തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും. ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വയനാട് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്കൻ കേരളത്തില്‍ മഴ കനക്കുന്നുമെന്നാണ് മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. നാളെ 10 ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് എന്നിടങ്ങളിൽ ആണ് നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഈ മാസം 19-ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. പുതിയ ന്യൂനമർദ്ദം കൂടുതൽ ബാധിക്കാൻ സാധ്യത ഇടുക്കി ജില്ലയെ ആണെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. വടക്കൻ കേരളത്തിൽ കനത്ത മഴ തുടരും.
ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്ത് 31 ക്യാമ്പുകൾ തുറന്നു. 143 കുടുംബങ്ങളിൽ നിന്നായി 474 പേരാണ് ക്യാമ്പുകളിലുള്ളത്. വയനാട്ടിൽ മാത്രം 8 ക്യാമ്പുകളിലായി 172 പേർ ഉണ്ട്. അതേസമയം, കനത്തമഴയിൽ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങളുണ്ടായി. മലപ്പുറം അമരമ്പലം പറയംങ്കാടിൽ കിണർ ഇടിഞ്ഞു താഴ്ന്നു. കിണറിലെ വെള്ളം ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയിലായതാണ് വിവരം. മലപ്പുറം ജില്ലയിൽ ഇന്ന് 35ഉം കോഴിക്കോട് മുപ്പതിലേറെ വീടുകളും ഭാഗികമായി തകർന്നു. മലപ്പുറത്ത് 48 മണിക്കൂറിൽ 9.9 ഹെക്ടർ കൃഷി നശിച്ചു. മുപ്പത് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഇടുക്കിയിൽ നേര്യമംഗലം മുതൽ ഇരുമ്പുപാലം വരെയുള്ള വനമേഖലയിലൂടെയുള്ള യാത്രയ്ക്ക് അധികൃതർ നിയന്ത്രണമേർപ്പെടുത്തി. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചു. അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ കടപുഴകി വീടാനുള്ള സാധ്യതയുണ്ടെന്നും പൊതു ഗതാഗതം ഒഴികെയുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു. തൃശൂർ അതിരപ്പള്ളി മലക്കപ്പാറ റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. മലപ്പുറം പരപ്പനങ്ങാടി ആനങ്ങാടിയിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. അതേസമം സംസ്ഥാനത്ത് മഴക്കെടുതിയിൽ മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. ഇടുക്കിയിൽ പുഴയിൽ വീണ് താളുംകണ്ടം സ്വദേശി സനീഷ് (23) മരിച്ചു. ആലപ്പുഴയിൽ മരം വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഉനൈസ് (30)മരിച്ചു. തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി അലോഷ്യസ് മരിച്ചു.