അദ്ധ്യായം 08 – നീര്‍ക്കോലം

കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍: അദ്ധ്യായം 08 – നീര്‍ക്കോലം

സ്വര്‍ഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങള്‍ ആകട്ടെ കര്‍ത്തൃത്വങ്ങള്‍ ആകട്ടെ വാഴ്ചകള്‍ ആകട്ടെ അധികാരങ്ങള്‍ആകട്ടെ സകലവും അവന്‍ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവന്‍ മുഖാന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവന്‍ സര്‍വ്വത്തിന്നും മുമ്പെയുള്ളവന്‍; അവന്‍ സകലത്തിന്നും ആധാരമായിരിക്കുന്നു.

കത്തനാരെ കളിയാക്കുന്ന മട്ടില്‍ അവര്‍ പുഞ്ചിരിച്ചു.
കവറിന്റെ പരിപാടി പുള്ളിക്കാരനു പിടിച്ചിട്ടില്ലെന്നു തോന്നുന്നു.

സഭയുടെ ആഭിമുഖ്യത്തില്‍ കാലാകാലങ്ങളിലായി ഓരോരോ പദ്ധതികള്‍ ഓരോരോ ആവശ്യങ്ങള്‍ക്കായി അംഗീകരിച്ചിട്ടുണ്ട്. ഇന്നുവരെ ഒരു പട്ടക്കാരനോ ഇടവക അംഗങ്ങളോ അത് ചോദ്യം ചെയ്തിട്ടില്ല. കൂടുതല്‍ ധനം എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കുമ്പോള്‍ അതിനു തുരങ്കം വെക്കാനാണോ ഭാവം. ഇങ്ങനെയുമുണ്ടോ പട്ടക്കാര്‍? മര്യാദയ്ക്ക് പോകാനുള്ള ഭാവമൊന്നും ഇല്ലെന്ന് തോന്നുന്നു. സാധാരണ പട്ടക്കാര്‍ വന്നാല്‍ ഇടവക കമ്മിറ്റിയുമായി അടുത്തുപോകുകയാണ് പതിവ്. ഇയാളുടെ ഉദ്ദേശ്യം അതാണെന്നു തോന്നുന്നില്ല. ചോദ്യം ചെയ്യാനും ഒരു ഭാവം കാണിക്കുന്നുണ്ട്. അതങ്ങനെ അംഗീകരിച്ചു കൊടുക്കാനാവില്ല.

പുറത്ത് വെയില്‍ തെളിഞ്ഞു നിന്നു. വാഹനങ്ങള്‍ ഏറെക്കുറെ ഒഴിഞ്ഞിരുന്നു. റോഡിന്റെ പലഭാഗത്തും പ്രതിമകള്‍ കാണാനുണ്ട്. സീസ്സര്‍ ദേഷ്യം പുറത്തുകാട്ടാതെ കൃത്രിമമായി ഒന്ന് ചിരിച്ചിട്ട് പറഞ്ഞു. “കത്തനാരേ, ഈ കവറാണ് പള്ളിയുടെ നട്ടെല്ല്.”

കത്തനാരുടെ മുഖത്ത് പുഞ്ചിരിക്കൊപ്പം സംതൃപ്തിയും. കത്തനാര്‍ തുടര്‍ന്നറിയിച്ചു.
“സീസ്സര്‍, ഒരു സ്ത്രീ ഗര്‍ഭം തികയുന്ന ദിവസം നമുക്ക് കണക്ക് കൂട്ടാനറിയാമോ? കുതിരയ്ക്ക് ഓടാന്‍ ശക്തികൊടുത്തവനാര്? അതിന്റെ കഴുത്തിന് മീതെ കുഞ്ചിരോമം അണിയിച്ചതാര്? അതിനാല്‍ ഒന്നറിയുക. സഭയുടെ നട്ടെല്ല് പണമല്ല. മറിച്ച്, ആത്മവിശ്വാസവും പ്രാര്‍ത്ഥനയുമാണ്. ഇവിടെ കര്‍ത്താവിന്റെ വചനമാണ് മാംസം ധരിക്കേണ്ടത.്”

സീസ്സര്‍ ദേഷ്യം കടിച്ചമര്‍ത്തി നിന്ന് കേട്ടതല്ലാതെ മറുത്തൊന്നും പറഞ്ഞില്ല. എന്ത് ചെയ്താലും വേദപുസ്തകത്തിലെ കുറെ വാക്യങ്ങള്‍ കാണാതെ പഠിച്ച് വെച്ചങ്ങ് വിസ്തരിക്കും. അതൊക്കെ കേട്ടിരിക്കാന്‍ കുറെ സ്തുതിപാടകരും കാണും. ഇയാളെ മടിയില്‍വെച്ച് അവര്‍ ലാളിച്ചുകൊള്ളും.

സീസ്സറും കൈസറും പരസ്പരം നോക്കി. ആ നോട്ടത്തില്‍ ഇതങ്ങനെ നിസ്സാരമായി തള്ളിക്കളയാന്‍ പറ്റില്ലെന്ന മുന്നറിയിപ്പുണ്ടായിരുന്നു. കൃത്യമായി കണക്കുകൂട്ടിവേണം ഓരോ വാക്കുകളും പ്രയോഗിക്കാന്‍. ഈ കൊച്ചുകവറില്‍ നിന്നു കിട്ടുന്നതിന്റെ തുച്ഛമായ ഒരു തുകയാണ് ഞങ്ങള്‍ പെട്രോള്‍ അടിക്കാനും മദ്യത്തിനും ചെലവാക്കുന്നത്. അതാകട്ടെ ഞങ്ങള്‍ ചെയ്യുന്ന ജോലിയുടെ കൂലി. അല്ലാതെ സഭ ഞങ്ങള്‍ക്ക് ശമ്പളമൊന്നും സ്വര്‍ഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങള്‍ ആകട്ടെ കര്‍ത്തൃത്വങ്ങള്‍ ആകട്ടെ വാഴ്ചകള്‍ ആകട്ടെ അധികാരങ്ങള്‍ആകട്ടെ സകലവും അവന്‍ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവന്‍ മുഖാന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവന്‍ സര്‍വ്വത്തിന്നും മുമ്പെയുള്ളവന്‍; അവന്‍ സകലത്തിന്നും ആധാരമായിരിക്കുന്നു.

പട്ടക്കാര്‍ക്ക് ശമ്പളമുണ്ട്. ഇയാള്‍ കണ്ണിലെ കരടായി മാറിയിരിക്കുന്നു. ഇവിടെ വന്നുപോയിട്ടുള്ള അച്ചന്മാര്‍ എന്തിനും ഒപ്പം നിന്നിട്ടുള്ളവരാണ്. ആരും പൊരുതാന്‍ വന്നിട്ടില്ല. സീസ്സര്‍ പുച്ഛത്തോടെ ചോദിച്ചു. “അച്ചനെന്താ തമാശ പറയുകാ. സ്ത്രീ ഗര്‍ഭം ധരിച്ചാല്‍ പ്രസവിച്ചുകൊള്ളും. അതൊക്കെ കണക്ക്കൂട്ടിയിരിക്കാനും ആരുമൂലം ഗര്‍ഭം ധരിച്ചു എന്നൊക്കെ ചികഞ്ഞു നോക്കാനും ആണുങ്ങള്‍ക്ക് സമയമുണ്ടോ? പിന്നെ പ്രാര്‍ത്ഥനയും ആത്മവിശ്വാസവും എന്തിനും നല്ലതാണ്. എന്നാല്‍ കത്തനാരുടെ വാക്കു കേട്ടാല്‍ ആരെങ്കിലും പണം തരുമോ?”

കത്തനാര്‍ കണ്ണിമയ്ക്കാതെ നോക്കി. സ്നേഹവായ്പോടെ കൈസര്‍ പറഞ്ഞു,
“കത്തനാര്‍ വന്നതല്ലേയുള്ളൂ. കാലൊന്ന് ഉറയ്ക്കുമ്പോള്‍ കാര്യങ്ങള്‍ മനസ്സിലാകും. കത്തനാര്‍ക്കറിയാമോ? ഇങ്ങനെ പിരിക്കുന്ന കാശുകൊണ്ടാണ് ഇവിടുത്തെ കാര്യങ്ങള്‍ നടന്നുപോകുന്നത്. അല്ലാതെ സഭ കാശൊന്നും തരുന്നില്ലല്ലോ. ഇതില്‍ നിന്ന് അവരുടെ വീതം അവരും വാങ്ങുന്നില്ലേ?” അല്പം ജ്വലിച്ചുനിന്ന നാലു കണ്ണുകളിലേക്കും നോക്കി ശാന്തനായി പറഞ്ഞു.

“നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കുക. ദൈവം തന്റെ ജനത്തെ നടത്തിയത് വരണ്ട നിലത്തിലൂടെയാണ്. മരുഭൂമിയിലെ പ്രവാചകന്മാരെ കേട്ടിട്ടുണ്ടോ? അവരുടെ വിശപ്പടക്കി അസ്തികളെ ബലപ്പെടുത്തിയവന്‍. ദൈവത്തെ ആരാധിക്കുന്ന ഈ ഭവനത്തില്‍ ആത്മാവിന്റെ നനവുണ്ട്. നിങ്ങള്‍ ആത്മാവില്‍ പ്രാര്‍ത്ഥിച്ചാല്‍ ഇവിടെ ആത്മാവിന്റെ വറ്റിപ്പോകാത്ത നീറുറവയുണ്ടാകും. ദൈവത്തില്‍ വിശ്വസിക്കുക.”

സീസ്സര്‍ക്ക് തോന്നി, ഇയാള്‍ സാഹിത്യഭാഷയാണല്ലോ പറയുന്നതും. ഞാന്‍ കരുതിയത് എന്റെ മോന്‍ മാത്രമേ മന്ദബുദ്ധിയായിട്ടുള്ളതെന്നാണ്. ഇയാടെ തലയിലെ ഏതോ ഞരമ്പ് പൊട്ടിയിട്ടുണ്ട്. അതല്ലെങ്കില്‍ സ്ത്രീയുടെ ഗര്‍ഭത്തിലേക്കും കുതിരയുടെ ഓട്ടത്തിലേക്കും പോകുമോ? ഓടുന്ന കുതിരയെ പിടിച്ച് നിറുത്താനല്ലേ കടിഞ്ഞാണുള്ളത്. ഈ കത്തനാര്‍ ഏതെങ്കിലും സ്ത്രീയെ ഗര്‍ഭം ധരിപ്പിച്ചിട്ടുണ്ടോ? കുതിരപ്പുറത്ത് കയറി കുതിരയെ ഓടിച്ചിട്ടുണ്ടോ? ഇത് രണ്ടുമില്ല. എന്നിട്ടാണ് ഉപദേശിക്കാന്‍ വന്നിരിക്കുന്നത്. കത്തനാരെ സീസ്സര്‍ സംശയത്തോടെ നോക്കി. ഇയാളിനി ശരിക്കും വല്ല മനോരോഗിയുമാണോ?

കൈസര്‍ ചോദിച്ചു.
“എടോ, സീസ്സര്‍ കസ്തൂരിമഠം. ഇയാളെന്താ തല താഴ്ത്തി നില്ക്കുന്നേ?”
“ഞാനേ കത്തനാര്‍ പറഞ്ഞ കുതിരയുടെ പുറമൊന്ന് തടവുകയായിരുന്നു.”
കൈസറുടെ മുഖത്തൊരു പുഞ്ചിരി.
“തല താഴ്ത്തിയല്ലേ തടവുന്നത്. അല്ലാതെ മുകളിലേക്ക് നോക്കിയല്ലല്ലോ.”
അവര്‍ കാതില്‍ എന്തോ അടക്കി പറയുന്നു.
സീസ്സര്‍ കളിയാക്കി പറഞ്ഞതാണെങ്കിലും കത്തനാരത് കാര്യമാക്കാതെ തന്റെ താടിരോമങ്ങളില്‍ തഴുകി. പറഞ്ഞത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നറിയാം. ഞാന്‍ പള്ളിയുടെ പണപ്പിരിവില്‍ ഇടപെടേണ്ടതിന്റെ ആവശ്യമെന്ത്, ഇപ്പോള്‍ അവരെ കുഴയ്ക്കുന്ന ചോദ്യം അതായിരിക്കും. അടികൊണ്ട പാമ്പ് ഞെരിപിരി കൊള്ളുമെങ്കിലും അതിന്റെ പത്തി നിവര്‍ത്തി വീണ്ടും ശൗര്യം പ്രകടിപ്പിക്കാറുണ്ട്. ഇവരും പാമ്പിനെപ്പോലെ ചുരുളുകയും ഉയരുകയും ചെയ്യുന്നു. അവരുടെ മുഖത്ത് വെറുപ്പ് പ്രകടമായിരുന്നെങ്കിലും കത്തനാരുടെ മുഖം ശാന്തമായിരുന്നു. അവര്‍ക്കത് ബാലിശമായി തോന്നുന്നു. അവരുടെ മനസ്സില്‍ ഇരുള്‍ വ്യാപിച്ചു കഴിഞ്ഞു. അവര്‍ ബോധപൂര്‍വ്വം വിഷയം മാറാതെ തുടര്‍ന്നു സംസാരിച്ചു.

സീസ്സര്‍ ഗൗരവഭാവത്തില്‍ ചോദിച്ചു.
“എനിക്ക് അറിയാന്‍ വയ്യാത്തതുകൊണ്ട് ചോദിക്കയാ, കത്തനാര്‍ ആരാണ്? പട്ടക്കാരനോ അതോ പരിശുദ്ധാത്മാവോ? ഇവിടുത്തെ വിശുദ്ധബലിയില്‍ കത്തനാര്‍ എന്തൊക്കെയാ പറഞ്ഞത്? വിശുദ്ധബലിയില്‍ എത്രപേര്‍ പങ്കെടുത്തു?”
കത്തനാര്‍ അവര്‍ക്കു നേരേ ഒരു കത്തുന്ന നോട്ടമയച്ചു. ഇവിടെ പണമാണോ വലുത് അതോ ആത്മാവോ. ആത്മാവിന്റെയും വിശ്വാസത്തിന്റെയും സത്ത എന്തെന്ന് ഇവര്‍ക്കറിയില്ല. ഇവര്‍ മതത്തില്‍ മാത്രം കാലുറപ്പിച്ചു പോകുന്നവരാണ്.

കത്തനാര്‍ പറഞ്ഞു,
“നിങ്ങളുടെ ആദ്യത്തെ ചോദ്യത്തിന് ആദ്യം ഉത്തരം പറയാം. ഈ പള്ളിയുടെ നട്ടെല്ല് പണമല്ല. നിങ്ങള്‍ ഓര്‍ക്കുക, നമ്മെ വിളിച്ച് വേര്‍തിരിച്ചവന്റെ കൈകള്‍ ആപത്തില്‍ രക്ഷിപ്പാന്‍ കഴിയാത്തവണ്ണം കുറുകീട്ടില്ല. കേള്‍പ്പാന്‍ കഴിയാത്തവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല. നമ്മുടെ പാപാത്മാഭാവങ്ങളാണ് ആത്മാവിനെയും നമ്മെയും തമ്മില്‍ അകറ്റിയിരിക്കുന്നത്. അതിനാല്‍ ധനത്തെ ഗര്‍ഭം ധരിച്ച് അസത്യത്തെ പ്രസവിക്കാതിരിക്കുക.”

സീസ്സര്‍ക്ക് വീണ്ടും സംശയം. ഇയാള്‍ എപ്പോഴും ഗര്‍ഭത്തെപ്പറ്റിയാണല്ലോ സംസാരിക്കുന്നത്. ഇനിയും ഇവിടെ നിന്നാല്‍ ഗര്‍ഭപാത്രം വൃത്താകൃതിയിലും അര്‍ദ്ധവൃത്താകൃതിയിലുമുള്ളതാണെന്നുകൂടി കേള്‍ക്കേണ്ടി വരും. അതിനുകൂടി ഉത്തരം പറയാന്‍ ഞാന്‍ ഗര്‍ഭപാത്രം കണ്ടിട്ടില്ല. എന്നിട്ടറിയിച്ചു.

“കത്തനാരെ ഈ മണ്ണില്‍ എല്ലായിടത്തും ആത്മാവുണ്ട്. അത് ഗര്‍ഭപാത്രത്തിലുമുണ്ട്. പുരുഷന്റെ ബീജം സ്ത്രീയുടെ യോനിയിലേക്ക് ചെല്ലുന്നത് പരിശുദ്ധാത്മാവായിട്ടാണ്. അത് കത്തനാര്‍ പഠിച്ചിട്ടുണ്ടോ?”
കത്തനാര്‍ നിമിഷങ്ങള്‍ തരിച്ചു നിന്നു. അവരുടെ കണ്ണുകള്‍ തമ്മില്‍ ഇടഞ്ഞതും ചിരിച്ചതും ഒന്നിച്ചായിരുന്നു. അപ്പോഴും അവര്‍ പരിഹസിക്കാനാണ് ശ്രമിക്കുന്നത്. അല്ലെങ്കില്‍ സത്യം കാണുന്നില്ല. സത്യത്തെ ഉള്‍ക്കൊള്ളാനാകാതെ ഇടറുന്നു. ഞാന്‍ പറയാന്‍ വന്നത് സത്യങ്ങളാണ്. ഭോഷ്കുകളല്ല. കത്തനാരുടെ മനസ്സില്‍ രണ്ട് മുട്ടകള്‍ തെളിഞ്ഞു. കോഴി മുട്ടയും അണലിമുട്ടയും ഇവര്‍ തിരിച്ചറിയുന്നില്ല. അണലി മുട്ട തിന്നുന്നവന്‍ മരിക്കും. അതിന്റെ തോട് പൊട്ടിച്ചാല്‍ അണലി പുറത്തുവരും. പള്ളിക്കുള്ളില്‍ തപ്പിത്തടഞ്ഞു നടക്കുന്ന കുരുടന്മാര്‍. മനസ്സില്‍ പ്രാര്‍ത്ഥിച്ചു. ദൈവമേ ഈ അന്ധകാരം ബാധിച്ചിരിക്കുന്ന ജനങ്ങളുടെ മേല്‍ നിന്റെ പ്രകാശത്തെ അയയ്ക്കേണമേ.

പള്ളിക്കുള്ളില്‍ നിന്ന് ആളുകളൊക്കെ പോയിരുന്നു. ഒരുഭാഗത്ത് നിന്ന മൂന്ന് പേരെയും നോക്കി ചിലര്‍ മനസ്സില്‍ മന്ത്രിച്ചു. പുതിയതായി വന്ന കത്തനാരേ സോപ്പിടുകയാണ്. അതല്ലേ ഇത്ര വലിയ സന്തോഷം. ചിലര്‍ തിരിഞ്ഞുനോക്കാതെ പോയി. താല്പര്യമില്ലാതെ പറഞ്ഞു.
“കത്തനാര്‍ക്ക് എന്താണ് വിശുദ്ധബലിയെപ്പറ്റി പറയാനുള്ളത്. അതുകൂടി കേട്ടു കഴിഞ്ഞാല്‍ പോകാമായിരുന്നു.”

കത്തനാരുടെ മനസ്സൊന്നു തണുത്തു. അവിടെ നിശ്ശബ്ദതയുണ്ടായി. വിശുദ്ധബലി നിഴലും നിലാവും പോലെയാണ്. ഇരുളിനെ അകറ്റുന്നു. അത് എല്ലാ പാപങ്ങളെയും നീക്കി വെടിപ്പാക്കുന്നു. മനുഷ്യജീവിതത്തെ ക്രമപ്പെടുത്തുന്നു.
പള്ളിയുടെ പുറത്ത് സൂര്യന്‍ തിളങ്ങിയപ്പോള്‍ പള്ളിക്കുള്ളില്‍ ഒരിളം തണുപ്പനുഭവപ്പെട്ടു. പുറത്തും അകത്തും കാറ്റിന്റെ തലോടലുണ്ടായി. ആത്മീയ ശുശ്രൂക്ഷകരും എരിഞ്ഞു നിന്ന മെഴുകുതിരിയണച്ച് പുസ്തകങ്ങള്‍ യഥാസ്ഥാനത്ത് വെച്ച് വീട്ടിലേക്ക് പോയി. ദിവ്യബലിയുടെ സമഗ്രമായ ഒരു വിവരണം നല്കാനുള്ള സമയമല്ലാത്തതിനാല്‍ ചുരുക്കമായി പറഞ്ഞു. “ചെറിയൊരു വിത്തില്‍ നിന്ന് വലിയൊരു മരം വളരുന്നില്ലേ. അതാണ് ദിവ്യബലി.”

അവര്‍ പരസ്പരം നോക്കി. ഈ കത്തനാര്‍ എന്താണീ പറയുന്നത്.
“കത്തനാര്‍ ഈ പറഞ്ഞത് എന്റെ തലയില്‍ കേറുന്നില്ല. ഒന്ന് വിശദീകരിക്കാമോ?”
കൈസറുടെ ആവശ്യം.

“ഹിന്ദുപുരാണത്തിലെ ബ്രഹ്മാവ് എന്ന് പറഞ്ഞാല്‍ എന്തെന്ന് നിങ്ങള്‍ക്കറിയാമോ?”
അവര്‍ക്കറിയില്ലെന്ന് തലയാട്ടി കാണിച്ചു. ഈ കത്തനാര്‍ ഇത്രവേഗം ഹിന്ദുവായത് എന്തിനാണ്. ഞാന്‍ കളിയാക്കിയതിന് പകരം വീട്ടുകയാണോ? സീസ്സര്‍ ഉദ്വേഗത്തോടെ ചോദിച്ചു.
“കത്തനാരേ, നമ്മള്‍ സംസാരിക്കുന്നത് വിശുദ്ധബലിയെപ്പറ്റിയാണ്. അല്ലാതെ ഹിന്ദുപുരാണത്തെപ്പറ്റിയല്ല.”

“നിങ്ങള്‍ ഒരല്പം അതും അറിയണം. കാരണം നാം ഇന്ത്യാക്കാരാണ്. അവിടുത്തെ രക്തമാണ് നമ്മുടേത്. യേശുവിന് മുന്‍പുള്ള ഇന്ത്യാക്കാര്‍ ആരാണ്? ഹിന്ദുക്കള്‍. ആ രക്തമാണ് നമ്മുടെ ശരീരത്ത് ഒഴുകുന്നത്. നാം എന്നാണ് ക്രിസ്ത്യാനികളും മുസ്ലീമുമായത്. അറിയാമോ. അറിയില്ല. യേശുക്രിസ്തുവിന് ശേഷം ഏതോ നൂറ്റാണ്ടില്‍ ക്രിസ്താനിയായി. ഞാന്‍ ഡോക്ടറേറ്റ് എടുത്തത് ഹിന്ദു ഫിലോസഫിയിലാണ്.”

അവര്‍ പരിഭ്രാന്തിയോട നോക്കി. അത് അവര്‍ക്ക് ഒരു പുതിയ അറിവായിരുന്നു. അവരുടെ മനസ്സ് അലഞ്ഞു. അങ്ങനെയെങ്കില്‍ പേരിനൊപ്പം ഡോക്ടര്‍ എന്ന് വെയ്ക്കാത്തത് എന്താണ്? വിശ്വസിക്കാന്‍ പറ്റാത്ത കത്തനാര്‍. തന്നെ വിശദീകരിക്കട്ടെ. കൈസര്‍ ചോദിച്ചു. “കത്തനാരുടെ പേരിനോട് ഡോക്ടര്‍ ഇല്ലല്ലോ.” കത്തനാരുടെ മനസ്സുണര്‍ന്നു. ഞാന്‍ പഠിച്ചത് എനിക്ക് വേണ്ടിയാണ്. അത് ആത്മീയ സത്യങ്ങളെ തിരിച്ചറിയാനായിരുന്നു. തന്റെ പേരിനൊപ്പം അത് വെയ്ക്കുന്നത് എനിക്കിഷ്ടമല്ല.” വീണ്ടും താടി തടവിയിട്ട് അവരുടെ മുഖത്തേയ്ക്ക് തീഷ്ണമായി നോക്കി.

“ബ്രഹ്മാവ് എന്ന് പറഞ്ഞാല്‍ ഏതൊന്നില്‍ നിന്ന് വന്നോ അതാണ്. അതിനെ വിഷ്ണു, ശിവന്‍ അങ്ങനെ സര്‍വ്വവുമാണ്. ഓം, ശക്തി, ഓം ശാന്തി ഹാലേലൂയ്യ എന്നു പറയുന്നത് നിസ്സാരമായി കാണേണ്ട.” അവരുടെ മുഖം മങ്ങിത്തുടങ്ങി. ഒന്നും ചോദിക്കേണ്ടതില്ലായിരുന്നു. ഹാലേലൂയ്യ എന്നു പറഞ്ഞാല്‍ ദൈവത്തിന് സ്തുതി. തെല്ല് സംശയത്തോടെ കത്തനാരെ നോക്കി. എത്രയും വേഗം ഇയാളുടെ മുന്നില്‍ നിന്ന് ഒന്ന് പോയാല്‍ മതിയായിരുന്നു. പണ്ടെങ്ങോ ദ്രവിച്ചുപോയെ ദ്രാവിഡസംസ്കാരം പൊക്കിക്കൊണ്ടു വന്നിരിക്കുന്നു. പള്ളി കഴിഞ്ഞ് ഉടനെ എത്താമെന്നാണ് ഹെലന് വാക്കുകൊടുത്തത്. അവള്‍ നോക്കിയിരുന്ന് കണ്ണ് വേദനിച്ചുകാണും. അവളുടെ സുന്ദരമേനി മുന്നില്‍ തെളിഞ്ഞു നിന്നു.

എന്താ സീസ്സറിന് ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും ചോദ്യങ്ങളുണ്ടോ? സീസ്സറിന്റെ മനസ്സ് ഹെലന്റെ അടുത്തായിരുന്നു. കത്തനാരുടെ ചോദ്യം അവിടെ വിലങ്ങായി. ഒരു സ്ത്രീയുടെ സൗന്ദര്യം തിരിച്ചറിയാത്ത ഈ കത്തനാര്‍ എന്നെത്തന്നെ എന്തിനാണ് തെരഞ്ഞുപിടിച്ചിരിക്കുന്നത്. സീസ്സറിന്റെ കണ്ണകള്‍ പതറുന്നുണ്ടായിരുന്നു. പള്ളിക്കുള്ളില്‍ മറ്റൊരു കുരിശ് ജന്മമെടുത്തിരിക്കുന്നു. സീസ്സര്‍ ഇടറിയ ശബ്ദത്തില്‍ വിനീതനായി പറഞ്ഞു.
“ദിവ്യബലിയെപ്പറ്റിക്കൂടി പറഞ്ഞാല്‍ ഞങ്ങള്‍ക്ക് പോകാമായിരുന്നു.”

“അതാണ് ഞാന്‍ പറഞ്ഞു വന്നത്. ദിവ്യബലിയും ബ്രഹ്മാവില്‍ നിന്നുണ്ടായതാണ്. ദിവ്യബലിയില്‍ നാം നമ്മെത്തന്നെ ദൈവത്തിന് സമര്‍പ്പിക്കയാണ്. അത് യേശുവിന്റെ ശരീരവും രക്തവുമാണ്. വിശുദ്ധ അപ്പവും വീഞ്ഞും ദൈവമക്കള്‍ക്ക് എന്ന് പറഞ്ഞാല്‍ വിശുദ്ധിയും വെടുപ്പും ഉള്ളവര്‍ക്ക് മാത്രമാണ്.” കൈസര്‍ പറഞ്ഞു.
“കത്തനാരേ ഇത് കഴിക്കുന്നതിന് മുന്‍പ് എല്ലാ പാപങ്ങളും ദൈവസന്നിധിയില്‍ ഏറ്റുപറയുന്നില്ലേ?”

“സമ്മതിച്ചു. എന്നാല്‍ ആഴ്ചയില്‍ ആറു ദിവസവും പാപം ചെയ്തിട്ട് ഏഴാം ദിവസം വന്ന് പാപം ഏറ്റുപറഞ്ഞ് ഈശോനാഥന്റെ തിരിശരീരവും തിരുരക്തവും കുടിക്കുന്നത് തെറ്റാണ്. മനുഷ്യര്‍ തെറ്റുകള്‍ മാത്രം ചെയ്യും. എന്നാല്‍ പത്ത് കല്പനകള്‍ ലംഘിച്ചിട്ട് വന്ന് അത് ഭക്ഷിച്ചാല്‍ ദൈവം എല്ലാ മനുഷ്യരെയും ന്യായം വിധിക്കുന്ന ഒരുനാള്‍ വരുന്നത് നിങ്ങള്‍ മറക്കുന്നു. ഇതിനുള്ളില്‍ എരിയുന്ന മെഴുകുതിരിയുടെ മണം ദൈവത്തിന്‍റേതാണ്. പാപമോചനം മനസ്സിന്റെ മാനസ്സാന്തരമാണ്. നാം ഭക്ഷിക്കുന്ന അപ്പത്തിനൊപ്പം ആത്മാവും ഉണ്ടായിരിക്കണം. ഞാന്‍ യേശുക്രിസ്തുവിന്റെ പ്രതിപുരുഷനാണ്. ദൈവത്തിന്റെ കയ്യൊപ്പ് വാങ്ങിയവന്‍. പുരോഹിതന്‍ ക്രിസ്തുദര്‍ശനം ലഭിച്ചവനും ജ്ഞാനിയും സമര്‍പ്പണബോധമുള്ളവനുമാകണം. സത്യത്തെ ജനങ്ങള്‍ക്ക് ബോദ്ധ്യപ്പെടുത്തണം.

മനസ്സിലെ നീറ്റല്‍ പുറത്ത് കാട്ടാതെ സീസ്സര്‍ ചോദിച്ചു.
“കത്തനാര്‍ വെറുതെ എന്തിനാ മറ്റുള്ളവരുടെ കുറ്റം കണ്ടെത്താന്‍ നടക്കുന്നേ. എത്രയോ നൂറ്റാണ്ടുകളായി പാപം ചെയ്തവര്‍ ഈ വിശുദ്ധബലിയില്‍ പങ്കുകൊള്ളുന്നു. സഭയ്ക്ക് എതിര്‍പ്പില്ല. കത്തനാര്‍ക്ക് മാത്രമെന്താണ് ഈ എതിര്‍പ്പ്.

“ഈ തൊഴിലുണ്ടല്ലോ വെറും വെല്ലുവിലി മാത്രമല്ല. ഇതില്‍ ദൈവവിളിയുമുണ്ട്. സഭയും മറ്റുള്ളവരും ചെയ്യുന്നത് കണ്ടും കേട്ടുമല്ല ഞാനീ വേല തെരഞ്ഞെടുത്തത്. മറ്റുള്ളവര്‍ കുറ്റം ചുമത്താന്‍ വന്ന യഹൂദരരെ നോക്കി യേശു എന്ത് പറഞ്ഞു. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയട്ടെ. അതോടെ യഹൂദന്റെ ന്യായപ്രമാണം പൊളിഞ്ഞു. വേശ്യയായ മറിയയോട് യേശു പറഞ്ഞു. “മകളെ ഞാനും നിന്നെ കുറ്റം വിധിക്കുന്നില്ല. ഇനിയും പാപം ചെയ്യരുത്.” അവള്‍ വിശുദ്ധയായി ദൈവസന്നിധിയില്‍ കടന്നുവന്ന് അനുഗ്രഹങ്ങളെ നേടി. ഞാനും അതെ ഏറ്റു പറയുന്നുള്ളു. “നിങ്ങള്‍ പറയുന്നത് എല്ലാ ഞായറാഴ്ചയും ഞാന്‍ പാപികള്‍ക്കായി ദിവ്യബലി കൊടുക്കണമെന്നാണോ?”

അവര്‍ മൗനികളായി പരസ്പരം നോക്കി. ഹൃദയത്തില്‍ തറയ്ക്കുന്ന വാക്കുകള്‍ അത് സൂചിമുന പോലെ തോന്നി. ഒരു ക്രിസ്ത്യാനിക്ക് പത്ത് കല്പന ലംഘിക്കാതെ ജീവിക്കാനൊക്കുമോ? ഈ രാജ്യക്കാര്‍പോലും പത്തുകല്പനകളെ കാറ്റില്‍ പറത്തിയവരല്ലേ? ഇങ്ങനെയെങ്കില്‍ മനുഷ്യന്റെ എല്ലാ രഹസ്യബന്ധങ്ങളും തകര്‍ന്നടിയും. കത്തനാരുടെ വാക്കുകള്‍ മനസ്സിനെ ഇളക്കി മറിക്കുന്നു. വെറുതെ കത്തനാരുമായി സംസ്സാരിക്കേണ്ടതില്ലായിരുന്നു. കടല്‍ തിരയിളക്കി കരയെ അമ്പരപ്പിക്കുന്നതുപോലെ പത്ത് കല്പന പറഞ്ഞ് ക്രിസ്ത്യാനിയെ പേടിപ്പിക്കാന്‍ വന്നിരിക്കുന്ന വേഗത്തിലവര്‍ വിട പറഞ്ഞ് പുറത്തേക്കിറങ്ങി. വളരെ വേഗത്തില്‍ എന്തോ പറഞ്ഞുകൊണ്ടു നടന്നു. കത്തനാര്‍ പള്ളിയുടെ മദ്ധ്യത്തില്‍ കൈകളുയര്‍ത്തി പ്രാര്‍ത്ഥനയില്‍ ലയിച്ചു. സീസ്സറിന്റെ മനസ്സില്‍ ധാരാളം ചോദ്യങ്ങള്‍ ഉരുത്തിരിഞ്ഞു. കാര്‍ മുന്നോട്ടോടിയെങ്കിലും കണ്ണുകള്‍ കത്തനാരിലായിരുന്നു. പള്ളിയില്‍ മനുഷ്യര്‍ പോകുന്നത് മനോദുഃഖങ്ങള്‍ അകറ്റാനാണ്. ഈ കത്തനാര്‍മൂലം മനസ്സിപ്പോള്‍ വ്യാകുലപ്പെടുന്നു. ഇങ്ങനെയുള്ള പുരോഹിതര്‍ എത്രയുംവേഗം കര്‍ത്താവില്‍ നിദ്ര പ്രാപിക്കുന്നതാണ് നല്ലത്.

കാര്‍ ഹെലന്റെ വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിട്ട് വീട്ടിലേക്ക് നടന്നു. കാളിംഗ്ബെല്ലില്‍ വിരല്‍ അമര്‍ന്നു.
അവള്‍ വേഗമെത്തി കതക് തുറന്നു.
അവളുടെ ചുണ്ടുകള്‍ പുഞ്ചിരിച്ചു.

തുടരും ….

കാരൂര്‍ സോമന്‍

അദ്ധ്യായം 09 – ആത്മാവിന്റെ നോവുകള്‍

കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍: അദ്ധ്യായം 01