ബ്രിസ്‌ബേൻ സെന്റ് തോമസ് യാക്കോബായ പള്ളി പ്രധാന പെരുന്നാൾ നിറവിൽ.

ബ്രിസ്‌ബേൻ സെന്റ് തോമസ് യാക്കോബായ പള്ളി പ്രധാന പെരുന്നാൾ നിറവിൽ.

ബ്രിസ്‌ബേൻ: സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ പള്ളിയിൽ ഇടവകയുടെ കാവൽ പിതാവായ വിശുദ്ധ തോമാശ്ലീഹായുടെ ദുക്‌റോനോ പെരുന്നാളും അപോസ്തോലന്മാരുടെ തലവന്മാരായ വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹൻമാരുടെ ഓർമ്മപ്പെരുന്നാളും ജൂൺ മാസം 28, 29, 30 തീയതികളിൽ സംയുക്തമായി നടത്തപ്പെടുന്നു.

ജൂൺ 28-നു വൈകിട്ട് വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാൾ ചടങ്ങുകൾക്ക് മുൻപായി ഇടവക വികാരി ഫാ എൽദോസ് സ്കറിയ കുമ്മംകോട്ടിൽ പെരുന്നാൾ കൊടി ഉയർത്തും.

ഭാരതത്തിന്റെ അപ്പോസ്തോലനായ വിശുദ്ധ തോമാശ്ലീഹാ മൈലാപ്പൂരിൽ രക്തസാക്ഷി മരണം പ്രാപിച്ചതിനു ശേഷം അദ്ദേഹത്തിന്റെ അസ്ഥികൾ മെസപ്പൊട്ടോമിയിലെ എഡെസയിലേക്ക് കൊണ്ട് പോയതിനെ അനുസ്മരിച്ചാണ് സുറിയാനി സഭ പരിശുദ്ധന്റെ ദുഖ്‌റോനോ പെരുന്നാൾ ആചരിക്കുന്നത്. പെരുന്നാളിനോട് അനുബന്ധിച്ച്‌ വിവിധ ദിവസങ്ങളിൽ വിശുദ്ധ കുർബാന, വചന ശുശ്രൂഷ, ഭക്തി നിർഭരമായ പ്രദക്ഷിണം, നേർച്ച സദ്യ, ആദ്യഫല ലേലം, ചെണ്ടമേളം എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

ജൂൺ 30 ഞായറാഴ്ച വിശുദ്ധ മൂന്നിന്മേൽ കുർബാനക്ക് ഫാ വർഗീസ് തോംപ്ര (സിഡ്നി) മുഖ്യ കാർമികത്വം വഹിക്കുമെന്നും ഫാ റോബിൻ ദാനിയേൽ, ഡീക്കൻ എൽദോ ജോൺ, ഡീക്കൻ സിബി വർഗീസ് എന്നിവർ വിവിധ ദിവസങ്ങളിൽ പെരുന്നാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകുമെന്നും പെരുന്നാളിന്റെ അനുഗ്രഹകരമായ നടത്തിപ്പിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതുമായി ഇടവക വികാരി ഫാ എൽദോസ് സ്കറിയ, സെക്രട്ടറി എൽദോസ് സാജു, ട്രസ്റ്റീ സുനിൽ മാത്യു എന്നിവർ അറിയിച്ചു. മുൻ വർഷങ്ങളിലേതുപോലെ എല്ലാ ഇടവക ജനങ്ങളും ഓഹരികൾ എടുത്താണ് ഈ വർഷത്തെ പെരുന്നാളും ഏറ്റു കഴിക്കുന്നത്.

ജോബിൻ ജോയ്