വയനാട്: രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയും. വയനാട് മണ്ഡലം ഒഴിവാക്കി റായ്ബറേലി മണ്ഡലം നിലനിര്‍ത്തുന്നതായി അറിയിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി ലോക്സഭ സ്പീക്കറുടെ ഓഫീസിന് കത്ത് നല്‍കി. രാഹുൽഗാന്ധി വയനാട് മണ്ഡലം ഒഴിയുന്നതോടെയാണ് പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാൻ തീരുമാനമായത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുർ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം ആയത്. വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് വൻ ഭൂരിപക്ഷം നേടി എടുക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. ജൂലൈ രണ്ടാം വാരം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒന്നിച്ച് വയനാട് സന്ദര്‍ശിക്കുന്ന കാര്യമാണ് പരിഗണനയിലുള്ളത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കൂടി കണക്കിലെടുത്താണ് കോണ്‍ഗ്രസ് നേതൃത്വം പ്രിയങ്കയെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാക്കിയതെന്നാണ് വിവരം. കേരളത്തില്‍ കോണ്‍ഗ്രസിനെ രാഷ്ട്രീയമായി സഹായിക്കുമെന്ന വിലയിരുത്തലിലാണ് തീരുമാനം. ബിജെപിക്ക് സ്ത്രീകളുടെ ഇടയില്‍ പിന്തുണ കൂടുന്നതും കോണ്‍ഗ്രസ് വിലയിരുത്തി. പ്രിയങ്കയ്ക്ക് ഹിന്ദു വോട്ടുകളും സ്വാധീനിക്കാനാകുമെന്നും നേതാക്കള്‍ കണക്കുകൂട്ടുന്നു.
വയനാട്ടിൽ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയിൽ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുൽ ഗാന്ധിയുടെ വിജയം. 2019 -ലാണ് രാഹുൽ ഗാന്ധി വയനാട്ടിൽ ആദ്യമായി മത്സരിച്ചത്. അന്ന് സംസ്ഥാനത്തെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അന്ന് സിറ്റിങ് സീറ്റായ അമേഠിയിൽ മത്സരിച്ചെങ്കിലും സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു. ഇത്തവണ രാഹുൽ അമേഠിക്ക് പകരം റായ്ബറേലിയിലാണ് മത്സരിച്ചത്.