മോസ്കൊ: റഷ്യയുടെ ഏറ്റവും തെക്കേയറ്റത്തുള്ള കോക്കസസ് മേഖലയിലെ നഗരമായ ഡാഗെസ്താനിലെ ജൂത സിനഗോഗിന് നേരെയും ഓർത്തഡോക്സ് പള്ളിക്കു നേരെയും തലസ്ഥാനമായ മഖച്കലയിലെ (Makhachkala) പൊലിസിന്റെ ട്രാഫിക് സ്റ്റോപ്പ് ലക്ഷ്യമിട്ടും തീവ്രവാദി ആക്രമണം. 15 പോലീസുകാരും ഒരു ഓർത്തഡോക്സ് പുരോഹിതനും ഉൾപ്പെടെ 19 പേര് കൊല്ലപ്പെട്ടു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വൈദികനെ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു എന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിനഗോഗിലും ഓര്‍ത്തഡോക്സ് പള്ളിയിലുമായി നിരവധി വിശ്വാസികള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ‘ഇത് ഡാഗെസ്താനിനും മുഴുവൻ രാജ്യത്തിനും ഒരു ദുരന്ത ദിനമാണ്’ എന്നാണ് ഡാഗെസ്താൻ മേഖലയുടെ ഗവർണർ സെർജി മെലിക്കോവ് സംഭവത്തെ കുറിച്ച് പറഞ്ഞത്.
തീവ്രവാദികള്‍ ജൂതസമൂഹം താമസിക്കുന്ന പ്രദേശത്തെ സിനഗോഗും സമീപത്തെ രണ്ട് ഓർത്തഡോക്സ് പള്ളികളിലേക്കും അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നു. ഈ സമയം തന്നെ നഗരത്തിലെ പോലീസിന് നേരെയും ആക്രമണം നടന്നെന്ന് റഷ്യയുടെ സ്റ്റേറ്റ് മീഡിയ ടാസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിവെയ്പ്പിന്റെ നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. യുനെസ്‌കോ പൈതൃക സൈറ്റായി ഉള്‍പ്പെടുത്തിയിരുന്ന സിനഗോഗിന് ഏതാണ്ട് മുഴുവനായും അഗ്നിക്കിരയാക്കപ്പെടുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെന്ന് ഗവർണർ സെർജി മെലിക്കോവ് മാധ്യമങ്ങളെ അറിയിച്ചു.