ഡോണൾഡ് ട്രംപിന് നേരെ വധശ്രമം; ആക്രമണം പെൻസിൽവാനിയയിലെ തിരെഞ്ഞെടുപ്പ് റാലിക്കിടെ.

ട്രംപിന്റെ തെരഞ്ഞെടുപ്പ് റാലിക്ക് നേരെ വെടിവയ്പ്പ്; മുൻ പ്രസഡന്റിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

പെൻസിൽവാനിയ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നേരെ വധശ്രമം. ആക്രമണത്തില്‍ ട്രംപിന് പരിക്കേറ്റെങ്കിലും ആരോഗ്യനില തൃപ്തികരമാണ് എന്നാണ് റിപ്പോർട്ട്. മുൻപ്രസിഡന്റിന്റെ പെൻസിൽവാനിയയിലെ ബട്ലറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. ട്രംപ് വേദിയിൽ പ്രസംഗിക്കുമ്പോഴാണ് സംഭവം. യുഎസ് രഹസ്യാന്വേഷണ ഏജൻസി ഉടൻതന്നെ ട്രംപിനു സുരക്ഷയൊരുക്കി. സുരക്ഷാ ഉദ്യോഗസ്ഥ വലയത്തിൽ വേദിയിൽ നിന്നും പുറത്തെത്തിച്ച ട്രംപിനെ രഹസ്യാന്വേഷണ ഏജൻസി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ട്രംപിന്റെ വലത്തേ ചെവിയിൽ നിന്ന് രക്തം ഒഴുകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ട്രംപിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹത്തെ പ്രാദേശിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയതായും അടുത്ത വൃത്തങ്ങൾ അറിയിച്ചതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാർത്താ ഏജൻസിയായ അസോസിയേറ്റ് പ്രസിന് നൽകിയ ഫോൺ അഭിമുഖത്തിൽ വെടിയുതിർത്തെന്ന് സംശയിക്കുന്നയാൾ മരിച്ചതായും റാലിയിൽ പങ്കെടുത്ത ഒരാൾ കൊല്ലപ്പെട്ടതായും ബട്‌ലർ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി റിച്ചാർഡ് ഗോൾഡിംഗർ പറഞ്ഞു.

ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ലെന്നും ആക്രമണത്തിൽ വലിയ ആശങ്കയുണ്ടെന്നും സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിൽ പ്രധാനമന്ത്രി പറഞ്ഞു. ട്രംപ് വേഗം ആരോഗ്യം വീണ്ടെടുക്കാൻ ആശംസിക്കുന്നുവെന്നും വെടിവയ്പിൽ മരിച്ചവരുടെ കുടുംബത്തിന്റെയും പരുക്കേറ്റവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മോദി പറഞ്ഞു.

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ ആക്രമണത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡനും, വൈസ് പ്രസിഡന്റ് കമലാ ഹാരിസും മുൻ പ്രസിഡന്റ് ബരാക് ഒബാമയും അപലപിച്ചു. അമേരിക്കയിൽ ഇത്തരം അക്രമങ്ങൾക്ക് സ്ഥാനമില്ലെന്നും ഇതിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നും ജോ ബൈഡൻ പ്രതികരിച്ചു. സംഭവത്തിന്റെ അടിയന്തര അവലോകനം നടത്തിയശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം അക്രമങ്ങൾക്ക് നമ്മുടെ രാജ്യത്ത് സ്ഥാനമില്ലെന്ന് ആയിരുന്നു കമലാ ഹാരിസിന്റെ പ്രതികരണം. എക്‌സിലൂടെ ആയിരുന്നു കമല ഹാരിസിന്റെ പ്രതികരണം. അക്രമത്തിന് പിന്നാലെ അടിയന്തര ഇടപെടൽ നടത്തിയ യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെയും പ്രാദേശിക ഭരണകൂടത്തെയും കമലാ ഹാരീസ് പ്രശംസിച്ചു. നമ്മുടെ ജനാധിപത്യത്തിൽ രാഷ്‌ട്രീയ അക്രമങ്ങൾക്ക് യാതൊരു സ്ഥാനവുമില്ലെന്ന് ആയിരുന്നു മുൻ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ പ്രതികരണം. ട്രംപിന് കാര്യമായ പരിക്കുകളില്ലെന്നത് ആശ്വാസകരമാണെന്നും ഒബാമ പറഞ്ഞു. മുൻ പ്രസിഡൻ്റ് ജോർജ്ജ് ഡബ്ല്യു ബുഷ് ട്രംപിനെതിരായ ആക്രമണം ഭീരുത്വം നിറഞ്ഞതെന്ന് പ്രതികരിച്ചു.