തിരുവനന്തപുരം: കേരളത്തിന്റെ വികസന സ്വപ്നമായ വിഴിഞ്ഞം തുറമുഖ തീരത്ത് ആദ്യ മദർഷിപ്പ് സാൻ ഫെർണാണ്ടോ എത്തി. തുറമുഖ തീരത്ത് എത്തിയ മദർഷിപ്പിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. ചരക്കുനിറച്ച 1960 കണ്ടൈനറുകളുമായാണ് മെർസ്‌കിന്റെ സാൻ ഫെർണാണ്ടോ എന്ന കപ്പൽ തീരത്ത് അടുക്കുന്നത്. ചെണ്ട കൊട്ടിയും ദേശീയപതാക വീശിയുമാണ് പ്രദേശവാസികൾ കപ്പലിനെ സ്വീകരിച്ചത്. നൂറ്റിപ്പത്തിലധികം രാജ്യങ്ങളിൽ കാർഗോ സേവനങ്ങൾ നൽകുന്ന ഡാനിഷ് കമ്പനിയാണ് മെർസ്ക്. ഡേവൂ ഷിപ്പ് ബിൽഡിംഗ് കമ്പനി 2014-ൽ നിർമ്മാണം പൂർത്തിയാക്കിയ സാൻ ഫെർണാണ്ടോയ്ക്ക് 300 മീറ്റർ നീളവും 48 മീറ്റർ വീതിയുമുണ്ട്. ജൂലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തിയത്.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കെത്തുന്ന ആദ്യ ചരക്കുകപ്പൽ സാൻ ഫെർണാണ്ടോ ചരിത്രത്തിലിടം പിടിച്ചു. സാൻ ഫെർണാണ്ടോയുടെ വരവോടെ പതിറ്റാണ്ടുകളായി കാത്തിരുന്ന സ്വപ്നത്തിന് സാക്ഷാത്കാരമാവുകയാണ്. തുറമുഖത്തിന്റെ 800 മീറ്റർ ബെർത്തിന്റെ മധ്യഭാഗത്ത് നങ്കൂരമിടുന്ന സാൻഫെർണാണ്ടോ ചരക്കുകളിറക്കിയതിന് ശേഷം കൊളംബോയിലേക്ക് മടങ്ങും. കപ്പലിൽ നിന്നിറക്കിയ കണ്ടെയ്നറുകൾ മദർ ഷിപ്പ് മടങ്ങിയതിന് ശേഷം ചെറിയ ഫീഡർ കപ്പലുകളിൽ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടു പോകും. വിഴിഞ്ഞത്ത് സജ്ജമാക്കിയ കൂറ്റൻ ക്രെയ്നുകളാകും ചരക്ക് ഇറക്കുക. ഇന്ത്യയിലെ തന്നെ മറ്റൊരു തുറമുഖത്തിനും അവകാശപ്പെടാനാകാത്ത അത്ര ശേഷിയുള്ള എട്ട് ഷിപ്പ് ടു ഷോർ ക്രെയ്നുകളും 23 യാർഡ് ക്രെയ്നുകളുമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ഓട്ടമേറ്റഡ് സംവിധാനം വഴി ചരക്കിറക്കും കയറ്റവും നിയന്ത്രിക്കാൻ കഴിയും. കൂറ്റൻ ഷിപ്പ് ടു ഷോർ ക്രെയ്ൻ ഉപയോഗിച്ച് കണ്ടെ്യനറുകൾ കപ്പിൽ നിന്ന് ഇറക്കും. ശേഷം കപ്പലിൽ നിന്ന് കണ്ടെയ്നുകൾ ടെർമിനൽ ട്രക്കുകളിലേക്ക് മാറ്റും. യാർഡ് ക്രെയ്നുകൾ ഉപയോഗിച്ച് കണ്ടെയ്നറുകൾ യാർഡിൽ അടുക്കിവയ്ക്കും. ഓരോ റൂട്ടിലേക്കുമുള്ള കണ്ടെയ്നുകൾ അതനുസരിച്ചാകും ക്രമീകരിക്കുക.
മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി, എ പി എം ടെർമിനലുകൾ, ഹപാഗ്- ലോയ്ഡ്, എന്നിവയുൾപ്പടെയുള്ള ലോക ഭീമമൻമാരുടെ കപ്പലുകളാകും സാൻഫെർണാണ്ടോയ്ക്ക് ശേഷം വിഴിഞ്ഞത്തേക്ക് എത്തുക.
വിഴിഞ്ഞത്ത് ചരിത്രമുഹൂര്‍ത്തം; അന്താരാഷ്ട്ര തുറമുഖം പ്രവര്‍ത്തനസജ്ജമാകുന്നു.