തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്റെ ഫലമായി വരും ദിവസങ്ങളിൽ അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്, വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്ത് ന്യൂനമർദവും രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരളത്തിൽ വ്യാപകമായി ഇടിന്നലോടും കാറ്റോടും കൂടിയ അതിശക്തമായ മഴയ്ക്കാണ് സാധ്യത.
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 18-ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 19-ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലും മഞ്ഞ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ തീരങ്ങളിൽ 15-07-2024 രാത്രി 11.30 മുതൽ 17-07-2024 -ന് രാവിലെ 05.30 വരെ 3.3 മുതൽ 3.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ തീരങ്ങളിൽ 15-07-2024 രാത്രി 11.30 മുതൽ 17-07-2024 -ന് രാത്രി 11.30 വരെ 2.9 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കന്യാകുമാരി തീരത്ത് 16-07-2024 ന് രാത്രി 11.30 മുതൽ 17-07-2024 -ന് രാവിലെ 08.30 വരെ 2.9 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കേരള തീരത്തും, തമിഴ്‌നാട് തീരത്തും 17-07-2024 -ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
അതിതീവ്ര മഴ അപകടങ്ങളുണ്ടാക്കുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അതാനാൽ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും ഉണ്ടാകാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. മലയോര മേഖലയിലുള്ളവരും ജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു
മഴ കനത്തതോടെ ജലാശയങ്ങളിലെ നീരൊഴുക്കും വർദ്ധിച്ചു. ഇടുക്കി കല്ലാർകുട്ടി ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. 300 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. മുതിരപ്പുഴയാർ, പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം. പാംബ്ലാ ഡാമിന്റെ ഷട്ടറുകളും ഉയർത്തുമെന്നും മുന്നറിയിപ്പുണ്ട്. 600 ഘനയടി വെള്ളം വീതം പുറത്തേക്ക് ഒഴുക്കാനാണ് നിർദ്ദേശം. ശക്തമായ മഴയെത്തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വൻ നാശനഷ്ടങ്ങൾ ആണ് ഉണ്ടായിരിക്കുന്നത്. പാലക്കാട് കാക്കത്തറയിൽ കനത്ത മഴയിലും കാറ്റിലും വീട് തകർന്നു വീണു. പത്തനംതിട്ട പന്തളത്തും ശക്തമായ കാറ്റിലും മഴയിലും വലിയ നാശനഷ്ടങ്ങളുണ്ടായി. പന്തളത്ത് യക്ഷിവിളക്കാവിന് സമീപം 10-ഓളം പോസ്റ്റുകൾ കാറ്റിൽ ഒടിഞ്ഞു വീഴുകയും നിരവധി മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. കൊല്ലം തിരുമംഗലം ദേശീയപാതയിൽ അര്യങ്കാവ് ആർ.ഒ ജംഗ്ഷന് സമീപം മരം കടപുഴകി വീണ് രണ്ട് വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. ശക്തമായ മഴയിൽ നീരൊഴുക്ക് കൂടിയതിനാൽ കൊല്ലം ജില്ലയിലെ പാലരുവി വെളളച്ചാട്ടത്തിലേക്കുളള പ്രവേശനം വിലക്കിയതായി അധികൃതർ അറിയിച്ചു. ഭാരതപ്പുഴയിലെ ജനനിരപ്പും ഉയർന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിയിലെ 21 ഷട്ടറുകൾ ഉയർത്തി. ആലപ്പുഴ ജില്ലയിൽ 31 വീടുകൾ ഭാഗികമായി തകർന്നു. കഴിഞ്ഞ ദിവസം പാലക്കാട് പാലക്കയം വട്ടപ്പാറ ചെറുപുഴയിൽ ഒഴുക്കിൽപെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.