ബഹിരാകാശ മേഖലയിൽ പുത്തൻ കുതിപ്പിനായി ഇന്ത്യയും ഓസ്ട്രേലിയയും കൈകോർക്കുന്നു. വാണിജ്യ തലത്തിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനായി 18 ദശലക്ഷം ഡോളറിന്റെ കരാർ ഒപ്പുവെച്ചു. ഇസ്രോയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡുമായാണ് കരാർ ഒപ്പുവച്ചിരിക്കുന്നത്. ബഹിരാകാശ സാങ്കേതികവിദ്യ, ഗവേഷണം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം മെച്ചപ്പെടുത്തുന്ന ‘സ്പേസ് മൈത്രി’ ദൗത്യത്തിന്റെ ഭാഗമായാണ് കരാർ.
ഓസ്ട്രേലിയൻ സ്ഥാപനമായ സ്പേസ് മെഷീൻസ് കമ്പനി നിർമിച്ച ‘ഒപ്റ്റിമസ്’ എന്ന് വർക്ക്ഷോപ്പ് ഉപഗ്രഹം ഇന്ത്യയുടെ ചെറു വിക്ഷേപണ വാഹനമായ എസ്എസ്എൽവിയുടെ സഹായത്തോടെ 2026-ൽ വിക്ഷേപിക്കും. ബഹിരാകാശത്ത് മറ്റ് ഉപഗ്രഹങ്ങളുടെ തകരാർ കണ്ടെത്താൻ ഒപ്റ്റിമസിന് സാധിക്കും. ഉപഗ്രഹങ്ങളുടെ അറ്റകുറ്റപ്പണി നടത്താനും ഇന്ധനം നിറയ്‌ക്കാനും കാലവധി കഴിഞ്ഞ ഉപഗ്രഹങ്ങളെ സുരക്ഷിതമായി നശിപ്പിക്കാനും സാധ്യമാക്കുന്ന സാങ്കേതികവിദ്യ ഒപ്റ്റിമസിൽ വികസിപ്പിക്കുകയാണ്.
ഓസ്ട്രേലിയയുടെ ഏറ്റവും വലിയ ഉപഗ്രഹമാണ് 460 കിലോഗ്രാം ഭാരം വരുന്ന ഒപ്റ്റിമസ്. ഇതാണ് ഇന്ത്യയുടെ ഏറ്റവും ചെറിയ വിക്ഷേപണ വാഹനത്തിന്റെ ചിറകേറി കുതിക്കുക.