തിരുവനന്തപുരം: വടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരുന്നു. കോഴിക്കോട്, വയനാട് ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ ഏറെക്കുറെ വെള്ളത്തിലായി. കോഴിക്കോട് ജില്ലയിൽ മലയോര മേഖലയിലാണ് കൂടുതൽ മഴ പെയ്തത്. നാദാപുരം, കുറ്റ്യാടി, ചക്കിട്ടപാറ, കോടഞ്ചേരി, തിരുവാമ്പാടി എന്നിവിടങ്ങളിൽ മഴ നാശം വിതച്ചു. കണ്ണൂരും വയനാടും കാസർകോടും റെഡ് അലർട്ട് തുടരുകയാണ്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇന്ന് കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖലകളിൽ അതീവ ജാഗ്രത വേണം. ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യത കരുതിയിരിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കടൽ പ്രക്ഷുബ്ദമാകാനും സാധ്യത ഉണ്ട്. കണ്ണൂർ, കാസർകോട് തീരങ്ങളിൽ പ്രത്യേക ജാഗ്രത വേണം. കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് പല മേഖലകളിലും മഴക്കെടുതികള്‍ തുടരുകയാണ്. കണ്ണൂരിലെ മലയോര മേഖലയിൽ പുഴകളിൽ ജലനിരപ്പ് അതിവേഗം ഉയരുകയാണ്. കര്‍ണാടക വനമേഖലയിൽ ഉരുള്‍പൊട്ടല്‍ ഉണ്ടായെന്നാണ് സൂചന. ജില്ലയിൽ നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന വയനാട്ടിൽ ഉച്ചവരെ പെയ്ത കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളും ഗ്രാമങ്ങളിലെ പല റോഡുകളും വെള്ളത്തിനടിയിലായി. ജില്ലയിലെ 300 കുടുംബങ്ങളിലെ 1002 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. വയനാട്ടിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴയാണ്. മാനന്തവാടി, പനമരം, കൊയിലേരി, നൂൽപ്പുഴ, കല്ലൂർ, വെണ്ണിയോട് എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി. മാനന്തവാടി വെള്ളിയൂർക്കാവ് ക്ഷേത്രത്തിലും വെള്ളം കയറി.
കോടഞ്ചേരി ചെമ്പുകടവ് പാലത്തിൽ വെള്ളം കയറിയതോടെ ഗതാഗതം നിലച്ചു. ഈങ്ങാപ്പുഴയിൽ ദേശീയ പാതയിൽ വെള്ളം കയറിയെങ്കിലും ഗതാഗതം മുടങ്ങിയില്ല. വടകരയിൽ കുളിമുറിയും കിണറും ഇടിഞ്ഞു താണു. നാദാപുരത്ത് പുലർച്ചെ വീട് തകർന്നുവീണു. നിരവധി സ്ഥലത്ത് മരങ്ങളും വൈദ്യുതി ലൈനുകളും പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു. നാദാപുരം വിലങ്ങാട് പാലം വെള്ളത്തിൽ മുങ്ങി. പാലാഴിയിൽ റോഡിലും കടകളിലും വെള്ളം കയറി. കേരള തമിഴ്നാട് അതിർത്തിയിൽ നാടുകാണി ചുരത്തിൽ റോഡിൽ വിള്ളൽ വീണു, അപായ സൂചന നൽകി, പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എടക്കര പുന്ന പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ പുഴക്ക് കുറുകെയുള്ള മുപ്പിനി പാലം വെള്ളത്തിലായി. കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരത്ത് കനത്ത മഴയില്‍ മദ്രസ കെട്ടിടം തകർന്നുവീണു. കട്ടൻ ബസാർ വടക്കുഭാഗം ജലാലിയ മസ്ജിദിന് കീഴിലുള്ള മുഈനുസുന്ന മദ്രസയാണ് തകർന്നത്.
ബംഗാൾ ഉൾക്കടലിന്റെ വടക്ക് രൂപപ്പെടുന്ന ന്യൂനമർദ്ദത്തിന് പിന്നാലെ കൊൽക്കത്ത ഭാഗത്ത് മറ്റൊരു ന്യൂനമർദ്ദ സൂചന കൂടിയുള്ളതിനാൽ ശക്തമായ മഴ ഈ മാസം മുഴുവൻ തുടരാൻ സാധ്യത. വടക്കുഭാഗത്തെ ന്യൂനമർദ്ദം ഒഡീഷ തീരമേഖലയിൽ എത്താനാണ് സാധ്യത. അറബിക്കടലിനു സമീപം ചക്രവാതച്ചുഴിയുള്ളതിനാൽ കാലവർഷക്കാറ്റിന്റെ ശക്തി വർധിക്കും. പലയിടത്തും തീവ്രമഴ പ്രതീക്ഷിക്കുന്നതിനാൽ വെളളക്കെട്ടും മണ്ണിടിച്ചിലും ഉണ്ടാകാം. വിവിധ ഏജൻസികളുടെ നിരീക്ഷണമനുസരിച്ച് വരുംദിവസങ്ങളിൽ കൂടുതൽ കരുതൽ വേണ്ടിവരും. കാസർകോട്, കണ്ണൂർ ജില്ലകളിലും കോഴിക്കോട് മുതൽ കൊല്ലം വരെയുളള തീരദേശങ്ങളിലുമായിരിക്കും മഴ കൂടുതൽ ശക്തം.
കാലവർഷം ശക്തമായി പെയ്യുമ്പോഴും ഇതുവരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് 12 ശതമാനം മഴക്കുറവ്. 1043.7 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 922.6 മില്ലി മീറ്ററാണ് ലഭിച്ചത്. ജൂണിലെ മഴക്കുറവ് കാരണമാണ് സംസ്ഥാനത്തൊട്ടാകെ മഴക്കുറവുണ്ടാകാൻ കാരണം.
സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കനത്ത മഴയെ തുടർന്ന് അവധി നൽകിയിരിക്കുന്നത്. കണ്ണൂർ, വയനാട്, പാലക്കാട്എന്നീ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കാസർകോട് കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോഴിക്കോട് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഉൾപ്പെടെയുള്ള സ്കൂളുകൾക്കും മാത്രം അവധിയാണ്. ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്ക്, ചിന്നക്കനാൽ പഞ്ചായത്ത് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മലപ്പുറത്ത് അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.