ഇന്ന് അന്താരാഷ്‌ട്ര യോഗ ദിനം; പ്രധാനമന്ത്രി ജമ്മുകശ്മീരിൽ യോ​ഗ പരിപാടിയിൽ പങ്കെടുത്തു.

ഇന്ന് അന്താരാഷ്‌ട്ര യോഗ ദിനം; പ്രധാനമന്ത്രി ജമ്മുകശ്മീരിൽ യോ​ഗ പരിപാടിയിൽ പങ്കെടുത്തു.

ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും ഇന്ന് അന്താരാഷ്‌ട്ര യോഗ ദിനം ആഘോഷിക്കുകയാണ്. ഉത്തരാർദ്ധഗോളത്തിലെ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസമായ ജൂൺ 21 -നാണ് എല്ലാ വർഷവും യോഗ ദിനം ആഘോഷിക്കുന്നത്. 2014 നാണ് ഐക്യരാഷ്‌ട്രസഭയിലെ 177 അംഗ രാജ്യങ്ങൾ അന്താരാഷ്‌ട്ര യോഗാ ദിനം ആഘോഷിക്കാനുള്ള നിർദ്ദേശത്തിന് അംഗീകാരം നൽകിയത്. അതിനുശേഷം ഇത് തുടർച്ചയായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരുമടക്കം നിരവധി ആളുകളാണ് പത്താമത് അന്താരാഷ്‌ട്ര യോഗാ ദിനത്തിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ നടന്ന പരിപാടികളുടെ ഭാഗമായത്. വിവിധ സ്‌കൂളുകളിലും യോഗ ചെയ്യുന്നതിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന സന്ദേശങ്ങൾ അദ്ധ്യാപകർ നൽകുകയും വിദ്യാർത്ഥികൾ യോഗ അഭ്യസിക്കുകയും ചെയ്തു. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് ഇന്ത്യൻ സൈന്യവും യോഗാ ദിനം ആചരിച്ചു. കിഴക്കൻ ലഡാക്കിന്റെ വിവിധ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്ന സൈനികരും മലനിരകളിൽ ഇരുന്ന് യോഗാദിനം ആചരിച്ചു. ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസും യോഗ അഭ്യസിച്ചിരുന്നു. 15,000 അടിയിലധികം ഉയരത്തിൽ വടക്കൻ സിക്കിമിലെ മുഗുതാങ് സബ് സെക്ടറിലാണ് ഉദ്യോഗസ്ഥർ യോഗ അഭ്യസിച്ചത്.

അന്താരാഷ്ട്ര യോ​ഗാ ദിനത്തിൽ ശ്രീന​ഗറിൽ നടന്ന യോ​ഗ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. പത്താമത് അന്താരാഷ്ട്ര യോഗ ദിനത്തിൽ പ്രധാനമന്ത്രി ജമ്മുകശ്മീരിലെത്തിയിരുന്നു. രാവിലെ ആറരയ്ക്ക് പരിപാടി ആരംഭിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും മഴ മൂലം വൈകിയാണ് ആരംഭിച്ചത്. തുടർന്ന് യോഗ ഹാളിലേക്ക് മാറ്റി. 7000 -ത്തോളം പേർ പങ്കെടുക്കുന്ന യോഗയായിരുന്നു ശ്രീനഗറിൽ സംഘടിപ്പിച്ചിരുന്നത്. അന്താരാഷ്ട്ര യോഗ ആഘോഷം 10 വർഷം പിന്നിട്ടെന്ന് ഓർമ്മിപ്പിച്ച പ്രധാനമന്ത്രി 130 -ൽ അധികം രാജ്യങ്ങളിൽ യോഗ ദിനാഘോഷം നടക്കുന്നുവെന്നും ലോകത്ത് യോഗ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി കൂടുന്നുവെന്നും ചൂണ്ടിക്കാട്ടി. യോ​ഗയുടെയും ധ്യാനത്തിന്റെയും ശാന്തതയുടെയും മണ്ണായ കശ്മീരിൽ നിന്ന് യോ​ഗദിനം ആചരിക്കാൻ അവസരം ലഭിച്ചത് ഭാ​ഗ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

യോ​ഗ ടൂറിസം വളരുകയാണ്. യോ​ഗ ആധികാരികമായി പഠിക്കാൻ വിദേശികൾ ഇന്ത്യയിലെത്തുന്നു. ഇതുവഴി ആരോ​ഗ്യരം​ഗവും വിനോദസഞ്ചാര മേഖലയും കുതി‌ക്കുകയാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്‌ക്ക് ഇത് വലിയ സംഭാവന നൽകുന്നു. യോ​ഗയിൽ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയ്‌ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നതെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. ഋഷികേശിൽ തുടങ്ങി കാശി വഴി കേരളത്തിലെത്തുന്ന തരത്തിലാണ് യോ​ഗ ടൂറിസം വളരുന്നത്- പ്രധാനമന്ത്രി പറഞ്ഞു.

ഭാരതം പദ്മശ്രീ നൽകി ആദരിച്ച ഫ്രാൻസിലെ 101 വയസുള്ള യോ​ഗാ പരിശീലക ഷാർലറ്റ് ചോപിനിനെ പ്രധാനമന്ത്രി അനുസ്മരിച്ചു. മുമ്പ് ഒരിക്കൽ പോലും ഇന്ത്യ സന്ദർശിച്ചിട്ടില്ലാത്ത വനിതയാണ് അവർ. എന്നാൽ യോ​ഗയെ കുറിച്ച് അവബോധം നൽകുന്നതിന് അവർ തന്റെ ജീവിതം തന്നെ സമർപ്പിച്ചു. ഇതിനുള്ള ആദരമായാണ് രാജ്യം പദ്മശ്രീ സമ്മാനിച്ചതെന്നു അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള പ്രശസ്തമായ സർവകലാശാലകളിലും സ്ഥാപനങ്ങളിലും യോ​ഗ പ്രധാന ​ഗവേഷണ വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മനുഷ്യന് ശാരീരികവും മാനസികവും ആത്മീയവുമായി ഉന്മേഷം പകരുന്ന മാർ​ഗമാണ് യോ​ഗയെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. മനുഷ്യരാശിക്ക് ഇന്ത്യയുടെ അതുല്യമായ സമ്മാനമാണ് യോ​ഗയെന്നും രാഷ്‌ട്രപതി പറഞ്ഞു. പത്താം അന്താരാഷ്‌ട്ര യോഗാ ദിനത്തിൽ എക്സിലൂെടയാണ് ദ്രൗപതി മുർമു ആശംസകൾ അറിയിച്ചത്.

അന്താരാഷ്‌ട്ര യോ​ഗ ദിനത്തിൽ ആശംസകൾ നേർന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഭാരതീയ പൈതൃകത്തിൽ നിന്ന് ലോകത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനയാണ് യോ​​ഗയെന്ന് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു. കേവലമൊരു വ്യായമമുറ എന്നതിന് പുറമേ മനസ്സിനും ശരീരത്തിനും ആത്മാവിനുമിടയിൽ ഐക്യം വളർത്തിയെടുക്കുന്ന, സമഗ്രമായ ക്ഷേമത്തിലേക്കുള്ള ഒരു യാത്രയാണിതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

കേരളത്തിൽ 10,000 യോഗ ക്ലബ്ബുകള്‍ സ്ഥാപിക്കും. വീണ ജോർജ്

‘യോഗ വ്യക്തിക്കും സമൂഹത്തിനും’ എന്നതാണ് ഈ വര്‍ഷത്തെ യോഗ ദിന സന്ദേശം. യോഗയ്ക്ക് ലോകമെമ്പാടും ലഭിക്കുന്ന അംഗീകാരം രാജ്യത്തിന് അഭിമാനമാണ്. 2014 ഡിസംബറിലാണ് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യ അവതരിപ്പിച്ച പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാന്‍ തുടക്കമിട്ടത്. വ്യക്തികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ നിലനില്‍പ്പിന് യോഗ അനിവാര്യമാണ്. പൊതുസമൂഹം ഇത് തിരിച്ചറിഞ്ഞതില്‍ വളരെ സന്തോഷവും അഭിമാനവുമുണ്ട്. ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള നിരവധി മാര്‍ഗങ്ങള്‍ നവ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്. എന്നാല്‍ ചിലതിന് ഒരു ശാസ്ത്രീയ അടിസ്ഥാനവുമില്ല. ശരീരത്തിന്റേയും മനസിന്റേയും ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് യോഗ. വ്യക്തിയേയും പ്രകൃതിയേയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള ശാസ്ത്രീയമായ യോഗാഭ്യാസം രോഗങ്ങളെ അകറ്റി ശരീരത്തിന് നല്ല രോഗ പ്രതിരോധ ശേഷി നേടാനും സാധിക്കും. സമൂഹത്തിന്റെ രോഗാതുരത കുറയ്ക്കുന്നതില്‍ യോഗയ്ക്ക് പരമ പ്രധാനസ്ഥാനമുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. യോഗ പ്രചരണത്തിന്റെ ഭാഗമായി കേരളത്തിൽ ഈ വര്‍ഷം പുതുതായി 10,000 യോഗ ക്ലബ്ബുകള്‍ ആരംഭിക്കും. കഴിഞ്ഞ വര്‍ഷം 1000 യോഗ ക്ലബ്ബുകള്‍ ആരംഭിച്ചു. കൂടാതെ 600-ഓളം വനിതാ യോഗ ക്ലബ്ബുകളും ആരംഭിച്ചു. പുതുതായി തുടങ്ങുന്ന 10,000 യോഗ ക്ലബ്ബുകളിലും നല്ലൊരു ശതമാനം വനിതാ യോഗ ക്ലബ്ബുകള്‍ ഉണ്ടാകും. ഇതിലൂടെ സമൂഹത്തിന് ഉണ്ടാകുന്ന ആരോഗ്യകരമായ മാറ്റം വലുതാണെന്നും മന്ത്രി പറഞ്ഞു. പത്താമത് അന്താരാഷ്ട്ര യോഗ ദിനം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.