കേരളത്തിൽ കനത്ത മഴ; 24 മണിക്കൂറിനിടെ പെയ്തത് റെക്കോർഡ് മഴ.

കേരളത്തിൽ കനത്ത മഴ; 24 മണിക്കൂറിനിടെ പെയ്തത് റെക്കോർഡ് മഴ.

തിരുവനന്തപുരം: സംസ്ഥാനത്ത് അതി ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കൊല്ലം, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് അളവിൽ കൂടുതൽ മഴയാണ് പെയ്തത്. 69.6 മില്ലീലിറ്റർ മഴ ഒരു ദിവസം ലഭിക്കുന്നത്.

9 ജില്ലകളിൽ എൻഡിആർഎഫ് സംഘം ക്യാമ്പ് ചെയ്യുന്നുവെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് പെയ്തത് ഈ കാലവർഷ സീസണിലെ ഏറ്റവും കൂടിയ മഴയാണ്. കോട്ടയത്താണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 103 മില്ലീമീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്.

കൊല്ലം കുണ്ടറയിൽ മരങ്ങൾ കടപുഴകി വീണ് ഒട്ടേറെ വീടുകൾ തകർന്നു. നിരവധി വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഓമശ്ശേരിയിൽ കനത്ത മഴയിൽ കിണർ താഴ്‌ന്നു. ഇടുക്കി ഏലപ്പാറ ബോണാമിയിൽ മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. മലപ്പുറം എടവണ്ണയിൽ മരം കടപുഴകി വീണ് നിലമ്പൂർ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. മൂന്നാറിൽ മണ്ണിടിച്ചിലിനെ തുടർന്ന് 3 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മലങ്കര, പാംബ്ല, കല്ലാർകുട്ടി, പെരിങ്ങൽകൂത്ത് അണക്കെട്ടുകൾ തുറന്നിട്ടുണ്ട്.. ജലനിരപ്പ് 2 മീറ്റർ കൂടി ഉയർന്നാൽ പത്തനംതിട്ട മൂഴിയാർ അണക്കെട്ടിലെ ഷട്ടറുകൾ തുറക്കുമെന്ന് അറിയിപ്പുണ്ട്.

ആലപ്പുഴയിൽ മതിൽ ഇടിഞ്ഞ് വീണ് വിദ്യാർത്ഥി മരിച്ചു. മൂന്നാറിൽ വീടിന് മുകളിലേക്ക് കരിങ്കൽ ഭിത്തിയിടിഞ്ഞുവീണു.  വടക്കാഞ്ചേരിയിൽ ഓട്ടോയ്‌ക്ക് മുകളിൽ മരം വീണ് വിദ്യാർഥിക്ക് പരിക്കേറ്റു. ആലുവയിൽ കനത്ത കാറ്റിൽ മരങ്ങൾ കടപുഴകി. ആലപ്പുഴയിൽ കാറ്റിൽ വീടിന്റെ മേൽക്കൂര തകർന്നു. ഓച്ചിറ പരബ്രഹ്‌മക്ഷേത്രത്തിലെ അന്നദാന ഹാളിന്റെ ഒരു ഭാഗം കനത്ത മഴയിൽ തകർന്നു വീണു.

സംസ്ഥാനത്ത്‌ അടുത്ത 3 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നും അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഒരു കാരണവശാലും നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ലെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.