ബ്രിസ്ബെയ്ൻ സൗത്തിലെ സെന്റ് തോമസ് ദി അപ്പോസ്തൽ സീറോ മലബാർ ഫൊറോന ദേവാലയത്തിലെ ആണ്ടുതോറും നടത്തിവരുന്ന വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ഈ വർഷം ജൂലൈ 5 മുതൽ 7 വരെ (വെള്ളി, ശനി, ഞായർ) അത്യാഘോഷപൂർവ്വം നടത്തപ്പെടുന്നു. വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും മഹത്തായ പൈതൃകത്തിൽ നടത്തപ്പെടുന്ന ആത്മീയവും സാമൂഹികവുമായ പരിപാടികളുടെ ഈ ഒത്തുചേരലിൽ, ഒരുമയുടെ ഈ ആഘോഷത്തിൽ ഞങ്ങളോടൊപ്പം പങ്കുചേരുവാനും തിരുനാളിൽ സംബന്ധിച്ചു വിശുദ്‌ധരുടെ മാധ്യസ്ഥ്യം വഴി ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കാനും വരും നാളുകളിലേക്ക് കൂടുതൽ ദൈവാനുഗ്രഹം പ്രാപിക്കാനും ഫൊറോന വികാരി റവ. ഫാ. എബ്രഹാം നാടുക്കുന്നേൽ എല്ലാവരെയും ദൈവനാമത്തിൽ ക്ഷണിക്കുന്നു.
നവനാൾ നൊവേന, ലദീഞ്ഞ്, വിശുദ്ധ കുർബാന, പ്രാർത്ഥനാ ശുശ്രൂഷകൾ, അപ്പോസ്തലനായ വിശുദ്ധ തോമാശ്ലീഹായേയും മറ്റു വിശുദ്ധരെയും ആദരിക്കുന്ന ഭക്തിനിർഭരമായ പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ ഈ വർഷത്തെ തിരുനാളിന്റെ പ്രത്യേകതകളാണ്. ജൂലൈ അഞ്ചാം തിയതി വെള്ളിയാഴ്ച, വൈകിട്ട് 6.00-നു കൊടിയേറ്റ്, പ്രസുദേന്തി വാഴ്ച്ച എന്നിവ ഫൊറോന വികാരി, റവ. ഫാ. എബ്രഹാം നാടുക്കുന്നേലിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. തുടർന്ന് നടക്കുന്ന വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ഇപ്‌സ്‌വിച്ച്, സ്പ്രിംഗ്ഫീൽഡ് മിഷൻ വികാരി, ഫാ. ആൻറോ ചിരിയംകണ്ടത്ത് നേതൃത്വം നൽകും.
ജൂലൈ 06 ശനിയാഴ്ച വൈകിട്ട് 3.00-ന് ആഘോഷമായ വി. കുർബ്ബാനയോടെ ആരംഭിക്കുന്ന തിരുക്കർമ്മങ്ങൾക്ക് ഫ്രഞ്ച്സ് ഫോറസ്റ്റ് ഇടവക (സിഡ്‌നി) അസോസിയേറ്റ് വികാരി ഫാ. ബിജു മാത്യു കോയിക്കാട്ടിൽ നേതൃത്വം നൽകും.
സാംസ്കാരിക സായാഹ്നവും ഫുഡ് ഫെസ്റ്റും അവതരിപ്പിക്കുന്ന, ‘KOIΝΟΝΙΑ (ഫെലോഷിപ്പ്) 2024 എന്ന കലാ സാംസ്ക്കാരിക പരിപാടി വൈകിട്ട് 5:00 മുതൽ 9:30 മണി വരെ നടത്തപ്പെടുന്നു. ബ്രിസ്‌ബേൻ ബ്രിസി ബീട്സ് ചെണ്ടമേളത്തിന്റെ ഫ്യൂഷൻ ചെണ്ടമേളം ‘കൊയ്‌നോനിയ 2024’-നെ ആഘോഷ പൂരിതമാക്കും ഫൊറോന പള്ളിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ സാംസ്ക്കാരിക പരിപാടിയിൽ വിവിധ ഇടവകകളിൽ നിന്നുമായി 500-ൽ പരം കലാകാരന്മാർ പങ്കെടുക്കും. ശനിയാഴ്ച 8.30-ന് ഫാ. ഷാജി തുമ്പേച്ചിറയിൽ സംവിധാനം നിർവഹിക്കുന്ന രാജശിൽപി എന്ന ബൈബിൾ നാടകം അവതരിപ്പിക്കപ്പെടുന്നതാണ്. സെന്റ് തോമസ് ദി അപ്പോസ്തൽ സീറോ മലബാർ ഫൊറോന ദേവാലയത്തിലെ 40 -ൽ പരം കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന ഈ നാടകം കലാസന്ധ്യക്ക് മാറ്റു കൂട്ടും.
പ്രധാന തിരുന്നാൾ ദിവസമായ ജൂലൈ 07 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.00-ന് ആഘോഷമായ വി. കുർബ്ബാനയോടെ ആരംഭിക്കുന്ന തിരുക്കർമ്മങ്ങൾക്ക് സെൻറ് മേരീസ് മിഷൻ ന്യൂ കാസിൽ വികാരി ഫാ. ജോൺ പുതുവ നേതൃത്വം നൽകും.
വൈകിട്ട് 5.30-ന് വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ആഘോഷമായ തിരുനാൾ പ്രദക്ഷിണം നടത്തും. ബ്രിസ്‌ബേൻ ചെണ്ടമേളത്തിന്റെ ഇരുപതില്പരം കലാകാരന്മാരാണ് വാദ്യഘോഷങ്ങൾക്കു നേതൃത്വം നൽകുന്നത്. കഴുന്ന്, നേർച്ച, അടിമ എന്നിവക്കും വിശുദ്ധരെ വണങ്ങുവാനും ഉള്ള പ്രത്യേക സൗകര്യം ക്രമീകരിക്കും. തിരുനാൾ പ്രദക്ഷിണത്തിനെ തുടർന്ന്, ലദീഞ്ഞ്, സ്നേഹവിരുന്ന് എന്നിവ നടത്തപ്പെടും.
ശനിയാഴ്ചയും ഞായറാഴ്ചയും ഒരുക്കിയിരുന്ന മനോഹരമായ ചെണ്ടമേളം പരമ്പരാഗത കേരളത്തനിമയാർന്ന തിരുന്നാൾ പ്രദക്ഷിണത്തെ ഇമ്പമാർന്നതാക്കും.
കൈക്കാരൻമാരായ Mr. George Sebastian, Mr. Thomas Kachappilly, Mr. Mathew Punnolil, Mr. Sharon Biju, Mr. Nivil Chirackal എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റിയംഗങ്ങൾ വിപുലമായ ഒരുക്കങ്ങൾ നടത്തിവരുന്നു. തിരുന്നാൾ പ്രസുദേന്തിമാരാകുവാൻ ആഗ്രഹിക്കുന്നവർ കൈക്കാരൻമാരുമായി കോൺടാക്റ്റ് ചെയ്യേണ്ടതാണ്. ശനിയാഴ്ച ഒരുക്കിയിട്ടുള്ള ‘KOIΝΟΝΙΑ (ഫെലോഷിപ്പ്) 2024 എന്ന കലാസന്ധ്യക്ക് നേതൃത്വം നൽകുന്നത് ടോം തോമസ്, വിൻസെന്റ് ജോസ്, ടോം ജോസഫ് എന്നിവരാണ്.
സെൻറ് തോമസിൻറെ ഈ തിരുനാൾ എല്ലാവർക്കും അവിസ്മരണീയമാക്കുവാനും തിരുനാൾ ആഘോഷങ്ങളിൽ പങ്കുചേർന്ന് അനുഗ്രഹങ്ങൾ പ്രാപിക്കുവാനും, തുടർന്ന് നടത്തുന്ന സ്നേഹവിരുന്നിലും കൂട്ടായ്മയിലും പങ്കുചേരുവാനും എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു.