ന സംഘത്തിൽ ഉൾപ്പെട്ടിരുന്നവരാണ് കൊല്ലപ്പെട്ടത്. ഹമാസിന്റെ ആക്രമണത്തിൽ ഒക്ടോബർ ഏഴ് മുതൽ ഇതുവരെ 307 ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.
ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ഹിസ്ബുളള കഴിഞ്ഞ ദിവസം ഇസ്രായേലിൽ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇസ്രായേലി തുറമുഖ നഗരമായ ഹൈഫയിൽ ആണ് ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണം നടത്തിയത്. തങ്ങളുടെ സീനിയർ കമാൻഡർ തലേബ് അബ്ദുള്ളയെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ഇസ്രായേലിന് ആക്രമിച്ചതെന്ന് ഹിസ്ബുളള പ്രഖ്യാപിച്ചിരുന്നു. തെക്കൻ ലെബനൻ ഗ്രാമമായ ജുവയിയയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ളയുടെ സീനിയർ കമാൻഡർ തലേബ് അബ്ദുള്ള കൊല്ലപ്പെട്ടിരുന്നത്.
ഗാസയിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് അമേരിക്ക മുന്നോട്ടുവച്ച മൂന്ന് ഘട്ട പദ്ധതി ഹമാസ് നിരാകരിക്കുകയാണ് ചെയ്തതെന്ന് ഇസ്രായേല്‍ ആരോപിച്ചു. പന്ത്രണ്ട് ദിവസം മുമ്പാണ് ഇസ്രായേലിന്റെ പദ്ധതി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അവതരിപ്പിച്ചത്. ഇതിന് കഴിഞ്ഞ ദിവസമാണ് ഹമാസ് മറുപടി നല്കിയത്. ഇസ്രായേലിന്റെ നിര്‍ദേശങ്ങളില്‍ തിരുത്തലുകള്‍ വരുത്തിയതായി ഹമാസ് അറിയിച്ചിരുന്നു. തങ്ങളുടെ പദ്ധതിയില്‍ ഹമാസ് തിരുത്തലുകള്‍ വരുത്തിയത് അത് നിരാകരിക്കുന്നതിന് തുല്യമെന്നാണ് ഇസ്രായേല്‍ അറിയിച്ചത്. ഖത്തര്‍, ഈജിപ്ത് എന്നിവരോടാണ് ഹമാസ് പ്രതികരണം അറിയിച്ചത്. വെടിനിര്‍ത്തല്‍ പ്രമേയം കഴിഞ്ഞ തിങ്കളാഴ്ച ഐക്യരാഷ്‌ട്രസഭാ രക്ഷാസമിതി അംഗീകരിച്ചിരുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഹമാസ് ബന്ദികളാക്കിയ ഇസ്രായേലികളെ വിട്ടയക്കും. രണ്ടാംഘട്ടത്തില്‍ സ്ഥിരമായ വെടിനിര്‍ത്തലും ബാക്കി തടവുകാരെ മോചിപ്പിക്കുന്നതും ഉള്‍പ്പെടും. ബന്ദികളുടെ മൃതദേഹങ്ങളുടെ കൈമാറ്റവും നടക്കും. മൂന്നാം ഘട്ടത്തില്‍ ഗാസ മുനമ്പിന്റെ പുനര്‍നിര്‍മാണത്തിന് നടപടികള്‍ ആരംഭിക്കും എന്നൊക്കെ ഉൾപെടുന്നതായിരുന്നു.
ഹമാസിന്റെ കടുംപിടിത്തവും യാഥാര്‍ഥ്യത്തിന് നിരക്കാത്ത ദേഭഗതി നിര്‍ദേശങ്ങളും വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് വിലങ്ങുതടിയാണെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും കുറ്റപ്പെടുത്തി. അതേസമയം, ഇസ്രായേലിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ സ്ഥിതി പ്രക്ഷുബ്ധമാണ്. ഹിസ്ബുല്ലയുടെ ആക്രമണം രൂക്ഷമായതോടെ ഇസ്രായേല്‍ പ്രദേശത്തേക്ക് കൂടുതല്‍ സൈന്യത്തെ അയച്ചു. ലബനാന് നേരെ യുദ്ധം ഉണ്ടായാല്‍ വെറുതെയിരിക്കില്ലെന്ന് ഇറാന്‍ ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കി. ഹിസ്ബുല്ല ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ ലബനാനെ ചുട്ടെരിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ഗസയില്‍ ഇസ്രായേല്‍ ആക്രമണം ഇപ്പോഴും തുടരുകയാണ്. ഗസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 37,202 ആയി. കഴിഞ്ഞ ഒക്ടോബർ 7 -നുണ്ടായ ഹമാസ് ആക്രമണത്തെ തുടർന്നാണ് ഇസ്രായേൽ ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.