മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ്സ്ട്രൈക്ക് നിശ്ചലമായതോടെ ലോകത്തെ ഐടി സംവിധാനങ്ങൾ പ്രവർത്തനരഹിതം. മൈക്രോസോഫ്റ്റ് വിൻഡോസിലെ സൈബർ സുരക്ഷാ പ്ലാറ്റ്ഫോമായ ക്രൗഡ്സ്ട്രൈക്കാണ് ഇന്ന് രാവിലെയോടെ ലോകമാകെ നിശ്ചലമായത്. ഓസ്‌ട്രേലിയ, ഇന്ത്യ, ജർമനി, യുഎസ്, യുകെ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലെ നിരവധി ഐടി സംവിധാനങ്ങളെ വെള്ളിയാഴ്ചയുണ്ടായ ഈ സൈബർ തകരാർ ബാധിച്ചു.
മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സാങ്കേതിക പ്രശ്‌നം ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളെയും വ്യോമയാന സർവ്വീസുകളെയും സാരമായി ബാധിച്ചിട്ടുണ്ട്. വിമാന കമ്പനികളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ്, ചെക്ക്-ഇന്‍, ബോര്‍ഡിംഗ് പാസ് ആക്സസ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ അവതാളത്തിലായി. ബ്രിട്ടനിലെ സ്കൈ ന്യൂസ് ടിവി ചാനലിന് ഈ സാങ്കേതിക പ്രശ്നം മൂലം പ്രക്ഷേപണം നിർത്തിവയ്ക്കേണ്ടിവന്നു. ഇന്ത്യയിലും വിവിധ എയര്‍പോര്‍ട്ടുകളുടെയും എയര്‍ലൈന്‍ കമ്പനികളുടെയും പ്രവര്‍ത്തനം മൈക്രോസോഫ്റ്റിന്റെ സാങ്കേതിക തടസം കാരണം പ്രതിസന്ധിയിലായിട്ടുണ്ട്. ആഗോളമായി ബാധിക്കുന്ന പ്രശ്നം പരിഹരിക്കാൻ പരിശ്രമം തുടരുകയാണെന്നാണ് ക്രൗഡ്സ്ട്രൈക്ക് നല്‍കുന്ന വിശദീകരണം.
അതേസമയം മൈക്രോസോഫ്റ്റിന്റെ സാങ്കേതിക തകരാർ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിനെ (NIC) ബാധിച്ചില്ലെന്ന് ഇന്ത്യയുടെ ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം മൈക്രോസോഫ്റ്റ് അധികൃതരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം എക്സിലൂടെ അറിയിച്ചു.