മോസ്‌കോ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ ഏറ്റവും പരമോന്നത ബഹുമതി നല്‍കി റഷ്യ. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനാണ് ബഹുമതി നരേന്ദ്രമോദിക്ക് സമ്മാനിച്ചത്. റഷ്യയിലെ ഓഡര്‍ ഓഫ് സെന്റ് ആന്‍ഡ്രു ബഹുമതിയാണ് മോദിക്ക് സമ്മാനിച്ചത്. ഇത് ഇന്ത്യക്കാകെയുള്ള അംഗീകാരമെന്ന് നരേന്ദ്രമോദി ബഹുമതി ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു. പ്രിയ സുഹൃത്ത് മോദിക്ക് ഹൃദയാഭിവാദ്യങ്ങൾ അർപ്പിക്കുന്നതായും അദ്ദേഹത്തിന്റെ ആയുസിനും ആരോഗ്യത്തിനും വിജയത്തിനും മംഗളങ്ങൾ നേരുകയാണെന്നും പുടിൻ പുരസ്കാര വേളയിൽ പുടിൻ പ്രതികരിച്ചു. ഇന്ത്യൻ ജനതയ്‌ക്ക് എല്ലാവിധ പുരോഗതിയും പ്രാപ്തമാകട്ടെയെന്നും റഷ്യൻ പ്രസിഡന്റ് പറഞ്ഞു. 2019-ലായിരുന്നു റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി നരേന്ദ്രമോദിക്ക് നൽകുമെന്ന് റഷ്യ പ്രഖ്യാപിച്ചത്.
പുടിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യ-റഷ്യ ബന്ധം ശക്തമാക്കാനുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ സ്വീകരിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. റഷ്യ ഇന്ത്യയുടെ യഥാർത്ഥ സുഹൃത്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. റഷ്യയിലെ കസാൻ, യെക്കാത്തെരിൻബെർഗ് എന്നീ നഗരങ്ങളിൽ ഇന്ത്യൻ കോൺസുലേറ്റുകൾ തുറക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. നിലവിൽ റഷ്യയിൽ സെന്റ് പീറ്റേഴ്സ്ബർഗിലും വ്ളാഡിവോസ്റ്റോക്കിലുമാണു ഇന്ത്യൻ കോൺസുലേറ്റുകളുള്ളത്. ഇന്ത്യയിൽ ചെറുകിട ആണവനിലയങ്ങൾ നിർമിക്കാൻ റഷ്യ സഹായം നൽകും. 6 നിലയങ്ങൾ നിർമിക്കാനാണു ധാരണ. ആണവസാങ്കേതിക വിദ്യയ്ക്കൊപ്പം ആണവനിലയ ഭാഗങ്ങളും കൈമാറും. റഷ്യയിലെ ആറ്റം പവലിയനിൽ പുട്ടിനൊപ്പം മോദി സന്ദർശനം നടത്തി. നിലവിൽ കൂടംകുളം ആണവനിലയ പദ്ധതിയിലാണു റഷ്യ സഹകരിക്കുന്നത്. പ്രതിരോധ രംഗത്താവശ്യമായ ഉപകരണഭാഗങ്ങളുടെ വിതരണത്തിനും കപ്പൽ നിർമാണരംഗത്തെ സഹകരണത്തിനും ധാരണയായി.
റഷ്യയിലെ ഇന്ത്യാസമൂഹം നൽകിയ സ്വീകരണത്തിലും മോദി പങ്കെടുത്തു.