വിഴിഞ്ഞത്ത് ചരിത്രമുഹൂര്‍ത്തം; അന്താരാഷ്ട്ര തുറമുഖം പ്രവര്‍ത്തനസജ്ജമാകുന്നു.

വിഴിഞ്ഞത്ത് ചരിത്രമുഹൂര്‍ത്തം; അന്താരാഷ്ട്ര തുറമുഖം പ്രവര്‍ത്തനസജ്ജമാകുന്നു.

കേരളത്തിന്റെ ഭാവിവികസനസ്വപ്നം യാഥാര്‍ഥ്യമാക്കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവര്‍ത്തനസജ്ജമാകുന്നു. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിന്റെ ഭാഗമായ വിഴിഞ്ഞത്ത് അറബിക്കടലിൽ നിർമ്മാണം നടന്നുവരുന്ന തുറമുഖമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്ഷിപ്മെന്റ് തുറമുഖമാണ് വിഴിഞ്ഞത്ത് യാഥാര്‍ഥ്യമാകുന്നത്. ഒരു കപ്പലിൽ നിന്ന് മറ്റൊന്നിലേക്ക് ചരക്കുകൾ മാറ്റിയശേഷം ചരക്കുനീക്കം നടത്തുന്ന തുറമുഖമാണ് ട്രാൻസ്ഷിപ്പ്മെന്റ് പോർട്ട് എന്ന് അറിയപ്പെടുന്നത്. തുറമുഖത്തേക്കുള്ള ആദ്യചരക്കുകപ്പല്‍ എത്തി. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് വമ്പന്‍ തുറമുഖ സാധ്യതകളിലേക്കു പലരും വിരല്‍ചൂണ്ടിയ വിഴിഞ്ഞം തീരത്ത് ആദ്യ മദർ കപ്പൽ എത്തിയതോടെ 2015-ല്‍ തുടങ്ങിയ വിഴിഞ്ഞം തുറമുഖ പദ്ധതി ഒരു പതിറ്റാണ്ടിനിപ്പുറം യാഥാര്‍ഥ്യമാവുകയാണ്.

അദാനി ഗ്രൂപ്പ് പദ്ധതിയുടെ വികസനത്തിനായി അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (എവിപിപിഎൽ) എന്ന പേരിൽ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്പിവി) രൂപീകരിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ് വാട്ടർ മൾട്ടിപർപ്പസ് തുറമുഖത്തിന്റെ വികസനത്തിനും പ്രവർത്തനത്തിനുമായി 2015 ഓഗസ്റ്റ് 17 ന് കേരള സർക്കാർ എവിപിപിഎല്ലുമായി കൺസെഷൻ കരാറിൽ ഏർപ്പെട്ടു. നിർമാണപ്രവർത്തനങ്ങൾ ഡിസംബർ 5 -നു ആരംഭിച്ചു. പി.പി.പി. മാതൃകയില്‍ പൊതു, സ്വകാര്യ പങ്കാളിത്ത പദ്ധതിയാണിത്.

സമുദ്രാധിഷ്ഠിത ചരക്കു നീക്കത്തിൽ രാജ്യത്തിനു സുപ്രധാന സ്ഥാനം ലഭ്യമാക്കുന്ന വിഴിഞ്ഞം തുറമുഖം അത്യാധുനിക ഓട്ടോമേറ്റഡ് ക്രെയിനുകളും നൂതന ഓട്ടോമേഷൻ സംവിധാനങ്ങളോടും കൂടി ഷിപ്പിംഗ് കാര്യക്ഷമതയിൽ മുൻപന്തിയിലുള്ള എല്ലാ തുറമുഖങ്ങളോടും കിടപിടിക്കുന്ന തരത്തിൽ നൂതന സജ്ജീകരണങ്ങളോടെയാണ് യാഥാർത്ഥ്യമാകുന്നത്. ആഴത്തിലുള്ള ഡ്രാഫ്റ്റ് ബെർത്തുകളും നൂതന കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള ഉപകരണങ്ങളും ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങൾ തുറമുഖത്തിന് ഉണ്ട്. ഇന്ത്യൻ തീരപ്രദേശത്തിന്റെ മധ്യഭാഗത്തായുള്ള ഭൂമിശാസ്ത്രപരമായ സ്ഥാനം, അന്താരാഷ്ട്ര ഷിപ്പിംഗ് റൂട്ടുകളുടെ സാമീപ്യം, ഇന്ധന ബങ്കറിങ്ങിനുള്ള അനുയോജ്യമായ സ്ഥാനം, സ്വാഭാവികമായ ആഴം, ലിറ്റോറൽ ഡ്രിഫ്റ്റ് സൗകര്യങ്ങൾ തുടങ്ങിയ പ്രത്യേകതകൾ പ്രാദേശിക വികസനത്തിനും ആഗോള വ്യാപാര ശൃംഖലകളിലേക്കുള്ള ഇന്ത്യയുടെ സംയോജനത്തിനും ഗണ്യമായ സംഭാവന നൽകാൻ സജ്ജമായ, നിർണായകമായ ഒരു സമുദ്ര കവാടമായി വിഴിഞ്ഞത്തെ തിരഞ്ഞെടുക്കാൻ കാരണമായി. കൂടാതെ ഇത് വിഴിഞ്ഞം തുറമുഖത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയും അന്താരാഷ്ട്ര വ്യവസായ വാണിജ്യ രംഗത്ത് അനന്ത സാധ്യതകൾ തുറക്കുകയും ചെയ്യുന്നു.

പ്രകൃതി ഒരുക്കിയ സ്വഭാവികമായ അനുകൂല ഘടകങ്ങളാണ് വിഴിഞ്ഞത്തിന്റെ ഏറ്റവും വലിയ സവിശേഷതകളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അന്താരാഷ്ട്ര കപ്പല്‍പ്പാതയില്‍ നിന്നും 10 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയാണ് വിഴിഞ്ഞം തുറമുഖം. കിലോമീറ്റര്‍ ദൂരം കണക്കാക്കിയാല്‍ ഏതാണ്ട് 19 കിലോമീറ്റര്‍ മാത്രം ദൂരം. ഡ്രെഡ്ജിങ് നടത്താതെ തന്നെ ഏതാണ്ട് 20 മീറ്ററിലധികം സ്വാഭാവിക ആഴമുള്ള ഇന്ത്യയിലെ ഏകതുറമുഖവും വിഴിഞ്ഞമാണ്. ഈ സ്വഭാവികമായ സാധ്യത ഉപയോഗിച്ച് കൂറ്റന്‍ കപ്പലുകള്‍ക്ക് ഇവിടെ അടുക്കാന്‍ സാധിക്കും. ഏതാണ്ട് 24,000 ടിഇയുവിനു മുകളില്‍ ഭാരം കയറ്റാവുന്ന കപ്പലുകള്‍ക്ക് വിഴിഞ്ഞം തീരത്ത് അടുക്കാനാവും. യൂറോപ്പ്, പേര്‍ഷ്യന്‍ ഗള്‍ഫ്, തെക്ക് കിഴക്കന്‍ ഏഷ്യ, ചൈന, ജപ്പാന്‍ അടക്കമുള്ള കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയ വിദൂര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കപ്പല്‍പാതയുടെ രാജ്യത്തെ ഏറ്റവും പ്രധാന നങ്കൂരമായി വിഴിഞ്ഞം തുറമുഖം മാറും.

തിരുവനന്തപുരത്തെ രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് വിഴിഞ്ഞം തുറമുഖത്ത് നിന്നും 16 കിലോമീറ്റര്‍ മാത്രമാണ് ദൂരമുള്ളത്. വിഴിഞ്ഞത്തേയ്ക്ക് റെയില്‍ ഗതാഗതത്തിനുള്ള സൗകര്യങ്ങളും വിഴിഞ്ഞത്ത് ഒരുങ്ങുന്നുണ്ട്. ഇതോടെ ചരക്ക് നീക്കത്തിന്റെ കര-വ്യോമ-കടല്‍ മാര്‍ഗ്ഗമുള്ള അനുകൂല സാഹചര്യമുള്ള തുറമുഖമെന്ന ഖ്യാതിയും വിഴിഞ്ഞത്തിന് കൈവരും. വിഴിഞ്ഞം പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകുന്നതോടെ രാജ്യത്തിന്റെ അന്താരാഷ്ട്ര ചരക്ക് നീക്കത്തിന്റെ 50 ശതമാനത്തിലേയറെയും ഇവിടേയ്ക്ക് മാറുമെന്നാണ് കണക്കാക്കുിന്നത്. നിലവില്‍ സിംഗപ്പൂര്‍, ദുബായ്, കൊളംബോ തുറമുഖങ്ങളെയാണ് ചരക്ക് നീക്കത്തിനുള്ള ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖമായി ഇന്ത്യ ആശ്രയിക്കുന്നത്.

ട്രാന്‍സ്ഷിപ്മെന്റ് തുറമുഖങ്ങളായ കൊളംബോ, സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ അനുഭവപ്പെടുന്ന തിരക്കാണ് പ്രമുഖ കപ്പല്‍ കമ്പനികളെ പെട്ടെന്നുതന്നെ വിഴിഞ്ഞത്തേക്ക് ആകര്‍ഷിക്കുക. നിലവില്‍ നാലും അഞ്ചും ദിവസം കാത്തുകിടന്നാലാണ് ഈ രണ്ടു തുറമുഖങ്ങളിലും ചരക്കിറക്കാന്‍ സാധിക്കുക. ഇതും കപ്പല്‍ കമ്പനികളെ സംബന്ധിച്ചിടത്തോളം വന്‍ ബാധ്യത വരുത്തുകയാണ്. രാജ്യത്തെ ആദ്യത്തെ ട്രാന്‍സ്ഷിപ്മെന്റ് തുറമുഖം വിഴിഞ്ഞത്ത് സജ്ജമാവുന്നതോടെ ഒട്ടും വൈകാതെതന്നെ അതിന്റെ സാധ്യതകള്‍ മുതലെടുക്കാന്‍ കപ്പല്‍ കമ്പനികള്‍ ശ്രമിക്കുകയാണ്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വഴി കയറ്റുമതി- ഇറക്കുമതി വർദ്ധിക്കുന്നതിലൂടെ കേരളത്തിലെ വ്യവസായ മേഖലകളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുന്നതാണ്. വിഴിഞ്ഞം തുറമുഖത്തിൽ ആദ്യ ഘട്ടത്തിൽ 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുവാൻ വിഭാവനം ചെയ്യുന്നു. ഇതിന്റെ തുടർ ഘട്ടങ്ങൾ പൂർത്തിയാകുന്നതോടു കൂടി ഇത് 50 ലക്ഷം വരെ ഉയർത്താനും സാധിക്കുന്നതാണ്. കണ്ടെയ്നർ ഒന്നിന് ശരാശരി 6 പ്രവ്യത്തി ദിനങ്ങൾ തുറമുഖത്തിനകത്തും പുറത്തും സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വഴി രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള ചരക്കു നീക്കം നടക്കുന്നതിലൂടെ കേരളത്തിന് മികച്ച രീതിയിലുള്ള തൊഴിൽ സാദ്ധ്യതകളും വരുമാന വർദ്ധനവും ലഭ്യമാകും. തുറമുഖ നിർമാണം പൂർത്തിയാകുന്നതോടെ 10,000 കോടി രൂപയുടെ നിക്ഷേപം കേരള തീരത്തുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ തന്നെ മുഖച്ഛായ മാറ്റുന്ന ചാലകശക്തിയായി വിഴിഞ്ഞം തുറമുഖം മാറും.

വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദര്‍ഷിപ്; വാട്ടർ സല്യൂട്ട് നൽകി സ്വീകരണം.