ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നു.

ടെൽ അവീവ്: ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നു. മധ്യഗാസയിലെ സ്കൂളിനുനേരെ ഇന്നലെയുണ്ടായ വ്യോമാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. ഇവിടെ പാർപ്പിച്ചിരുന്ന അഭയാർഥികളാണു കൊല്ലപ്പെട്ടതെന്ന് ഹമാസ് വക്താവ് അറിയിച്ചു. ഗാസ സിറ്റിയിൽ പുലർച്ചെയുണ്ടായ 4 ആക്രമണങ്ങളിൽ 17 പേർ കൊല്ലപ്പെടുകയും 50 പേർക്കു പരുക്കേൽക്കുകയും ചെയ്തതായും റിപ്പോർട്ടുണ്ട്.

ഗാസയിൽ ഹമാസിന്റെ സൈനിക തലവനെ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 71 പാലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. ഒക്ടോബർ 7-നുണ്ടായ ആക്രമണത്തിലെ സൂത്രധാരനെ ലക്ഷ്യമിട്ടുള്ളതായിരുന്നു ആക്രമണമെന്നാണ് ഇസ്രയേൽ സൈന്യം വിശദമാക്കുന്നത്. ഹമാസ് സൈനിക നേതാവായ മുഹമ്മദ് ദേയ്ഫും അനുയായിയും കൊല്ലപ്പെട്ടോയെന്ന് തീർച്ചയില്ലെന്നും എന്നാൽ മേഖലയിൽ ബന്ദികളില്ലെന്ന് വ്യക്തമായ സൂചന ലഭിച്ചതിന് പിന്നാലെയാണ് ആക്രമണം നൽകാൻ അനുമതി നൽകിയതെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശനിയാഴ്ച ടെൽ അവീവിൽ നടത്തിയ പത്രസമ്മേളനത്തിൽ പ്രതികരിച്ചത്.

ഇസ്രയേൽ കനത്ത വ്യോമാക്രമണം നടത്തുന്ന സാഹചര്യത്തിലും വെടിനിർത്തൽ ചർച്ചയിൽനിന്ന് പിന്മാറിയിട്ടില്ലെന്ന് ഹമാസിന്റെ വക്താവ് പറഞ്ഞു. അറബ് രാജ്യങ്ങളുടെയും യുഎസിന്റെയും മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളെ തുരങ്കം വയ്ക്കാനാണ് തുടർച്ചയായ ആക്രമണങ്ങളിലൂടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശ്രമിക്കുന്നതെന്ന് അവർ ആരോപിച്ചു. ഇതേസമയം, 3 ദിവസമായി ദോഹയിലും കയ്റോയിലും നടന്ന ചർച്ചകൾ ശനിയാഴ്ചയോടെ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്.

മറ്റൊരു സംഭവത്തിൽ ലെബനോനിൽ നിന്ന് ഇസ്രയേലിനെ ലക്ഷ്യമിട്ട് റോക്കറ്റാക്രമണമുണ്ടായി. ആക്രമണത്തിൽ 4 പേർക്ക് പരിക്കേറ്റു. തെക്കൻ പട്ടണമായ കിരിയാത് ഷ്മോണയിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്ള എറ്റെടുത്തിട്ടുണ്ട്. ഗാസയിൽ ഇതുവരെ 38,584 പലസ്തീൻകാർ കൊല്ലപ്പെട്ടു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 88,881 പേർക്കു പരുക്കേറ്റു.