അദ്ധ്യായം 05: പെരുവഴിയമ്പലം

നോവൽ - കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 05: പെരുവഴിയമ്പലം

വെള്ളത്തില്‍ ജലജന്തുക്കള്‍ കൂട്ടമായി ജനിക്കട്ടെ; ഭൂമിയുടെ മീതെ ആകാശവിതാനത്തില്‍ പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു. ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തില്‍ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം ജീവജന്തുക്കളെയും അതതു തരം പറവജാതിയെയും സൃഷ്ടിച്ചു; നല്ലതു എന്നു ദൈവം കണ്ടു. നിങ്ങള്‍ വര്‍ദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തില്‍ നിറവിന്‍; പറവജാതി ഭൂമിയില്‍ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു. സന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം.

അവന്‍ മിഴിച്ചുനോക്കി.
അവള്‍ ഇങ്ങനെ നീണ്ടു നിവര്‍ന്നു കിടന്നുതന്നാല്‍ എന്താണു ചെയ്യുക.

തന്റെ പൗരുഷം തന്നെ ചോദ്യം ചെയ്യപ്പെടുന്നതായി അവനു തോന്നി.
അവള്‍ ഒന്നും മിണ്ടുന്നില്ല.

എന്തായിരിക്കും ആ ഹൃദയത്തില്‍ അലയടിക്കുന്ന വികാരങ്ങള്‍. അവളാഗ്രഹിക്കുന്നത് തന്റെ സ്നേഹമോ, അതോ തന്റെ ശരീരത്തെയോ. ഉള്ളിലൊരു പിശാച് ഉണരുന്നുണ്ട്. ഇല്ല, അതിനെ ഒരിക്കലും അവള്‍ തിരിച്ചറിയാന്‍ പാടില്ല. തിരിച്ചറിഞ്ഞാല്‍ അവിടെ അവസാനിക്കും ഈ ബന്ധം. ശരീരം കണ്ടു മോഹിച്ചല്ല താനവളെ ഇഷ്ടപ്പെട്ടത്. സ്വന്തം ബാഗ് വലിച്ചെറിഞ്ഞതുപോലെ അവള്‍ എന്നെ വലിച്ചെറിഞ്ഞാല്‍ അതു സഹിക്കാനായെന്നു വരില്ല. മനസ്സ് വല്ലാതെ പിടയുന്നു.

വീണ്ടും അവള്‍ ആവശ്യപ്പെടുന്നു.
“എന്താ, വയ്യേ…?”

ഉത്കണ്ഠ മുറ്റിയ കണ്ണുകളോടെ വീണ്ടും നോക്കി. ആ മുഖത്തേക്ക് നോക്കാനുള്ള ശക്തി ക്ഷയിച്ചു. ഞാനിത്രമാത്രം അവളെ കുത്തി മുറിവേല്പിച്ചോ? എന്റെ സൗഹൃദത്തിന് ഞാന്‍തന്നെ കോടാലി വെച്ചോ? വിഷാദം മുറ്റിയ കണ്ണുകള്‍. അവളുടെ മുന്നില്‍ നില്ക്കുമ്പോള്‍ ശ്വാസം മുട്ടുന്നു. അവന്‍ ഒന്നും മിണ്ടാതെ അകത്തെ മുറിയിലേക്ക് നടന്നു.

കതക് ചാരിയിട്ട് വയലിനെ നോക്കി. സുഖത്തിലും ദുഃഖത്തിലും ഈ വയലിന്‍ അവന്റെ ആത്മമിത്രമാണ്. അതില്‍ വിരിയുന്ന ഓരോ ശബ്ദവീചിയും മേഘങ്ങളില്‍ നിന്നു വരുന്ന മഞ്ഞുതുള്ളികള്‍പോലെയാണ്. ചുട്ടുപഴുത്ത മനസില്‍ കുളിര്‍ മഴയായി അതു പെയ്തിറങ്ങും. വയലിന്‍ തന്ത്രികളില്‍ അവന്‍ മെല്ലെ വിരലോടിച്ചു. അതിന്റെ ഇടറിയ ശബ്ദം മുറിയില്‍ പതറി വീണു. അവന്‍ വയലിനും ബോയും കൈയിലെടുത്തു, ഒരു വിഷാദഗാനം അതില്‍നിന്നുയര്‍ന്നു.

സംഗീതം അവളെ ഉണര്‍ത്തി, ഇത്ര മാത്രം ദേഷ്യം കാണിക്കേണ്ടിയിരുന്നില്ല. അവനൊരു തമാശ പറഞ്ഞതാണ്, അതിനുള്ള സ്വാതന്ത്ര്യം അവനുണ്ട്.

സ്വര്‍ഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങള്‍ ആകട്ടെ കര്‍ത്തൃത്വങ്ങള്‍ ആകട്ടെ വാഴ്ചകള്‍ ആകട്ടെ അധികാരങ്ങള്‍ആകട്ടെ സകലവും അവന്‍ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവന്‍ മുഖാന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവന്‍ സര്‍വ്വത്തിന്നും മുമ്പെയുള്ളവന്‍; അവന്‍ സകലത്തിന്നും ആധാരമായിരിക്കുന്നു.

സഹതാപത്തോടെ എഴുന്നേറ്റു. അവനിരുന്നു പാടുന്ന മുറിയിലേക്ക് നോക്കി. വയലിന്‍ തന്ത്രികളില്‍ പിടഞ്ഞ്പിടഞ്ഞ് മരിക്കാനുള്ള വെപ്രാളം. അവന്റെ ഉള്ളിലൊരു ചെകുത്താനുണ്ടോ എന്നറിയാനൊരു ശ്രമം കൂടി നടത്തി നോക്കിയതാണ്. പരീക്ഷണത്തില്‍ അവന്‍ തന്നെ പരാജയപ്പെടുത്തിയിരിക്കുന്നു.

കതക് തുറന്ന് മന്ദം മന്ദം അവന്റെ മുറിയിലേക്ക് കാലെടുത്തുവെച്ചു. കൃഷ്ണമണികള്‍ അവനില്‍ തറച്ചു. നിര്‍വ്വികാരതയോടെ നോക്കി. അവന്‍ കരയുകയാണോ? വയലിന്‍ സംഗീതത്തില്‍ അവള്‍ പോലും അവന്റെ മനസ്സില്‍ നിന്ന് മാഞ്ഞുപോയിരുന്നു. ആ ശപിക്കപ്പെട്ട നിമിഷങ്ങള്‍ക്കുള്ള പശ്ചാത്താപം പോലെ അവന്‍ വയലിന്‍ വായിച്ചു. അവന്റെ കണ്ണുകള്‍ അടഞ്ഞിരുന്നു. മിഴിനീര്‍ ധാരധാരയായി ഒഴുകുന്നു. അവളുടെ പുരികങ്ങള്‍ ഉയര്‍ന്നു. കണ്ണുകള്‍ നനഞ്ഞു. വിളറിയ കണ്ണുകളോടെ നോക്കി. മനസ്സില്‍ കുറ്റബോധം നിഴലിച്ചു.

അവനിത്ര സങ്കടപ്പെടുമെന്ന് കരുതിയില്ല. അവള്‍ അവനെ കെട്ടിപ്പിടിച്ചു, വിങ്ങിപ്പൊട്ടി. അവന്റെ വയലിന്‍ തന്ത്രികളിലൊന്ന് പൊട്ടി മാറി, വിരലില്‍ ചോര പൊടിഞ്ഞു. അവന്‍ കണ്ണുകള്‍ തുറന്നു. അവള്‍ അവന്റെ കണ്ണുനീര്‍ തുടച്ചുമാറ്റി. രണ്ടുപേരുടേയും കണ്ണുകള്‍ കലങ്ങിയിരുന്നു. ഹൃദയത്തില്‍ ആണി തറച്ചപോലുള്ള വേദന. അവര്‍ കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നു.

അവള്‍ അവനോടു പറ്റിച്ചേര്‍ന്നിരുന്നിട്ട് അവനെ ഇക്കിളിയിട്ടു. അവന്‍ പുളയുകയും മുരളുകയും ചെയ്തു. അവന്‍ തിരിച്ച് ഇക്കിളിയിടാന്‍ നോക്കിയപ്പോള്‍ അവള്‍ ചാടിയെഴുന്നേറ്റു. കൂടെ അവനും, അവര്‍ ഒരു ചുംബനത്തില്‍ ഒന്നായി. അധരം അധരത്തോടു പിണഞ്ഞു ചേര്‍ന്നു.

“ഒത്തിരി കരഞ്ഞു അല്ലേ? എന്തിനാ കരഞ്ഞേ?” അവള്‍ ചോദിച്ചു.
“നീ എന്തിനാ കരഞ്ഞേ? നീ നിന്നോടു ചോദിക്ക്.”

അവരുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി വിടര്‍ന്നു. അവര്‍ ഒന്നും മിണ്ടാതെയിരുന്നു. ആ മൗനത്തില്‍ സ്നേഹത്തിന്റെ തീച്ചൂള എരിയുകയായിരുന്നു. അവന്‍ നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു.
“എന്നോടു ക്ഷമിച്ചു എന്നൊന്നു പറഞ്ഞൂടെ?” അവന്‍ ചോദിച്ചു

“ക്ഷമിച്ചിരിക്കുന്നു. ഇനിയെങ്കിലും സാറിന് പുറത്തേയ്ക്കൊന്ന് എഴുന്നള്ളാമോ?”
പെട്ടെന്നവന്‍ അവള്‍ക്ക് ഒരു ചൂടുള്ള ചുംബനം കൊടുത്തിട്ട് അലമാരയില്‍ നിന്നു ഷര്‍ട്ട് എടുത്തിട്ടു.
അവന്‍ ചോദിച്ചു.
“നിന്റെ ആദ്യഫലം നീ എനിക്ക് കാഴ്ച വയ്ക്കുമോ?”
ലിന്‍ഡ കുസൃതിയോടെ മറുചോദ്യമിട്ടു.
“നീയാര് എന്റെ ദേവനോ വഴിപാട് നേരാന്‍.”
വീണ്ടും അവന്‍ പറഞ്ഞു.
“എല്ലാവര്‍ഷവും നിന്നില്‍ ഇലകള്‍ വളരുന്നു. കൊഴിയുന്നു. വീണ്ടും കിളിര്‍ക്കുന്നു. മൊട്ടുകള്‍, പൂക്കള്‍ വിടരുന്നു. ഫലം തരുന്നു. ഞാന്‍ അതെല്ലാം സംഭരിച്ചു വയ്ക്കും.”

പെട്ടെന്നവള്‍ പറഞ്ഞു.
“മതി മതി സാഹിത്യം. നമുക്ക് പോകാം.”
അവന്‍ ഷൂ ഇട്ട് അവള്‍ക്കൊപ്പം പുറത്തേക്കിറങ്ങി. അവര്‍ ലണ്ടനിലെ സെന്‍ട്രല്‍ പാര്‍ക്കിലെത്തി. അതിനുള്ളിലെ പച്ചപ്പരപ്പില്‍ പ്രാവുകള്‍ പ്രണയം പങ്കിടുന്നുണ്ടായിരുന്നു.

കത്തനാരെ കൊണ്ടുപോകാന്‍ പള്ളി ട്രഷറാര്‍ ഭൂതക്കുഴി കൈസര്‍ സീസ്സറുടെ വീട്ടിലെത്തി. പള്ളിയോടു ചേര്‍ന്നുള്ള വീട്ടിലാണ് കത്തനാര്‍ താമസിക്കുന്നത്. കൈസര്‍ ഒറ്റനോട്ടത്തില്‍ ഒരു യൂറോപ്യനായിട്ടേ തോന്നൂ. മദ്ധ്യവയസ്കനായ കൈസര്‍ സീസ്സറിന്റെ ഹോട്ടല്‍ നടത്തുന്ന ആളാണ്. അതിനപ്പുറം ഇരുവരും അടുത്ത ചങ്ങാതിമാരുമാണ്. സീസ്സര്‍ വന്നത് സിംഗപ്പൂരില്‍ നിന്നെങ്കില്‍ കൈസര്‍ വന്നത് ആഫ്രിക്കയില്‍ നിന്ന്. കൈസര്‍ നല്ലതുപോലെ ചിരിച്ചുകൊണ്ടാണ് ആരോടും സംസാരിക്കുക. എന്നാല്‍ ഉള്ളില്‍ അസൂയ മാത്രമേ കാണൂ. മറ്റുള്ളവരെപ്പറ്റി പരദൂഷണം പറയാന്‍ ബഹുമിടുക്കന്‍. രണ്ട് മക്കളുണ്ട്. ഒരാണും ഒരു പെണ്ണും. പള്ളിയിലെ യുവജനങ്ങളുടെ നേതൃത്വം അവനിലാണ്.

കത്തനാര്‍ തന്റെ ബാഗിനുള്ളില്‍ വച്ചിരുന്ന പാസ്പോര്‍ട്ട് തിരയുന്നു. കാണുന്നില്ല. മൗനദുഃഖത്തോടെ വീണ്ടും വീണ്ടും നോക്കുന്നു. കുപ്പായത്തിനുള്ളിലും തപ്പുന്നു. എവിടെപ്പോയി? കാണുന്നില്ലല്ലോ. എയര്‍പോര്‍ട്ടില്‍വെച്ച് ബാഗിനുള്ളില്‍ വെച്ചത് വ്യക്തമായി ഓര്‍ക്കുന്നുണ്ട്. മുഖത്തെ സമ്മര്‍ദം ഒരല്പംകൂടിയപ്പോള്‍ സീസ്സര്‍ ചോദിച്ചു.
“എന്താണ് കത്തനാര്‍ തിരയുന്നേ?”

“പാസ്പോര്‍ട്ട് കാണുന്നില്ല.”
അയാള്‍ ആകാംക്ഷയോടെ നോക്കി.
“കത്തനാര്‍ ഒന്നുകൂടി നോക്ക്.” കൈസര്‍ പറഞ്ഞു.

വീണ്ടും പരിശോധന നടത്തി. കത്തനാര്‍ ശങ്കിച്ചു നിന്നു. ദുഃഖത്തോടെ കുപ്പായത്തിന്റെ കീശയില്‍ ഒന്നുകൂടി പരിശോധിച്ചു. കത്തനാരുടെ മുഖത്തെ ഭീതി കണ്ട് ജോബ് വന്ന് ചോദിച്ചു.
“വാ…. വാ… എ…..ന്ത?”
“എന്റെ പാസ്പോര്‍ട്ട് കാണുന്നില്ല മോനെ?”
അവനത് കണ്ടുപിടിച്ചു എന്ന ഭാവത്തില്‍ കത്തനാരുടെ കുപ്പായപ്പോക്കറ്റില്‍ നോക്കാതെ എന്റെ പാന്‍റിന്റെ പോക്കറ്റില്‍ നോക്കാന്‍ ആംഗ്യം കാട്ടി ചിരിച്ചു കാണിച്ചു. അവന്‍ സംസാരിക്കുന്ന ഭാഷ മനസ്സിലാക്കി കത്തനാര്‍ അവന്റെ പോക്കറ്റില്‍ കൈയിട്ടുനോക്കി. പുറത്ത് വന്നത് പാസ്പോര്‍ട്ടായിരുന്നു. ഒപ്പം ഏതാനും മിഠായിയും.

എല്ലാവരും ചിരിയോടെ കണ്ടു നിന്നെങ്കിലും സീസ്സര്‍ക്ക് എന്തെന്നില്ലാത്ത ദേഷ്യവും വെറുപ്പുമാണ് തോന്നിയത്. കത്തനാര്‍ അവന്റെ കണ്ണുകളിലേക്ക് മനസ്സമാധാനത്തോടെ നോക്കി.
സീസ്സര്‍ അവനോട് ദേഷ്യപ്പെട്ടു. “നീ എന്താടാ കാട്ടിയേ? നിന്നെ ഞാന്‍….”

സീസ്സറിന്റെ കണ്ണുകള്‍ ക്രൂരമായിരുന്നു. കൈകൊണ്ട് ഒരടി കൊടുത്തു.
“മാ…”
അവന്‍ വിരണ്ടോടി റെയ്ച്ചലിന്റെ പിറകിലെത്തി ഒളിച്ചു. കത്തനാര്‍ വിളിച്ചുപറഞ്ഞു.
“സീസ്സര്‍ അവനെ വിട്ടേക്കൂ.”
സീസ്സര്‍ അവനെ കര്‍ക്കശമായി ശാസിച്ചിട്ട് പറഞ്ഞു.
“നിനക്ക് എത്ര അടികിട്ടിയാലും നീ നന്നാകില്ല. ഇപ്പോള്‍ മോഷണവും തുടങ്ങി.”

അവന്‍ പോക്കറ്റില്‍ നിന്ന് തോക്കെടുത്ത് സീസ്സറുടെ നേര്‍ക്ക് നീട്ടി. സീസ്സര്‍ വെറുപ്പോടെ മുഖം തിരിച്ചു.
റെയ്ച്ചലിന്റെ മുഖം വാടി. ധാരാളം തല്ലവന്‍ വാങ്ങാറുണ്ട്. അവന്റെ കരച്ചില്‍ കാണുമ്പോള്‍ സഹിക്കില്ല.
കത്തനാര്‍ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി. അവര്‍ പുറത്തേക്ക് പോയപ്പോള്‍ റെയ്ച്ചല്‍ നീരസത്തോടെ ചോദിച്ചു.
“ജോ, നീ ഫാദറിന്‍റെ പാസ്പോര്‍ട്ട് എടുത്തത് എന്തിനാ? നല്ലകുട്ടികള്‍ അങ്ങനെ ചെയ്യുമോ?”

അവന്‍ വിക്കി വിക്കി പറഞ്ഞു. അവന്‍ ചിരിച്ചിട്ട് പോക്കറ്റിലുള്ള മിഠായികള്‍ എടുത്ത് കാണിച്ചു. വിമാനത്തില്‍ കിട്ടിയ മിഠായി അച്ചന്‍ ബാഗിലിട്ടിരുന്നു.
“ഞാ…ഞാ…ന്..ഇ…ഇ….ത്…. നോ…. നോക്കി…. അപ്പം…..കി…..ട്ടി.”

“വീട്ടില്‍ വരുന്നവരുടെ ബാഗ് നോക്കുന്നത് തെറ്റല്ലേ? മിഠായി എടുത്തു. ഓ.കെ. എന്തിനാ പാസ്പോര്‍ട്ട് എടുത്തേ.”
“നോ….നോ….അ….പാ….പാ….അ….അ….മ…..മമ്മി”
“അത് ഇന്‍ഡ്യന്‍ പാസ്പോര്‍ട്ടാണ്. ബ്രിട്ടീഷ് പാസ്പോര്‍ട്ടല്ല.”

“ഓ… മ…സോ….സോറി…”
അവന്‍ ക്ഷമാപണം നടത്തി.
“ഇനീം ആരുടേം ബാഗ് തുറക്കല്ലേ.”
അവന്‍ ഇല്ലെന്ന് തലയാട്ടി കാണിച്ചു. അവന്റെ മനസ്സിന് മുറിവേല്പിക്കുന്ന ഒരു കാര്യവും ചെയ്യരുതെന്നാണ് ഡോക്ടര്‍ പറഞ്ഞിട്ടുള്ളത്. അതിന് നിരന്തരമായി ശ്രമിക്കുന്നുണ്ട്. ഭര്‍ത്താവാകട്ടെ അവന്റെ പ്രാണന്‍ ഒന്ന് പോയിക്കിട്ടാന്‍ കാത്തിരിക്കുന്നു. ഇതിന് മുന്‍പിരുന്ന പട്ടക്കാരന്‍ ഒരിക്കല്‍പ്പോലും എന്റെ കുഞ്ഞിന്റെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചിട്ടില്ല. ഈ പുരോഹിതനെ ദൈവം തെരഞ്ഞെടുത്ത് അയച്ചതായി തോന്നുന്നു.

ജോബിനെ അകത്തുകൊണ്ടുപോയി പിയാനോ വായനയുടെ പാഠങ്ങള്‍ പഠിപ്പിച്ചു തുടങ്ങി. റെയ്ച്ചലും നന്നായി പിയാനോ വായിക്കും. മമ്മി അടുത്തുള്ളത് അവന് ഏറെ സന്തോഷമാണ്. അവന്‍ പാട്ടില്‍ ലയിച്ചിരുന്നു.

ഞായറാഴ്ച. ആകാശത്ത് മേഘങ്ങള്‍ നിലയ്ക്കാതെ ഒഴുകിനടന്നു. പകല്‍വെളിച്ചം എങ്ങും നിറഞ്ഞു നിന്നു. പള്ളിയുടെ മുറ്റത്തും ഉള്ളിലും ആളുകളുണ്ട്. പുതിയ പട്ടക്കാരനെ കാണാന്‍ വിശ്വാസികളുടെ സമൂഹം എത്തിക്കൊണ്ടിരുന്നു.

വാതില്‍ക്കല്‍ നിന്ന പട്ടക്കാരനെ പള്ളിയിലേക്ക് പുതിയതായി വന്ന ഒരാള്‍ അഭിവാദ്യം ചെയ്തു:
”ഗുഡ് മോണിംഗ് ഫാദര്‍.”
ജോബ് അയാളെ നോക്കി ചിരിച്ചു.
”ഗു….ഗു…മോ….മോ….”
ആ മനുഷ്യന്‍ സംശയത്തോടെ പട്ടക്കാരന്റെ കണ്ണുകളിലേക്ക് നോക്കി. ഇപ്പോള്‍ വിക്കുള്ള അച്ചന്മാരുമുണ്ടോ? അയാള്‍ പള്ളിക്കുള്ളിലേക്ക് പോയി. ഈ വിക്കന്മാരായ പട്ടക്കാരന്‍ എങ്ങനെ പ്രസംഗിക്കും. ആ മുഖത്ത് നോക്കിയാല്‍ നന്നേ ചെറുപ്പം. ഇത്ര വലിയൊരു ഇടവക ഭരിക്കാന്‍ നല്ല പരിചയവും പക്വതയുമുള്ള ആരെയെങ്കിലും വിടേണ്ടതായിരുന്നു. അതെങ്ങനെ, സഭയ്ക്കുള്ളിലും മഹാമത്സരമല്ലേ നടക്കുന്നത്. എല്ലാവര്‍ക്കും യൂറോപ്പിലും അമേരിക്കയിലും പോകാന്‍ വെപ്രാളം. അവിടെ പിതാക്കന്മാര്‍ക്ക് ശിങ്കിടി പാടുന്ന ഒരു കൂട്ടര്‍ അതിന് സൗകര്യമില്ലാത്ത മറ്റൊരു കൂട്ടര്‍. ആര്‍ക്കറിയാം ഇവരൊക്കെ ആരെയാണ് സേവിക്കുന്നതെന്നും സ്നേഹിക്കുന്നതെന്നും. എന്തായാലും ഓരോരുത്തരുടെ പ്രവൃത്തിക്ക് തക്കവണ്ണം ദൈവം കൊടുക്കും. ഇതിന് മുന്‍പൊരു അച്ചനിരുന്നത് ഒരു മണവും ഗുണവും ഇല്ലാത്തവനായിരുന്നു. അയാള്‍ ചിന്തകള്‍ മാറ്റിവച്ച് പള്ളിക്കുള്ളിലെ പാട്ടുകളില്‍ ശ്രദ്ധ പതിപ്പിച്ചു. ആ ക്വയറില്‍ ലിന്‍ഡയും ജയിംസും പാട്ടുകാരായുണ്ട്. പിയാനോ വായിക്കുന്നതും ജയിംസാണ്.

പള്ളിക്കുള്ളിലേക്ക് വന്ന ഗ്ലോറിയുടെ മകള്‍ മാരിയോന്‍ കൊച്ചച്ചനെ വന്ദനമറിയിച്ചു. കൊച്ചച്ചന്‍ മനോഹരമായിട്ടൊന്നു ചിരിച്ചു കാണിച്ചതല്ലാതെ മറുപടി പറഞ്ഞില്ല. നാല് വയസ്സുകാരിയുടെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു. മാരിയോന്‍ ഒരു കാന്‍സര്‍ രോഗിയാണ്. അമ്മയും കുഞ്ഞും ഉന്മേഷമുള്ളവരായി അകത്തേക്ക് പോയി. കത്തനാരും സീസ്സറുംകൂടി അകത്തേക്കുവന്നു. പള്ളിയങ്കണത്തില്‍ വന്നപ്പോഴാണ് വാതില്‍ക്കല്‍ നില്ക്കുന്ന കൊച്ചച്ചനെ കണ്ണില്‍പ്പെട്ടത്. കത്തനാരുടെ തലയ്ക്കുള്ളില്‍ ചോദ്യങ്ങള്‍. ഇവിടെ മറ്റൊരു അച്ചനുള്ള കാര്യം ആരും പറഞ്ഞില്ലല്ലോ. കൈസര്‍ പുഞ്ചിരിച്ചു.
“ഓ അത് നമ്മുടെ ജോബല്ലേ. അവനീ വേഷത്തിലാ പള്ളിയില്‍ വരുന്നേ.”

തുടരും …

അദ്ധ്യായം 6 – മുഖമുദ്രകള്‍

കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍: അദ്ധ്യായം 01