നളന്ദ സര്‍വകലാശാലയുടെ പുതിയ ക്യാമ്പസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു.

നളന്ദ സര്‍വകലാശാലയുടെ പുതിയ ക്യാമ്പസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു.

പട്‌ന: ഭാരതത്തിന്റെ മഹത്തായ ചരിത്രം വിളിച്ചോതുന്ന നളന്ദ സർവകലാശാല ഇന്ത്യയുടെ സുവർണയുഗത്തിന് തുടക്കമിടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർവകലാശാലയുടെ പുതിയ കാമ്പസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മോദി. സാംസ്കാരിക കൈമാറ്റത്തിന്റെ പ്രതീകമാണ് നളന്ദ. നളന്ദയെന്നത് വെറുമൊരു പേരല്ല. അത് ഒരു സ്വത്വവുമാണ്. അഗ്നിക്ക് പുസ്തകങ്ങളെ ഇല്ലാതാക്കാൻ കഴിയും എന്നാല്‍, അറിവിനെ ഇല്ലാതാക്കാൻ കഴിയില്ലെന്നും മോദി പറഞ്ഞു. നളന്ദ സര്‍വകലാശാല അറിവിന്റെ ഹബ്ബാണ്. നളന്ദയുടെ പുനര്‍നിര്‍മാണം ഇന്ത്യയുടെ സുവര്‍ണകാലഘട്ടത്തിന് തുടക്കമിടും. നളന്ദയുടെ പുനരജ്ജീവനം ഇന്ത്യയുടെ കഴിവുകളുടെ ആമുഖമാകും. നളന്ദ മാനുഷിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ രാജ്യങ്ങള്‍ക്ക് ഭൂതകാലത്തെ പുനരുജ്ജീവിപ്പിക്കാനും നല്ല ഭാവിക്ക് അടിത്തറയിടാനും പ്രേരകമാകും. ഇന്ത്യയുടെ ചരിത്രത്തിന്റെ വീണ്ടെടുപ്പ് മാത്രമല്ല പല ഏഷ്യൻ രാജ്യങ്ങളുടെ പൈതൃകവുമായും നളന്ദ ബന്ധപ്പെട്ടിരിക്കുന്നുവെന്നും മോദി പറഞ്ഞു.

ലോകത്തിലെ ഏറ്റവും സമഗ്രവും സമ്പൂര്‍ണവുമായ നൈപുണ്യ സംവിധാനവും ലോകത്തിലെ ഏറ്റവും നൂതനമായ ഗവേഷണാധിഷ്ഠിത ഉന്നതവിദ്യാഭ്യാസ സമ്പ്രദായവും ഇന്ത്യയില്‍ സൃഷ്ടിക്കുക എന്നതിനാണു ഞങ്ങളുടെ ശ്രമം. നളന്ദ ആഗോളലക്ഷ്യങ്ങളുടെ പ്രധാന കേന്ദ്രമായി മാറുമെന്ന് എനിക്ക് വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയും കിഴക്കന്‍ ഏഷ്യ ഉച്ചകോടി (EAS) രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തോടെയാണ് സര്‍വകലാശാല വിഭാവനം ചെയ്തിരിക്കുന്നത്. ബിഹാറിലെ രാജ്ഗിറിൽ 1,700 കോടി രൂപ മുടക്കിയാണ് സർവകലാശാല നിർമിച്ചത്. 17 രാജ്യങ്ങളിലെ സ്ഥാപനമേധാവികള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. പ്രധാനമന്ത്രി വൃക്ഷത്തൈ നടുകയും ചെയ്തു. ഒരുകാലത്ത് ഇന്ത്യയുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ജീവസുറ്റ കേന്ദ്രമായിരുന്നു നളന്ദയെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അറിവിന്റെയും വിദ്യാഭ്യാസത്തിന്റെയും തുടര്‍ച്ചയായ ഒഴുക്കാണ് നളന്ദയുടെ അര്‍ത്ഥമെന്നും ഇതാണ് വിദ്യാഭ്യാസത്തോടുള്ള ഇന്ത്യയുടെ സമീപനവും ചിന്തയുമെന്നും പറഞ്ഞു.

നളന്ദ – ചെറുവിവരണം

പുരാതന ഇന്ത്യയിലെ ഒരു സർവകലാശാലയായിരുന്നു നളന്ദ. ലോകത്തെ ആദ്യ അന്താ‍രാഷ്ട്ര റെസിഡെൻഷ്യൽ സർവകലാശാലയായി കണക്കാക്കുന്നു. ബുദ്ധമത വൈജ്ഞാനികകേന്ദ്രമായിരുന്ന നളന്ദ ബിഹാറിന്റെ തലസ്ഥാനമായ പറ്റ്നക്ക് 100 മൈൽ തെക്കുകിഴക്കായാണ്‌ സ്ഥിതി ചെയ്തിരുന്നത്. അഞ്ചാം നൂറ്റാണ്ടിൽ ഗുപ്തസാമ്രാജ്യത്തിനു കീഴിലാണ് നളന്ദ സർവകലാശാല ജന്മമെടുക്കുന്നത്. ഗുപ്തസാമ്രാജ്യത്തിലെ കുമാരഗുപ്തൻ ആണ്‌ ഇത് പണികഴിപ്പിച്ചത്. ലോകമെമ്പാടുമുള്ള രണ്ടായിരത്തോളം അദ്ധ്യാപകരും പതിനായിരത്തോളം വിദ്യാർത്ഥികളും ഇവിടെ ഉണ്ടായിരുന്നു. ഇവിടെത്തന്നെ താമസിച്ചായിരുന്നു അവർ പഠിച്ചിരുന്നത്. 427 മുതൽ 1197 വരെയുള്ള എണ്ണൂറു വർഷക്കാലത്തോളം നളന്ദ പ്രവർത്തിച്ചു. പന്ത്രണ്ടു വർഷത്തെ പാഠ്യപദ്ധതിയായിരുന്നു ഇവിടെയുണ്ടായിരുന്നത്. വിദ്യാഭ്യാസം സൗജന്യവുമായിരുന്നു. ഏഴാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരി ഷ്വാൻ ത് സാങ് നളന്ദയിലെത്തുകയും ഇവിടെ അദ്ധ്യയനം നടത്തുകയും ചെയ്തിരുന്നു. 1193-ൽ മുഹമ്മദ്‌ ബിൻ ബക്തിയാർ ഖിൽജി നളന്ദാ സർവകലാശാലാസമുച്ചയം ആക്രമിച്ചു കീഴടക്കുകയും തീവക്കുകയും ചെയ്തു. രാജ്‌ഗിറിന് പതിനഞ്ചു കിലോമീറ്റർ ദൂരെയാണ് നളന്ദയുടെ അവശിഷ്ടങ്ങൾ സ്ഥിതി ചെയ്യുന്നത്. 800 വർഷങ്ങളായി ഈ അവശിഷ്ടങ്ങൾ അങ്ങനെ കിടക്കുന്നു. സർവകലാശാലയെ പഴയ പ്രതാപത്തോടെ പുനരുദ്ധരിക്കാനുള്ള തീരുമാനം 2009-ൽ തായ്‌ലന്റിലെ ഹുവാഹിനിൽ നടന്ന ആസിയാൻ ഉച്ചകോടിയിൽ എടുത്തു. ആസിയാനിലെ രാഷ്ട്രങ്ങളും ചൈന, ജപ്പാൻ‍, സിംഗപ്പൂർ‍ തുടങ്ങിയ ആറു രാജ്യങ്ങളും ചേർന്ന് സംയുക്തമായാണ് ഈ പുനർനിർമ്മാണം. സമിതി ചെയർമാൻ അമർത്യസെൻ ആണ്.